തിരുവിതാംകൂറിലെ ദിവാനായി സേവനമനുഷ്ഠിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനും ഭരണാധികാരിയുമായിരുന്നു മുഹമ്മദ് ഹബീബുള്ള.അദേഹത്തിൻ്റെ ഓർമ്മകളിലൂടെ…
ആഷുക്ക ഹുസൈൻ ഖാൻ സാഹിബിന്റെ മകനായി സെപ്റ്റംബർ 22-നായിരുന്നു ജനനം. ആർക്കോട്ട് രാജകുടുംബത്തിലെ അംഗമായിരുന്നു. ആർക്കോട്ട് നവാബുമാരുമായി അടുത്ത ബന്ധുത്വം ഇദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നു. സൈദപ്പെട്ട് സില്ല ഹൈസ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. നിയമത്തിൽ ബിരുദം നേടുകയും വെല്ലൂരിലെ ബാറിൽ ചേർന്ന ഇദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യാൻ തുടങ്ങി.
ആദ്യകാലം മുതൽ തന്നെ പ്രാദേശിക ബോർഡുകളിലെ രാഷ്ട്രീയത്തിൽ ഹബീബുള്ള സജീവമായിരുന്നു. വെല്ലൂർ മുനിസിപ്പാലിറ്റിയിലെ നോൺ ഒഫീഷ്യൽ ഓണററി ചെയർമാനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. പിന്നീട് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു.
സെക്രട്ടറിയായി ജോലി ചെയ്തതിനു ശേഷം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
പി. രാജഗോപാലാചാരിക്ക് പകരം ഹബീബുള്ള മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ പ്രവർത്തിക്കുകയുണ്ടായി. ചിത്തിര തിരുനാൾ ആണ്ഹബീബുള്ളയെ തിരുവിതാംകൂർ ദിവാനായി നിയമിച്ചത്. ഇദ്ദേഹം ദിവാനായിരുന്ന രണ്ടു വർഷക്കാലത്ത് പല പരിഷ്കാരങ്ങളും നടപ്പിലാക്കപ്പെട്ടു. സിവിൽ സർവീസ്, ഇലക്ടറേറ്റ്, നായർ പട്ടാളം തുടങ്ങി പല രംഗത്തും നവീകരണം നടപ്പിലാക്കപ്പെട്ടു.
സ്ഥാനമേറ്റയുടൻ ഇദ്ദേഹം ഫ്രാഞ്ചൈസി, ഡീലിമിറ്റേഷൻ എന്നീ വിഷയങ്ങൾ പരിഗണിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് നിയമനിർമ്മാണസഭയിൽ മതിയായ പ്രാതിനിദ്ധ്യം ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ഉദ്ദേശം. ക്രിസ്ത്യാനികൾ,ഈഴവർ, മുസ്ലീങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പൊതുവായ മണ്ഡലങ്ങളിൽ കുറച്ച് സീറ്റുകൾ നീക്കിവയ്ക്കുകയുണ്ടായി.
രാജ്യത്തെ സിവിൽ സർവീസിൽ നിയമനം നടത്താനായി ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചു. ജാതി മത വ്യത്യാസങ്ങളിലാതെ ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു ലക്ഷ്യം. 150 രൂപയിൽ താഴെ ശമ്പളമുള്ള തസ്തികകളിൽ സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു മുകളിലുള്ള തസ്തികകളിൽ യോഗ്യത മാത്രമായിരുന്നുവത്രേ ഏക മാനദണ്ഡം. ഉയർന്ന തസ്തികകളിലെ നിയമനം ലഭിക്കുവാൻ എഴുത്തുപരീക്ഷ പാസാവേണ്ടതുണ്ടായിരുന്നു.
പക്ഷേ മതിയായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുന്നതിനായി യോഗ്യത മാത്രം മാനദണ്ഡമാക്കുന്ന ഒഴിവുകൾ 60% മാത്രമായി ചുരുക്കുകയുണ്ടായി. ബാക്കി 40% തസ്തികകളിൽ പരീക്ഷയിലെ മാർക്കിനൊപ്പം സമുദായ പ്രാതിനിദ്ധ്യത്തിനും പ്രാധാന്യം കൊടുത്തിരുന്നു. സൈന്യവും ദേവസ്വവും ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വൻ തോതിൽ വൈദ്യുതിയുത്പാദിപ്പിക്കാനുള്ള ക്ഷമതയുള്ള പള്ളിവാസൽ ജലവൈദ്യുതപദ്ധതി രാജ്യത്ത് ആരംഭിക്കുകയുണ്ടായി.
ഹബീബുള്ളയ്ക്ക് ഇന്ത്യൻ സർക്കാർ ഖാൻ ബഹാദൂർ എന്ന പദവി നൽകി ആദരിച്ചു. അദ്ദേഹത്തെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ സഹചാരിയും ,നൈറ്റ് ബാച്ചിലറും നൈറ്റ് കമാൻഡറായി നിയമിച്ചു.
1948 മേയ് 16-ന് അദ്ദേഹം അന്തരിച്ചു. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ പ്രണാമം..