മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷ കൃപയാലാകുന്നു. ഗ്രീക്ക് ഭാഷയില്‍ കൃപയ്ക്കുപയോഗിച്ചിരിക്കുന്ന പദത്തിന് സന്തോഷഹേതുകം എന്നര്‍ത്ഥമാകുന്നു. സംസ്‌കൃതത്തില്‍ പ്രസാദം എന്നു പറയുന്നു. ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം എന്നു ദൂതന്മാര്‍ പാടുന്നു. (ലൂക്കോ. 2:14.) ദൂതന്മാരും മനുഷ്യരും ദൈവത്തോട് പാപം ചെയ്‌തെങ്കിലും മനുഷ്യന്റെ വീണ്ടെടുപ്പിനു മാത്രമേ ദൈവം വാഗ്ദത്തം തന്നിട്ടുള്ളു. അതു മനുഷ്യ വര്‍ഗ്ഗത്തോടുള്ള കൃപ ഒന്നുകൊണ്ടു മാത്രമാണ്. ദൂതന്മാരെ സംരക്ഷണ ചെയ്യാനല്ല, അബ്രഹാമിന്റെ സന്തതിയെ സംരക്ഷണം ചെയ്യാന് അവന്‍ വന്നത് എന്ന് (എബ്രാ. 2:16-ല്‍) കാണുന്നു.
എന്നാല്‍ സാത്താനു സ്വയം തിരിച്ചുവരുവാന്‍ ദൈവം വാതില്‍ തുറന്നിട്ടിരുന്നതായി വചനത്തിന്റെ വെളിച്ചത്തില്‍ ഊഹിക്കാന്‍ ന്യായം കാണുന്നു. (യോഹ. 12:31-32.) ഇപ്പോള്‍ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തുതള്ളും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അതുവരെയും സാത്താന് തിരികെ വരുവാന്‍ അവസരമുണ്ടായിരുന്നു എന്ന് കരുതാം.
എന്നാല്‍ ക്രിസ്തുവിനെ ക്രൂശിക്കാന്‍ സാത്താന്‍ പിന്‍ബലം കൊടുത്തതു കൊണ്ട് അവനെ എന്നേയ്ക്കുമായി തള്ളിക്കളഞ്ഞു എന്നു മനസ്സിലാക്കണം. അതായത്, അകത്തു വരുവാന്‍ കഴിയാത്ത പുറത്തുതള്ളല്‍ തന്നെ. അവന്റെ മേലുള്ള ശിക്ഷാവിധി എഴുതി മുദ്രയിട്ടു വച്ചു എന്നു സാരം. ക്രിസ്തുവിനെ കൊല്ലുവാനുള്ള സാത്താന്റെ ആലോചന കര്‍ത്താവ് ഉപമയില്‍ വെളിപ്പെടുത്തിയിരിക്കുന്നു. (ലൂക്കോ. 20:13-16.)
ഏതുകാലത്തുമുള്ള രക്ഷ ദൈവത്തിന്റെ കൃപയാല്‍ തന്റെ പുത്രനില്‍ കൂടെ നല്‍കുന്നതാണ്. കൃപയ്ക്ക് പ്രഥമ സ്ഥാനമുണ്ട്. മനഃസാക്ഷി യുഗത്തില്‍ നോഹയ്ക്കു ദൈവകൃപ ലഭിച്ചതായി കാണുന്നു. (ഉല്പ. 6:8.) മഹോപദ്രവ കാലത്തും രക്ഷപ്പെടുന്നവര്‍ രക്ഷ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനമെന്ന് അത്യുച്ചത്തില്‍ ആര്‍ത്തു എന്ന് വെളി. 7:10-ല്‍ കാണുന്നു.
എന്നാല്‍ ന്യായപ്രമാണ യുഗത്തില്‍ രക്ഷയാഗത്താലും, കായക്ലേശങ്ങളാലും പ്രവര്‍ത്തികളാലും ലഭിച്ചിരുന്നു. (ഗലാ. 3:10-12.) പാപം ചെയ്താല്‍ കാരശിക്ഷയും അപ്പോള്‍ത്തന്നെ ലഭിച്ചിരുന്നു.
ന്യായപമാണ് യുഗത്തിലുള്ളവര്‍ അടയാളങ്ങളിലും അത്ഭുതങ്ങളിലും വിശ്വസിച്ച് തങ്ങളുടെ രക്ഷയ്ക്കുറപ്പു വരുത്തിയിരുന്നു. അതുകൊണ്ടാണ് അവര്‍ കര്‍ത്താവിനോട് ആകാശത്തുനിന്ന് അടയാളം ചോദിച്ചത്. ന്യായപ്രമാണ യുഗത്തില്‍ രക്ഷപ്പെട്ടവര്‍ ഇവിടെ തങ്ങള്‍ അന്യരും പരദേശികളുമാണെന്നേറ്റു പറഞ്ഞുകൊണ്ടും, സ്വര്‍ഗ്ഗീയ മായ ഒരു പിതൃദേശത്തെ കാംക്ഷിച്ചുകൊണ്ടും, വിശ്വാസത്തില്‍ ക്ഷീണിക്കാതെ മടങ്ങിപ്പോയി. (എബ്രായ 11:13-16.) എന്നാലും അവര്‍ രക്ഷാപൂര്‍ത്തി പ്രാപിക്കുന്നത്‌നമ്മോടുകൂടി ആയിരിക്കണമെന്ന് ദൈവം നിര്‍ണ്ണയിച്ചതിനാല്‍ അവര്‍ വിശ്വാസത്തില്‍ ക്ഷീണിക്കാതെ അവര്‍ക്കു നേരിട്ട കഷ്ടതകളെ സഹിച്ചുകൊണ്ട് വാഗ്ദത്ത നിവര്‍ത്തി പ്രാപിക്കുമെന്നുള്ള പ്രത്യാശയോടെ ഈ ലോകത്തില്‍ നിന്നു കടന്നുപോയി. (എബ്രാ. 11:40.)