1964 ൽ ഭാരതത്തിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് ബോംബെയിൽ വച്ചാണ് നടന്നത്. അതിൽ പരിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സാന്നിധ്യം കൂടി ഉണ്ടായിരിക്കും എന്നറിഞ്ഞതു കൊണ്ട് , മാർപാപ്പയെ നേരിൽ കാണാനും, ആശിർവാദം സ്വീകരിക്കുന്നതിനുമായീ ധാരാളം വിശ്വാസികൾ നാടിന്റെ നാനാഭാഗത്തു നിന്നും അതിൽ പങ്കെടുക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. തൃശ്ശൂരിൽ നിന്ന് അപ്പനടക്കം വളരെയധികം ആളുകൾ ബോംബെയിലേക്ക് പുറപ്പെട്ടത് കപ്പലിലാണ് . കൊച്ചിയിൽ നിന്ന് ബോംബെയ്ക്കെത്താൻ ആ കാലത്ത് വളരെ ദിവസങ്ങൾ എടുത്തിരുന്നു. ആദ്യമായി കപ്പലിൽ യാത്ര ചെയ്യുന്നവരാണ് അവരിൽ അധികവും.
ഇത്ര അധികം ആളുകൾക്ക് ഭക്ഷണം വിളമ്പി തീർക്കുന്നതിന് കപ്പൽക്കാർ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അപ്പൻ അടക്കം കുറച്ചുപേർ വിളമ്പൽ ജോലി സ്വയം ഏറ്റെടുത്തു. ( അപ്പന് അന്ന് 47 വയസൊ മറ്റൊ ആണ് പ്രായം ).ഭക്ഷണം വിളമ്പുന്നതിനു സഹായിച്ചവർക്ക് കപ്പലുകാർ പ്രത്യുപകാരമായി പ്രത്യേക ഭക്ഷണ വിഭവങ്ങൾ നൽകി കൊണ്ടാണ് അവരുടെ സന്തോഷവും , നന്ദിയും അറിയിച്ചത്. പൊതുവേ ഭക്ഷണകാര്യത്തിൽ പ്രത്യേക താല്പര്യമുള്ള അപ്പനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊക്കെ വളരെ ഉഷാറായി.
ഇവരോടൊപ്പം കപ്പലിൽ യാത്ര ചെയ്തിരുന്ന രണ്ടു സഹോദരിമാർ അവരുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് കപ്പലിലെ മുന്തിയ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. അവർക്ക് കിടക്കുന്നതിനും വിശ്രമിക്കുന്നതിനും, പ്രത്യേകമായ സൗകര്യങ്ങൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ ഭക്ഷണ കാര്യത്തിലും. അവർക്ക് രണ്ടുപേർക്കും പ്രത്യേക ഭക്ഷണ വിഭവങ്ങളാണ് റൂമിൽ എത്തിച്ചു കൊടുത്തിരുന്നത്. അത് തിന്നുതീർക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് ഭക്ഷണം , ഭക്ഷിച്ച് അവരെ സഹായിക്കുന്ന വലിയ ചുമതലകാരായി അപ്പനേയും, കൊച്ചുത്രേസ്യ ചേച്ചിയേയും പ്രത്യേകം ക്ഷണിച്ചുകൊണ്ടു പോയിരുന്നു. അവർ രണ്ടുപേരും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. അന്ന് അവിടെ നിന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ ചിലത് ജീവിതത്തിൽ ആദ്യമായി കണ്ടതാണെന്നും മറ്റുമുള്ള വിവരണങ്ങളിൽ നിന്ന് അത് ഇന്ന് നമ്മൾ സുലഭമായി കഴിക്കുന്ന നൂഡിൽസ് ആണെന്ന് തോന്നുന്നു.
അങ്ങിനെ അവർ ബോംബെ പട്ടണത്തിലെത്തി. ബോംബെയിലെ താമസ സ്ഥലത്തുനിന്ന്, ബോംബെ നഗരം ചുറ്റിക്കാണാൻ നഗരവീഥിയിൽ കൂടി തൃശ്ശൂരിന്റെ പൈതൃക ഭാഷയിലുള്ള സംസാര രീതിയിൽ ഉറക്കെ കലപില സംസാരിച്ച് നടന്നു നീങ്ങിയ 30 ഓളം വരുന്ന ചേടത്തിമാരുടെ കൂട്ടത്തെ ആ നാട്ടുകാർ കൗതുകത്തോടെയാണ് നോക്കി കണ്ടത്. അതിന് കാരണമായത് അവരുടെ വസ്ത്രധാരണമാണ്. വളരെ വില കൂടിയ കണ്ണഞ്ചിപ്പിക്കുന്ന സാരി ഉടുത്തവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും മുണ്ടും, ചട്ടയും, ഹാഫ് സാരിയും ധരിച്ച് കഴുത്തിൽ വെന്തിങ്ങയും, കൊന്തയും അണിഞ്ഞ് നടന്നു നീങ്ങുന്ന അവരുടെ പിന്നിലെ വീശറി പോലെയുള്ള ഞെറി നടത്തത്തിനൊപ്പം ആടി കളിക്കുന്ന കാഴ്ചയാണ് ആ നാട്ടുകാരെ ആകർഷിച്ചത്.
ക്രിസ്ത്യാനികളായ സ്ത്രീകൾ പരമ്പരാഗതമായി ആ കാലത്ത് ധരിച്ചിരുന്നു വസ്ത്രമാണ് മുണ്ടും, ചട്ടയും. കുറച്ചു മുതിർന്ന സ്ത്രീകളാണ് വലിയ ഞെറിയുമായി മുണ്ട് ഉടുത്തിരുന്നത്. എൻ്റെ അമ്മാമ്മ ഞായറാഴ്ച്ച പള്ളിയിൽ പോകേണ്ട ഒരുക്കത്തിന് ശനിയാഴ്ച്ച തന്നെ മുണ്ടിൽ ഞെറി ഉണ്ടാക്കി ഇസ്തിരിയിടുന്നതിന് പകരമായി കിടക്കയുടെ അടിയിൽ വെച്ചിരുന്നു. അടക്കി, അടക്കി ഞെറി ഉണ്ടാക്കുന്നതിന് ക്ഷമയോടുകൂടിയ അധ്വാനം കൂടിയേതീരു.നല്ല വിരിഞ്ഞ നീളത്തിലുള്ള ഞെറിയുള്ള മുണ്ട് ഉടുക്കണമെങ്കിൽ ആവശ്യനുസരണം നല്ല വെള്ള പരുത്തി തുണി അളന്നു മേടിക്കുകയാണ് ചെയ്യുക. കനമില്ലാത്ത മറ്റു തുണികൾ കൊണ്ടുള്ള മുണ്ടിൽ ഞെറി ഇട്ടാൽ അത് അഴിഞ്ഞു പോകാതിരിക്കാൻ വളരെ ശ്രദ്ധയോടെ നടക്കേണ്ടതായി വരും.
അളിയന്റെ അമ്മയും, പെങ്ങളും ചന്തമുള്ള ഞെറി ഇടുന്ന കാര്യത്തിൽ പ്രാവീണൃം തെളിയിച്ചവരാണ്. ഇരിഞ്ഞാലക്കുടയിലെ നാട്ടുകാരും, ബന്ധുക്കളും ഞെറിയിട്ട് പഠിക്കുന്നതിന് ഇവരുടെ സഹായം തേടിയിരുന്നു. വളരെ കാലങ്ങൾക്കു മുമ്പ് ക്രിസ്ത്യാനികളുടെ കല്ല്യാണ വീടുകളിൽ തലേദിവസം മുണ്ടും ചട്ടയും മേൽ മുണ്ടും ധരിച്ച് മാർഗംകളി ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ യുവജനോത്സവങ്ങളിൽ ഈ കളി ഒരു മത്സര ഇനമാണ് .
വയസ്സായ അമ്മാമമാർ മുണ്ടും ചട്ടയ്ക്കും ഒപ്പം കസവ് കരയുള്ള പുതമുണ്ടാണ് ധരിച്ചിരുന്നത്. അവരുടെ കാതുകളുടെ മുകളിലായി മേക്കാമോതിരം എന്ന ഒരു വലിയ ആഭരണവും, അതിനു താഴെ ഞാന്ന് കിടക്കുന്ന കാതുകളും മറ്റൊരു കാഴ്ചയാണ്. പുരാതന കാലത്ത് ക്രിസ്ത്യാനികളായ സ്ത്രീകളെ തിരിച്ചറിയുന്നതിനുള്ള ഒരു അടയാളമാണ് ഇത്. കാത് കുത്തുമ്പോൾ അതോടൊപ്പം കാതിൽ ചെറിയൊരു ദ്വാരമുണ്ടാക്കി അതിൽ പല വലുപ്പത്തിലുള്ള സാധനങ്ങൾ വെച്ച് വളരെ കാലത്തെ ശ്രമഫലമായി ഉണ്ടായതാണ് ഞാന്നു കിടക്കുന്ന കാത്.പതിമൂന്നോ, പതിനാലൊ വയസ്സിൽ വിവാഹിതരാകുന്ന പഴയകാലത്ത് ചെറുപ്രായത്തിൽ തന്നെ കാത് ഞാലുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങും. എൻ്റെ അമ്മാമയുടെ തലമുറയോടെ അത് താനെ ഇല്ലാതെയായി.
സ്വർണ്ണത്തിലുള്ള വലിയ മേക്കാമോതിരം എന്ന ആഭരണത്തിൽ അത് പണിത തട്ടാൻമാരുടെ ചില ചിത്രപണികൾ കൂടി ആകുമ്പോൾ ഒന്നര പവനോളം തൂക്കം തോന്നിക്കുന്ന ആഭരണമായി തീരും അത്. എന്നാൽ അത്രയും തൂക്കമുള്ള മേക്കാമോതിരം ഇട്ടാൽ കാതുകൾ പൊട്ടും എന്നതുകൊണ്ട് ഉള്ള് പൊള്ളയായി പണിത് അതിൽ അരിക്ക് നിറക്കുകയാണ് ചെയ്യുക.
കപ്പൽ യാത്ര പൊതുവേ മറക്കാനാവാത്ത പല അനുഭവങ്ങളുടെയും യാത്ര ആയിരുന്നെങ്കിലും കടലിലെ ചോരക്ക് കാരണം പലരും ശർദ്ദിച്ച് അവശരായത് വിഷമത്തിനും കാരണമായി. ഒരു വൈദികന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ കപ്പൽ യാത്ര. അതുകൊണ്ടുതന്നെ കാലത്തും, വൈകുന്നേരവും കൂട്ടായിരുന്നുള്ള പ്രാർത്ഥനയുമുണ്ടായിരുന്നു. അതുപോലെതന്നെ കളിയും തമാശകളുമായിട്ടുള്ള കപ്പൽ യാത്ര രസകരമായിരുന്നു.
അപ്പൻ പൊതുവെ യാത്രകൾ ഇഷ്ടമുള്ള ആളായിരുന്നു. എന്നാൽ തൻ്റെ സോപ്പ് കമ്പനി വിട്ട് ഒരു യാത്ര എന്നത് അപ്പന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങിനെ ഇരിക്കുന്ന അവസരത്തിലാണ് എൻ്റെ കടന്നുവരവ്. അപ്പൻ ബോംബെയിൽ നടക്കാൻ പോകുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കണമെന്ന് മനസാ ആഗ്രഹിച്ചിരുന്നു. അപ്പൻ്റെ കൂട്ടുകാരിൽ പലരും അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു.
ഞങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന സോപ്പുകളുടെ ചേരുവുകളിൽ അപ്പനു മാത്രം അറിയുന്ന ചില രഹസ്യങ്ങൾ ഉണ്ടായിരുന്നു. അതിന്റെ സൂക്ഷിപ്പുകാരനും , സോപ്പ് നിർമാണത്തിന്റെ മേൽനോട്ടക്കാരനുമായി കാര്യങ്ങൾ നടത്താൻ മകനായ എന്നെയാണ് അപ്പൻ തിരഞ്ഞെടുത്തത്. വിശ്വാസത്തോടെ പകർന്നു തന്നെങ്കിലും അപ്പൻ്റെ സാന്നിധ്യത്തിൽ എന്നെക്കൊണ്ട് സോപ്പിന്റെ നിർമ്മാണം നടത്തി ബോധ്യപ്പെട്ടതിനുശേഷമാണ് അപ്പൻ യാത്രയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കിയതുതന്നെ. അന്ന് എനിക്ക് 16 വയസ്സാണ് പ്രായം. സോപ്പ് നിർമ്മാണത്തിനും, വിൽപ്പനയ്ക്കുമായി വളരെയധികം ജോലിക്കാർ സോപ്പ് കമ്പനിയിൽ അന്ന് ഉണ്ടായിരുന്നു.
അന്ന് സോപ്പ് കമ്പനിയിൽ ഉണ്ടായിരുന്നവരിൽ പ്രായം കൊണ്ട് ഞാൻ ഒരു കുട്ടി ആയിരുന്നെങ്കിലും വലിയൊരു ചുമതയാണ് അപ്പൻ എന്നെ ഏൽപ്പിച്ചിരിക്കുന്നത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ജോലിക്കാരെ, സ്നേഹിച്ചും, ബഹുമാനിച്ചും എങ്ങിനെ ഒരു സ്ഥാപനം കൊണ്ടു നടക്കാൻ കഴിയുമെന്നതിനുള്ള ഒരു പരിശീലന കാലഘട്ടം ആയിരുന്നു അത്. നമ്മുടെ സ്ഥാപനത്തിൽ ഒരു കൊച്ചു മുതലാളിയായി ഒരിക്കലും ഇരിക്കരുതെന്നും , തൊഴിലാളികളുടെ ഒപ്പം അവരിൽ ഒരാളായി ജോലികളിൽ സജീവമായി ഇടപ്പെട്ട് പ്രവർത്തിക്കുമ്പോൾ അവനവന്റെ ആരോഗ്യത്തിനും, സ്ഥാപനത്തിന്റെ വളർച്ചയ്ക്കും അതു ഉപകരിക്കുമെന്നും അപ്പൻ എന്നെ ഉപദേശിച്ചിരുന്നു. ചില ദിവസങ്ങളിൽ ഒന്നോ, രണ്ടോ, മൂന്നോ തൊഴിലാളികൾ വരാത്തതു കൊണ്ട് സോപ്പ് നിർമ്മാണത്തിന് മുടക്കം വരാതെ അവർ ചെയ്തിരുന്ന ജോലികൾ ചെയ്ത് ആ വിടവ് നികത്താൻ അപ്പൻ്റെ ആ ഉപദേശം എനിക്ക് പ്രചോദനമായി.
ഏകദേശം ഒരു മാസത്തിനു ശേഷമാണ് അപ്പനും മറ്റും തിരിച്ചെത്തിയത് ഓരോ ദിവസത്തെയും വിശേഷങ്ങൾ ഇൻലെന്റുകളിൽ എഴുതി സൂക്ഷിച്ചിരുന്നത് എല്ലാം ബോംബെയിലെത്തിയപ്പോൾ തപാൽ വഴി അപ്പൻ അയച്ചു തന്നിരുന്നു. ബോംബെയിൽ എത്തിച്ചേർന്നതിനുശേഷം ഓരോ ദിവസങ്ങളിലും നടന്ന സംഭവങ്ങൾ തപാൽ വഴി അയച്ചുകൊണ്ടേയിരുന്നു. സോപ്പ് കമ്പനി പൂട്ടി വീട്ടിലെത്തിയാൽ അപ്പൻ എഴുതിയ എഴുത്ത് അമ്മാമ്മയെ വായിച്ചു കേൾപ്പിക്കുക എന്നതായിരുന്നു എൻ്റെ ആദ്യത്തെ ജോലി. അത് കേൾക്കാൻ അമ്മാമ്മ വീടിന്റെ മുന്നിലെ പൂമുഖത്ത് ഇരിപ്പുണ്ടാകും.