ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി
ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയാണ് വനം വകുപ്പിന് കൈമാറിയത്.
മൂന്ന് വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയുള്ള നടപടി ശബരിമലയിലെ തീർത്ഥാടന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഉപകാരപ്പെടുമെന്നും ശബരിമലയിലേക്കുള്ള ചരക്ക് ഗതാഗതവും തീർത്ഥാടകരുടെ യാത്രാസൗകര്യവും സുഗമമാകുമെന്നും മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. വകുപ്പുകളുടെ വേഗത്തിലുള്ള ഇടപെടൽ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിലാക്കിയെന്നു മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഭൂമി കൈമാറ്റം നടപടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാരെ റവന്യൂ മന്ത്രി അഭിനന്ദിച്ചു.
തീർഥാടന പാതയിൽ ലഭിക്കും ‘പമ്പാ തീർത്ഥം’
തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
‘റിവേഴ്സ് ഓസ്മോസിസ് ‘(RO) പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് ഇതിനായുള്ളത്. പമ്പ ത്രിവേണിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ട് ലക്ഷം ലിറ്റർ, 1. 35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ട് ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്.
ഇത് കൂടാതെ പാണ്ടിത്തളത്തിന് സമീപം ദേവസ്വം ബോർഡിൻറെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകൾ ഉണ്ട് . കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ വാട്ടർ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പമ്പ ഹിൽ ടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു.
ഹിൽടോപ്പിൽ ചെറു വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനേ ത്തുടർന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാൻ നടപടിയെടുത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
*ഭക്തർക്ക് സഹായമായി ഫിസിയോതെറാപ്പി സെൻ്ററുകൾ*
മലകയറി വരുമ്പോൾ മസിൽ വലിഞ്ഞു മുറുകൽ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവരെ സഹായിക്കാൻ ഫിസിയോ തെറാപ്പി സെൻ്ററുകൾ രണ്ടിടത്ത് പ്രവർത്തിക്കുന്നു. ശബരീ പീഢത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുള്ളത്.
മസിൽ കോച്ചിവലിക്കൽ, ഉളുക്ക്, കൈകാൽ വേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടാകുന്ന വർ ധാരാളമായി ഇവിടെ ചികിത്സ തേടുന്നുണ്ട്. ദിവസവും ഇരുനൂറോളം പേർ ഇവരുടെ സഹായം തേടുന്നു.
ശരംകുത്തിയിൽ മൂന്നും സന്നിധാനത്ത് ഒന്നും ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്.
അയ്യപ്പ ഭക്തർക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാർ, ശുചീകരണത്തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങിയവർക്കൊക്കെ ഈ കേന്ദ്രങ്ങൾ ആശ്വാസമാണ്.ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെൻ്ററും ചേർന്ന് ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്.