Friday, October 18, 2024
Homeലോകവാർത്തയുഎസിൽ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന മൂന്നാമത്തെ വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു

യുഎസിൽ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന മൂന്നാമത്തെ വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു

യു എസ്–യു എസിൽ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന മൂന്നാമത്തെ വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. വ്യാപക പരിശോധന നടത്തിയ ആരോഗ്യ പ്രവർത്തകർ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളിലാണ് പശുക്കൾക്കിടയിൽ പക്ഷിപനിയുള്ളതായി കണ്ടെത്തിയത്. സാധാരണയായി പക്ഷികളുമായി അടുത്ത് ഇടപഴകുമ്പോഴാണ് പക്ഷിപ്പനി മനുഷ്യരെ ബാധിക്കാറുള്ളത്.

ഏപ്രിൽ ഒന്നിന് ടെക്സസിൽ നിന്നുള്ള ജോലിക്കാരനാണ് ആദ്യം പക്ഷിപ്പനി ബാധിച്ചത്. തൊട്ടുപിന്നാലെ മിഷിഗനിൽ നിന്നുള്ള വ്യക്തിക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇയാളും ഡെയറി ജോലിക്കാരനാണെന്ന് മനസ്സിലാക്കിയതോടെയാണ് പശുക്കളിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത അധികൃതർ പരിശോധിച്ചത്. പൊതുജനാരോഗ്യ മേഖലയിൽ ഈ രോഗം കാര്യമായ അപകടം സൃഷ്ടിക്കുകയില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.

 

എന്നാൽ സാധാരണയായി പക്ഷികളിലും പൌൾട്രികളിലും കാണപ്പെടുന്ന H5N1 അഥവാ പക്ഷിപ്പനി സസ്തനികളിലൂടെ കൂടി പകർന്നുവെന്നത് ആശങ്ക പകരുന്ന കാര്യമാണ്. പക്ഷികളിൽ നിന്ന് പകരുന്ന വൈറസ് ബാധ വലിയ അണുബാധയിലേക്ക് മനുഷ്യനെ നയിക്കാറുണ്ട്. ഈ സാഹചര്യത്തിൽ പശുവിനെ പോലെ മറ്റു ജീവികളിലേക്ക് കൂടി രോഗം പകരുന്നത് മനുഷ്യനെ കൂടുതൽ അപകടത്തിലാക്കും. മനുഷ്യർക്കിടയിൽ 3 പേർക്ക് രോഗം പകർന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് ഇൻഫ്ലുവൻസ വിദഗ്ദർ വ്യക്തമാക്കുന്നു. മനുഷ്യനിലേക്ക് അനായാസം പകരുന്ന തരത്തിൽ H5N1 വൈറസിന് മാറ്റങ്ങൾ സംഭവിക്കുന്നു എന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞർ നൽകുന്നത്.

പശുക്കളിൽ കണ്ടെത്തിയ വൈറസ് ബാധ കഴിഞ്ഞ രണ്ടു വർഷമായി ആഗോളതലത്തിൽ പക്ഷികളിലും പൌൾട്രിയിലും കാണപ്പെടുന്ന വൈറസിൻ്റെ ഉപവിഭാഗം തന്നെയാണ്. യുഎസിൽ നിലവിൽ പശുക്കളിലുള്ള രോഗബാധ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. എന്നാൽ റീട്ടെയിൽ പാലിൻ്റെ ദേശീയ സർവേയുടെ ഭാഗമായി പരിശോധിച്ച അഞ്ചിൽ ഒന്ന് സാംപിളുകളിലും എച്ച് വൈ എൻ വൺ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി യുഎസ് ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ആകെ 297 സാംപിളുകളിൽ കണ്ടെത്തിയ വൈറസ് ബാധ പാൽ പാസ്ചറൈസ് ചെയ്തപ്പോൾ നിർജ്ജീവമായി മാറി. അതുകൊണ്ട് തന്നെ പാൽ സപ്ലൈ സുരക്ഷിതമാണെന്നും പാസ്ചറൈസ് ചെയ്ത പാലിൽ നിന്ന് രോഗം പകരില്ലെന്നുമാണ് അധികൃതർ കരുതുന്നത്. എന്നാൽ പാസ്ചറൈസ് ചെയ്യാതെ പാൽ നേരിട്ട് കുടിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. രോഗബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്ത പശുക്കളിലും വൈറസ് ബാധിച്ചിട്ടുണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

എങ്ങനെയാണ് രോഗം പകരുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമില്ല. എന്നാൽ പക്ഷികളിൽ നിന്ന് പശുക്കളിലേക്കും, പശുക്കളിൽ നിന്ന് പശുക്കളിലേക്കും പശുക്കളിൽ നിന്ന് പൌൾട്രിയിലേക്കും രോഗം പകർന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പശുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്ന 3 കേസുകളും കണ്ടെത്തി. എന്നാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നതിന് തെളിവുകൾ ലഭിക്കാത്തത് ആശ്വാസം പകരുന്ന കാര്യമാണ്.

പശുക്കളുടെ പാലിലും സസ്തന ഗ്രന്ഥികളിലും വലിയ അളവിൽ വൈറൽ ലോഡ് ഉണ്ടാകുന്നത് കാരണം, പാൽ കറക്കുന്ന സമയത്താണ് രോഗം പകരുന്നതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. കണ്ണ് ചുവക്കുന്നതിനൊടൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് രോഗബാധിതരിൽ ആദ്യം കാണുക. നിലവിൽ പകരുന്ന പക്ഷിപ്പനിക്കുള്ള വാക്സിൻ അമേരിക്കയിൽ സ്റ്റോക്കുണ്ട്. എന്നാൽ വലിയ രീതിയിൽ രോഗം പകരുകയാണെങ്കിൽ വാക്സിൻ ഉൽപ്പാദനം അവർ വർധിപ്പിക്കേണ്ടതായി വരും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments