Monday, December 30, 2024
Homeഅമേരിക്കവെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ സപ്തതി നിറവിൽ (രാജു മൈലപ്രാ)

വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ സപ്തതി നിറവിൽ (രാജു മൈലപ്രാ)

രാജു മൈലപ്രാ

ജീവിതയാത്രയിൽ, ദൈവിക വഴിയിലൂടെ ശുശ്രൂഷ ചെയ്‌ത്, കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി വികാരിയായി നിസ്തുല സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ അച്ചൻ സപ്തതിയുടെ നിറവിലെത്തിനിൽക്കുന്നു.

എറണാകുളം ജില്ലയിലെ ഓണക്കൂർ ഗ്രാമത്തിൽ, ശ്രേഷ്ഠ പുരോഹിതന്മാരുടെ ഒരു നീണ്ട നിരയാൽ അനുഗ്രഹീതമായ, പൗരാണിക പ്രൗഢിയുടെ പാരമ്പര്യമുള്ള വട്ടക്കാട്ട്, വാളനടിയിൽ കുടുംബത്തിൽ, പൗലോസ് – ചിന്നമ്മ ദമ്പതികളുടെ മകനായി, 1954 ഒക്ടോബർ 22-നാണ് ജോർജ് പൗലോസ് എന്ന ബാലൻ്റെ ജനനം.

കുടുംബ ഇടവകയിൽ, തൻറെ പിതാവിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞതും, വട്ടശ്ശേരിൽ മാർ ദിവന്നീയോസ് തിരുമേനിയുടെ സെക്രട്ടറി മണലിൽ യാക്കോബ് കത്തനാരുടേയും, പിറവം വലിയപള്ളി വികാരി എരുമപ്പെട്ടിയിൽ തോമസ് കത്തനാരുടേയും മാർഗ്ഗനിർദേശങ്ങളും വൈദീകവൃത്തിയിലേക്കുള്ള വഴികാട്ടിയായി.

വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ

മൂവാറ്റുപുഴ നിർമ്മല കോളജിലും, കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് കോളജിലുമായി ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷം, 1975-ൽ കോട്ടയം ഓർത്തഡോക്‌സ് സെമിനാരിയിൽ നിന്ന് ബി.ഡി. ബിരുദവും, 1982-ൽ ഉദയപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ് .ഡബ്ല്യു ബിരുദവും കരസ്ഥമാക്കി.

ജനീവയിലുള്ള ബോസേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എക്യൂമിനിസത്തിൽ പഠനം പൂർത്തിയാക്കി പതിനഞ്ചാം വയസ്സിൽ, 1969 മെയ് പതിനഞ്ചിന് അഭിവന്ദ്യ മോറാൻ മോർ ഔഗേൻ മെത്രാപ്പോലീത്ത (പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവ) കോറൂയോ പട്ടം നൽകി പൗരോഹിത്യ പദവിയിലേക്ക് ഉയർത്തി. അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി പൂർണ്ണ ശെമ്മാശപട്ടം നൽകി അനുഗ്രഹിച്ചു.

1987 ഡിസംബർ ഇരുപത്തിയാറിന്, ഡൽഹി ഭദ്രാസനാപിനായിരുന്ന അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വൈദീകപട്ടം നൽകി അനുഗ്രഹിച്ചു. ഓർത്തഡോക്സ‌സ് സഭയുടെ വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നേതൃസ്ഥാനത്ത് സജീവമായി പ്രവർത്തിച്ച് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കർമ്മനിരതനായ ഒരു വ്യക്തിയാണ് ബഹുമാനപ്പെട്ട ജോർജ് പൗലോസ് അച്ചൻ.

മലങ്കര സഭയുടെ ആന്ധ്രാപ്രദേശ് ശിശുക്ഷേമ പുനരധിവാസ (റീഹാബിലിറ്റേഷൻ) പ്രവർത്തനങ്ങളുടെ സെക്രട്ടറി, പരുമല മാർ ഗ്രിഗോറിയോസ് ഹോസ്‌പിറ്റൽ കമ്യൂണിറ്റി വെൽഫെയർ പ്രൊജക്ട് കോർഡിനേറ്റർ, ഡൽഹി ഭദ്രാസന കമ്യൂണിറ്റി വെൽഫെയർ പ്രൊജക്ട് സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള പൗലോസ് അച്ചൻ ലോക പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ആയിരുന്ന ഡോ. പൗലോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1988-ൽ ഫരീദാബാദ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ്‌ പള്ളി വികാരി, 1989 മുതൽ കോട്ടയം കങ്ങഴ എം. ജി.ഡി.എം ഹോസ്‌പിറ്റൽ ചാപ്ലെയിൻ എന്നീ തസ്തികകളും അച്ചൻറെ പ്രവർത്തന മണ്ഡലങ്ങളുടെ ഭാഗമാണ്.

1990-ൽ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നിർദേശ പ്രകാരം അമേരിക്കയിലെത്തിയ ജോർജ് പൗലോസ് അച്ചൻ അന്നു മുതൽ ഫ്ളോറിഡയിലെ ടാമ്പായിലാണ് താമസം.

അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനി അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന കാലത്ത് സൗത്ത് ഈസ്റ്റ് റീജിയൻ എം.ജി.ഒ.സി.എസ്.എമ്മിൻറെ പ്രഥമ വൈസ് പ്രസിഡൻ്റായി അനേക വർഷം സേവനം അനുഷ്‌ഠിച്ചിട്ടുള്ള അച്ചൻ അച്ചനായിരുന്നു ആ റീജിയനിലെ പ്രഥമ ഫാമിലി കോൺഫറൻസിൻ്റെ കോർഡിനേറ്റർ ചുമതലയും. പിന്നീട് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മാർത്തമറിയം സമാജത്തിന്റെ പ്രഥമ വൈസ് പ്രസിഡൻ്റായും, മെൻ്റൽ ഹെൽപ്പ്ത് ഡയറക്ടറായും മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവെച്ചു.

കഴിഞ്ഞ 35 വർഷങ്ങളായി ടാമ്പായിലെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയായി സേവനം അനുഷ്‌ഠിക്കുന്ന ബഹുമാനപ്പെട്ട അച്ചൻ, ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടേയും ആവശ്യങ്ങൾ അന്വേഷിച്ചറിഞ്ഞ്, അവർക്ക് ആവശ്യമായ സഹകരണവും സഹായവും പിന്തുണയും നല്കുന്നു.

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, ടാമ്പാ

ഇടവകയിലെ എല്ലാ ആത്മീയ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ട്, അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു. അതുകൊണ്ടുതന്നെ. സൺഡേ സ്‌കൂൾ, മാർത്തമറിയം സമാജം തുടങ്ങിയ ഇടവക പ്രസ്ഥാനങ്ങൾ ഭദ്രാസന തലത്തിൽ അംഗീകാരങ്ങൾ നേടുന്നു. ആത്മീയ വളർച്ചയ്ക്കൊപ്പം ഇടവകയുടെ ഭൗതീക ഉന്നമനത്തിനും അച്ചൻ പ്രധാന്യം നൽകുന്നു. ആരാധനാലയത്തിലും പരിസരത്തിലും കാലാനുസൃതമായ നവീകരണ പ്രവർത്തനങ്ങൾ നിരന്തരം നടത്തുന്നു.

സുതാര്യമായ ഒരു പ്രവർത്തനശൈലിയാണ് ബഹുമാനപ്പെട്ട അച്ചൻ സ്വീകരിച്ചിട്ടുള്ളത്. ഇടവകയിലെ ചെറുതും വലുതുമായ ഓരോ വിഷയങ്ങളും യഥാസമയം ഇടവകാംഗങ്ങളെ അറിയിച്ച്, അവരുടെ അഭിപ്രായങ്ങൾ മാനിച്ച് മുന്നോട്ട് പോകുന്ന ഒരു ഭരണ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്.

ബഹുമാനപ്പെട്ട പൗലോസ് അച്ചൻ സഭയ്ക്കും, ഇടവകയ്ക്കും, സമൂഹത്തിനും നൽകിപ്പോരുന്ന നിസ്തുല സേവനങ്ങൾക്കുള്ള അംഗീകാരമായി, ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിലിൻ്റെ തീരുമാനം അനുസരിച്ച്, 2020 മാർച്ച് 14-ന് തൃശൂർ ഭദ്രാസനാദിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസിന്റെ പ്രധാന കാർമികത്വത്തിൽ ഉന്നത പദവിയായ ‘കോർഎപ്പിസ്കോപ്പ’ സ്ഥാനം നൽകി ആദരിച്ചു.

മുപ്പത് വർഷത്തോളം ‘Department of Aging Services in Tampa’ യിൽ സോഷ്യൽ വർക്കറായി പ്രവർത്തിച്ചിട്ടുള്ള അച്ചൻ, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡ, സെൻ്റ് ലിയോ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അച്ചൻ്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി ‘ഹിൽസ് ബറോ കൗണ്ടി’ നിരവധി തവണ അവാർഡുകൾ നൽകി ആദരിച്ചു.

ഓർത്തഡോക്സ‌് സഭയോടുള്ള കൂറും വിശ്വാസവും എക്കാലവും പുലർത്തുന്ന ജോർജ് പൗലോസ് അച്ചൻ, മറ്റ് സഹോദരീ സഭകളോടും, സാമുദായിക സംഘടനകളോടും സൗഹാർദ്ദപരമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. അതിനൊരു മികച്ച ഉദാഹരണമാണ് ഈയടുത്തകാലത്ത് രൂപീകരിച്ച ‘സീനിയർ വെൽനസ് ഫോറം’. മലയാളി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന, മുതിർന്ന പൗരന്മാരുടെ ശാരീരികവും, മാനസീകവും, സാമ്പത്തികവുമായ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിക്കുകയും, നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

അതിന്റെ അടുത്ത പടിയായി മലയാളി സീനിയർ സിറ്റിസൺസിനായി ടാമ്പാ ഏരിയായിൽ, ഒരു കമ്യൂണിറ്റി സംവിധാന ശൈലിയിൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങളുടെ ഉപദേശക സമിതി ചെയർമാനായി ബഹുമാനപ്പെട്ട പൗലോസ് അച്ചനെയാണ് അംഗങ്ങൾ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിട്ടുള്ളത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ജോർജ് പൗലോസ് അച്ചൻ നൽകിയിട്ടുള്ളത്. ഇടവക ജനങ്ങളുടെ സഹായ സഹകണത്തോടെ നിർധനരായ അനേകം കുടുംബങ്ങൾക്ക് ജാതി മത ഭേദമെന്യേ നിരന്തരം സഹായം നൽകിപ്പോരുന്നു.

ഡയോസിസ് ഓഫ് സൗത്ത് ഈസ്റ്റ് അമേരിക്ക 2022-ൽ ആരംഭിച്ച ‘സ്നേഹസ്‌പർശം’ പദ്ധതിക്ക് നാല് വീടുകൾ പണിയുമാനായി ഓണക്കൂറിൽ തൻ്റെ സ്വന്തം സ്ഥലം പരിശുദ്ധ സഭയ്ക്ക് ഇഷ്ടദാനമായി നൽകി മാതൃകയായി.

കുടുംബം: ടിസിൽ, ജിൻസി, സെയിൻ, ഷീബ (കൊച്ചമ്മ), കൃപ, ബേസിൽ.

1987-ൽ വിവാഹിതനായ ജോർജ് പൗലോസ് അച്ചൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിൻ്റെ സഹധർമ്മിണി ഷീബാ (കൊച്ചമ്മ) താങ്ങും തണലുമായി ഒപ്പമുണ്ട്. കുടുംബ സമേതം ടാമ്പായിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അച്ചന് ജിൻസി, ബെയ്‌സിൽ എന്നീ രണ്ട് മക്കളാണുള്ളത്.

സ്വന്തം ജന്മദേശത്തും, ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും സേവനം അനുഷ്ഠിക്കുന്നതിനുള്ള അപൂർവ്വ അവസരം ലഭിച്ചിട്ടുള്ള ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പ സഭയുടേയും സമൂഹത്തിന്റേയും ആദരവും അംഗീകാരവും നേടിയ ഒരു വിശിഷ്ട വ്യക്തിത്വത്തിനുടമയാണ്.

സപ്തതിയുടെ നിറവിൽ എത്തി നിൽക്കുന്ന ബഹുമാനപ്പെട്ട ജോർജ് പൗലോസ് കോർഎപ്പിസ്കോപ്പ അച്ചന് പ്രാർത്ഥനാ നിർഭരമായ ആയുരാരോഗ്യങ്ങൾ നേരുന്നു….

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments