മലപ്പുറം മഞ്ചേരിയിൽ വാഹനാപകടത്തിൽ വ്ളോഗർ ജുനൈദ് (32) മരിച്ചു. കാരക്കുന്ന് മരത്താണി വളവിൽ വെച്ച് റോഡരികിലെ മൺകൂനയിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ബസ് ജീവനക്കാരാണ് റോഡരികിൽ രക്തത്തിൽ കുളിച്ചുകിടന്ന ജുനൈദിനെ ആദ്യം കാണുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്കുള്ള യാത്രയിലായിരുന്നു അപകടം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മാർച്ച് 1ന് മലപ്പുറം പോലീസ് ജുനൈദിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്നാണ് ജുനൈദിനെ പിടികൂടിയത്.