Sunday, November 24, 2024
Homeകഥ/കവിതകനവ്. (കഥ) ✍ബെന്നിസെബാസ്ററ്യന്‍.

കനവ്. (കഥ) ✍ബെന്നിസെബാസ്ററ്യന്‍.

ബെന്നിസെബാസ്ററ്യന്‍

ജോലികഴിഞ്ഞ് കവലയിലെത്തിയപ്പോളാണ് മാധവേട്ടന്‍റെ വിളി കൊടിമരങ്ങള്‍ക്കു പിറകിലെ പലചരക്കു കടയുടെ മുകള്‍ നിലയിലെ ലൈബ്രറിയില്‍ നിന്നാണ്

എന്താണ്..?

ഇതിലേയൊന്നു കേറീട്ടു പോകോ…
ഇന്നിത്തിരി തിരക്കുണ്ട് നാളെ മതിയോ..

അല്ലടോ ഒരു ചെറിയകാര്യം രണ്ട് മിനിററ്..

ഞാനവിടെ കേറിവരാന്‍ അഞ്ചുമിനിററ് വേണോല്ലോ അപ്പോളാ ഒരു രണ്ട് മിനിററ്..

ഒന്നാം നിലയില്‍ നിന്നു നോക്കുമ്പോള്‍ സിററിയുടെ താഴത്തെ അററം കാണാം.
താഴെ ആരോ മീന്‍ കച്ചവടം നടത്തുന്ന ശബ്ദം കേള്‍ക്കാം.

ശരി പറ മാധവേട്ടാ..

അത്…നമ്മുടെ പട്ടണത്തിലൊരു അനാഥകുട്ടികളെ വളര്‍ത്തുന്നൊരു സ്ഥാപനം ഉണ്ട് .

അതിന് ..?

ജീവിതത്തിന്‍റെ പുകുതി കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാത്ത തങ്ങളെ കൊണ്ട് അവിടുന്നെങ്ങാനും ദത്തെടുപ്പിക്കാനുള്ള പരിപാടിയാണോ… അവള് രമണി ഒരിയ്ക്കലും സമ്മതിക്കില്ല…

അങ്ങിനാരുന്നേല്‍ എത്രയോ കാലം മുന്‍പേ ചെയ്യാമായിരുന്നു. ഇനിയത് വേണ്ട…

ഞാന്‍ വിളിച്ചത്..
ഞാനാദ്യം പറഞ്ഞില്ലേ കുട്ടികളുടെ സ്ഥാപനം കുറെ കുട്ടികളുണ്ട് അവരെയെല്ലാം നമുക്ക് വിശ്വസിയ്ക്കാവുന്ന,, അയക്കാന്‍ പററുന്ന വീടുകളിലേയ്ക്ക് ഒരാഴ്ച്ചത്തേയ്ക്ക് ദത്ത് വിടുന്നു.

ആരോരുമില്ലാത്ത …

വീട് എന്തെന്നറിയാത്ത കുടുംബബന്ധങ്ങളെന്തന്നറിയാത്ത കുട്ടികളെ ഒരാഴ്ച്ചത്തേയ്ക്ക് ഓരോ ചെറിയ സ്വര്‍ഗ്ഗങ്ങളിലേയ്ക്ക് അയക്കുകയാണ്. അവര്‍ക്ക് പലതും അതില്‍ നിന്ന് പഠിക്കാന്‍ സാധിക്കും ഞാന്‍ തന്നെ വിളിച്ചതും അതിന് തന്നാണ്, ഒരാളെ… ഒരു കുട്ടിയെ ഒരാഴ്ച്ചത്തേയ്ക്ക് താന്‍ നോക്കണം…

അത് പററില്ല മാധവേട്ടാ അവള് സമ്മതിയ്ക്കില്ല.

എനിയ്ക്കതറിയാം ഞാന്‍ രമണിയുമായി സംസാരിച്ചു പകുതി സമ്മതം മൂളിയിട്ടുണ്ട് ബാക്കി താന്‍ സമ്മതിപ്പിക്കണം..

അങ്ങിനാണ് ഞായറാഴ്ച്ചയവള്‍ വീട്ടിലേയ്ക്കുവന്നത്. മാധവേട്ടനും ശിശുക്ഷമ സമിതിപ്രവര്‍ത്തകരും ഒരു കാറിലാണ് വന്നത്. അവരുടെ കൂടെ എട്ടുവയസ്സു വരുന്നൊരു പെണ്‍കുട്ടി മുടിയൊക്കെ രണ്ടായി പിന്നിയിട്ട്, മാറത്തടുക്കിപ്പിടിച്ച ബാഗുമായി അപരിചിതമായ ലോകത്തെത്തിയ, പകപ്പോടെ അവള്‍ നിന്നു.

അയാളും രമണിയും അവള്‍ക്കൂള്ള മുറി കാണിച്ചു കൊടുത്തു. ജനല്‍ തുറന്നിട്ടാല്‍ കുലവെട്ടാറായ വാഴത്തോട്ടത്തിലേയ്ക്ക്, നല്ല കാററും വെളിച്ചവും ആ മുറിയിലേയ്ക്ക് കിട്ടും.

ഇന്നലെ വരെ ജീവിച്ച അന്തരീക്ഷത്തില്‍ നിന്നും മാറിയതുകൊണ്ടാവാം പന്തം കണ്ട പെരുച്ചാഴിയെപ്പോലൊരു പകപ്പ് അവളുടെ മുഖത്തുണ്ട്. അവളെ കൊണ്ടുവന്നവരും വന്ന വണ്ടിയും മുററത്ത് കറുത്ത പുക അവശേഷിച്ച് പോയി.

കുറച്ചു കഴിഞ്ഞിട്ടും അവളെ കാണാഞ്ഞിട്ടവരാ, മുറിയിലേയ്ക്ക് ചെന്നു. ആ കുട്ടിയാ കട്ടിലില്‍ കാലും താഴേയ്ക്ക് തൂക്കിയിട്ട് ബാഗും മാറോടടുക്കിപ്പിടിച്ച് നിലത്തേയ്ക്ക് നോക്കിയിരിപ്പുണ്ട്. അവരെ കണ്ടവള്‍ പതിയെ കട്ടിലില്‍നിന്നും ഊര്‍ന്നിറങ്ങി.

മോളെന്താ ഇവിടെ ഇരിയ്ക്കുന്നേ വാ വീടെല്ലാം കാണേണ്ടേ..

അവള്‍ മുഖമുയര്‍ത്തി അയാളെ നോക്കി. രമണി അവളുടെ തോളത്തു പിടിച്ച് പുറത്തേയ്ക്കു കൊണ്ടുപോയി. വൈകിട്ട് ഊണ് കഴിയ്ക്കുമ്പോളും അവള്‍ നിശബ്ദയായിരുന്നു. എന്തോ ഓര്‍ത്തിരിയ്ക്കുന്നതു പോലെ, ഇടയ്ക്ക് വാരിയെടുത്ത ചോറ് എന്തു ചെയ്യണമെന്നറിയാത്ത പോലെ ഒരു നിമിഷം നിശ്ചലം..

രാത്രിയില്‍ അവളെമുറിയിലാക്കി വന്ന് കിടക്കുമ്പോള്‍ രമണിപറഞ്ഞു.

വേണ്ടായിരുന്നു. ഇതൊരു തൊല്ലയായോ ആവോ..

അയാളൊന്നും മിണ്ടിയില്ല. രാവിലെ അയാള്‍ ഓഫീസിലേയ്ക്ക് പോകുമ്പോള്‍ രമണിയും അവളും അടുക്കളയിലാണ്, ഓഫീസിലെത്തി ജോലിയിലേയ്ക്ക് കടന്നതേ അയാള്‍ എല്ലാം മറന്നു. ഇടയ്ക്ക് രമണി വിളിച്ചു.

വരുമ്പോള്‍ എന്തേലും പലഹാരം വാങ്ങണേ..

വൈകിട്ടയാളെത്തുമ്പോള്‍ രമണിയും കുട്ടിയും തൊടിയിലൂടെ നടക്കുകയാണ്. രമണിയുടെ കൈയ്യില്‍ തൂങ്ങിയാണ്‌ അവളുടെ നടപ്പ്. അയാളെ കണ്ടവര്‍ മുററത്തേയ്ക്ക് വന്നു.

അയാള്‍ കൈയ്യിലിരുന്ന ബാഗ്‌ രമണിയെ ഏല്‍പ്പിച്ചു.

അയാളാ വരാന്തയില്‍ കിടന്ന കസേരയിലിരുന്നു. ബാഗ് തുറന്ന രമണി ഒരു പേപ്പര്‍ പൊതിയെടുത്തു. അവളതു തുറന്നു മധുരസേവ…

അവളുടെ ഇഷ്ട പലഹാരം അവള്‍ പറഞ്ഞു

ഞാന്‍ ചായയെടുത്തോണ്ടുവരാം.

അപ്പോളാ കുട്ടി പറഞ്ഞു..

അമ്മേ.. അമ്മച്ചി ഞാനെടുത്തോണ്ട് വരാം …

അയാള്‍ അത്ഭുതത്തോടെ അവളേയും രമണിയേയും നോക്കി. രമണിയുടെ മുഖമാകെ ചുവന്നു തുടുത്ത് കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി.

ഫ്ളാസ്ക്കിലെ ചായയും മൂന്നു ഗ്ളാസും കൂട്ടിപ്പിടിച്ചവള്‍. അവളാ മധുരസേവ കറുമുറാന്ന് കടിച്ചു പൊട്ടിച്ചു തിന്നാന്‍ തുടങ്ങി.

ഇടയ്ക്കവള്‍ മുഖമുയര്‍ത്തി രമണിയെ നോക്കി രമണിയോട്

ഞാനെന്താ വിളിയ്ക്കേണ്ടേ..?

ആരെ..?

അവള്‍ ചൂണ്ടുവിരല്‍ അയാളുടെ നേരെ ചൂണ്ടി.

അച്ഛാന്നു വിളിച്ചോ

അതയോ..?

അവള്‍ എന്തോ ആലോചിച്ചു. അയാള്‍ പറഞ്ഞു .

അച്ഛായെന്നല്ല മോള് അച്ചാച്ചീന്നു വിളിയ്ച്ചാല്‍ മതി.

അവള്‍ തലയാട്ടി. അയാളും അയാളുടെ ചാച്ചനേയും അങ്ങനായിരുന്നു വിളിച്ചിരുന്നത് . രമണി അത്ഭുതത്തോടെ അയാളെ നോക്കി. രാത്രി അയാള്‍ മുറിയിലിരിയ്ക്കുമ്പോള്‍ അവള്‍ വാതിക്കല്‍ വന്നു വിളിച്ചു.

അച്ചാച്ചീ ചോറുണ്ണാന്‍ വായോ..

പെട്ടന്നയാളുടെ തൊണ്ടയിലൊരു തേങ്ങല്‍ കുതിച്ചുയര്‍ന്നു. കണ്ണുകളെന്തിനോ നനഞ്ഞു.

പിറേറന്നയാള്‍ ജോലികഴിഞ്ഞു വന്ന് വരാന്തയിലിരുന്നപ്പോള്‍ അവളു വന്ന് കാല്‍ച്ചുവട്ടിലിരുന്ന് നഖം വെട്ടിയുപയോഗിച്ചയാളുടെ കാല്‍വിരലിലെ നഖമെല്ലാം വെട്ടി.

അയാള്‍ രമണിയെ നോക്കി അവളൊരു ചെറുചിരിയോടെ ആ കുഞ്ഞിനെ തന്നെ നോക്കിയിരിയ്ക്കുകയാണ്.

കൈകഴുകിവന്ന അവള്‍ അവരോടൊപ്പമിരുന്നു. പലതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഇടയ്ക്കെഴുന്നേററയാളുടെ മീശയുടെ രണ്ടററവും പിരിച്ചു വച്ചു എന്നിട്ട് കുറച്ചു മാറിനിന്നു നോക്കി. പിന്നെ പിരിച്ചു വച്ച മീശ താഴേയ്ക്കാക്കി. അതിനുശേഷമയാളുടെ മുടിയിലൂടെ വിരലോടിച്ചു.
ആഹാ..
എന്നും പറഞ്ഞ് നരച്ചമുടികള്‍ പറിച്ചുതുടങ്ങി. ചിലപ്പോളയാള്‍ക്ക് വേദനിച്ചു പക്ഷേ,അതൊരു സുഖമുള്ള വേദനയായി അയാള്‍ക്ക് തോന്നി .

പിറേറന്നയാള്‍ ലീവെടുത്തു രമണിയേയും മോളേയും കൂട്ടി പട്ടണത്തില്‍ പോയി തീയേറററില്‍ കയറി സിനിമകണ്ടു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തീയേറററില്‍ പോകുന്നത്. ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചു. മോള്‍ക്കും രമണിയ്ക്കും കുറച്ചു ഡ്രസ്സ് വാങ്ങി . രമണി ചോദിച്ചു

മോള്‍ക്കൊരു കൊലുസുവാങ്ങിയാലോ.?

നിറയെ മണികളുള്ള വീതിയുള്ളൊരു കൊലുസ് വാങ്ങി.
രാത്രി ഊണു കഴിഞ്ഞ് വരാന്തയിലിരിക്കുമ്പോളാണ് മാധവേട്ടന്‍റെ ഫോണ്‍ വന്നത് .

എന്താ മാധവേട്ടാ…?

ആ കുട്ടിയെങ്ങനുണ്ട് ?
കുഴപ്പമില്ല .

കുഴപ്പമുണ്ടേലും രണ്ട് ദിവസം കൂടി സഹിയ്ക്കണം. ശനിയാഴ്ച്ച തിരിച്ചു കൊണ്ടുവിടാം.

ഫോണ്‍ കട്ടായതയാളറിഞ്ഞില്ല . അപ്പോളാണയാളോര്‍ക്കുന്നത് അവള്‍ തന്‍റെ മോളല്ലന്ന് ഏതോ നാട്ടില്‍ ആര്‍ക്കോ ജനിച്ച് എവിടയോ ഉപേക്ഷിക്കപ്പെട്ടൊരു കുഞ്ഞാണ് എന്നത് . അയാളവരെ നോക്കി രമണിയുടെ മടിയില്‍ തലവച്ച് കിടക്കയാണവള്‍. അവര്‍ തമ്മിലെന്തോ പറഞ്ഞ് ചിരിയ്ക്കുന്നുണ്ട്. മോള് കൈയ്യെത്തിച്ച് രമണിയുടെ മൂക്കിന്‍ തുമ്പില്‍ പിടിയ്ക്കുന്നു. മാധവേട്ടനെ വിളിച്ച് മോളെ തരാന്‍ സൗകര്യമില്ലെന്നു പറഞ്ഞാലോ..അയാളെന്തു പറയും പോലീസുമായി വന്നു കൊണ്ടു പോകുമോ..? ഒന്നും വേണ്ടായിരുന്നു ഇനി രമണിയോടെങ്ങനെ പറയും അവളെങ്ങനെ പ്രതികരിയ്ക്കും..?

രാത്രി കിടന്നപ്പോള്‍ അയാള്‍ സീലിംഗിലെ കറങ്ങുന്ന ഫാനിലേയ്ക്ക് നോക്കി രമണിയോട് പറഞ്ഞു.

നാളെ കഴിഞ്ഞവളെ കൊണ്ടു പോകാന്‍ ആളുവരും.

പററില്ല അവളെ ഞാന്‍ വിടില്ല.

നീയെന്താ പറയുന്നത് ഒരാഴ്ച്ചത്തേയ്ക്ക് മാത്രം വന്നതല്ലേയവള്‍..?
അതൊന്നുമെനിയ്ക്കറിയേണ്ട ഞാന്‍ സമ്മതിയ്ക്കില്ല.

അതിനവര്‍ക്ക് നമ്മുടെ സമ്മതം വേണോ..

വേണം നമ്മുടെ മോളെ കൊണ്ടു പോകാന്‍ ..

നീയെന്താ രമണിയീപ്പറയുന്നത് വല്യബോധ്യവുമുണ്ടോ..?

വെള്ളിയാഴ്ച്ചയും കടന്നു പോയി രമണിയ്ക്ക് അന്നു മുഴുവന്‍ തലവേദനയായിരുന്നു . ഇടയ്ക്കിടയ്ക്കവള്‍ മൂക്കു തുടച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച്ച രാവിലെ പത്തു മണിയോടെ മാധവേട്ടനും കൂട്ടരും വന്നു. മോള്‍ രാവിലെ തന്നെ മൂഡോഫ് ആയിരുന്നു. രമണി മരണവീട്ടിലെത്തപ്പെട്ടതുപോലെ ഒന്നിലും ശ്രദ്ധിക്കാനാവാതെ, വീടിനുള്ളിലൂടലഞ്ഞു തിരിഞ്ഞു നടന്നു.
അയാളും മോളും കൂടി വന്നവര്‍ക്ക് ചായകൊടുത്തു.
മാധവേട്ടന്‍ മോളോട് വിശേഷങ്ങള്‍ തിരക്കി.
എന്നാ നമുക്കിറങ്ങിയാലോ അവള്‍ തലയാട്ടി.

രമണി മാധവേട്ടായെന്നു വിളിച്ചു അയാള്‍ രമണിയെ നോക്കിപ്പറഞ്ഞു.

ഇടയ്ക്ക് മോളെ വിടാം രമണി, ഇവന്‍ രാവിലെ വിളിച്ചിരുന്നു. നിയമപരമായി ഇവളെ കൊണ്ടുവരാന്‍ നമുക്ക് നോക്കാം..

മുററത്ത് വണ്ടി സ്ററാര്‍ട്ടായി,
മോള്‍ ബാഗുമെടുത്തു വണ്ടിയില്‍ കയറി.

വണ്ടി മുററത്തുനിന്നും വഴിയിലേയ്ക്കിറങ്ങി പാടത്തിനപ്പുറം കടന്ന് പോയി. രമണി അയാളുടെ തോളില്‍ ചാരി കണ്ണീരോടെ നിന്നു.

വീടിനുള്ളിലേയ്ക്ക് പോയ അവള്‍ അയാളെ വിളിച്ചു. അവിടെ മോളുടെ മുറിയില്‍ കട്ടിലില്‍ അവളുടെ കൊലുസ് രണ്ടും നിവര്‍ത്തിയിട്ടിട്ടുണ്ട്. അവളാ കൊലുസ് കൈയ്യിലെടുത്തു അവളുടെ ചിരിപോലെ അതിന്‍റെ മുത്ത് കിലുങ്ങി.

ഒരാഴ്ച്ച രാജകൊട്ടാരമായിരുന്ന ആ വീട് നിശബ്ദതയിലാഴ്ന്നു.
ഏതേലും ഒരു ദിവസം അമ്മേ.. അമ്മച്ചീ..
അച്ചാച്ചീയെന്നും വിളിച്ച് അവള്‍ ഈ പടികടന്നു വന്നേക്കാം .അതുവരെ ആ വരവിനായി ആ വീട് മിഴിയടച്ച് ധ്യാനത്തിലേയ്ക്ക് ആഴ്ന്നു പോയി…

✍ബെന്നിസെബാസ്ററ്യന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments