പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ വീട്ടിൽ
തങ്കച്ചൻ എന്ന് വിളിക്കുന്ന സി പി
ഡാനിയേലി(73)നെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 3 ജഡ്ജി ഡോ. പി കെ ജയകൃഷ്ണൻ ശിക്ഷിച്ച് വിധി പുറപ്പെടുവിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബി ബിന്നി ഹാജരായി.
ഭാര്യ സെലിൻ എന്ന് വിളിക്കുന്ന റേച്ചൽ
ഡാനിയേലി(54) നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീടിനു പറമ്പിലിട്ട് ഡാനിയേൽ വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയിൽ കേസുകൾ നൽകിയതും, സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നൽകാത്തതും മറ്റും കാരണമായാണ് ഡാനിയേൽ ഭാര്യയെ ക്രൂരമായി
കൊലപ്പെടുത്തിയത്. ഇയാൾക്ക് ഭാര്യയുടെ
ചാരിത്ര്യത്തിൽ സംശയവുമുണ്ടായിരുന്നു.
നിരന്തരമുള്ള ഭർത്താവിന്റെ മർദ്ദനം കാരണം
കോടതിയിൽ നിന്നും 2011-12 കാലയളവിൽ
രണ്ടുതവണ സെലിൻ സംരക്ഷണഉത്തരവ്
സമ്പാദിച്ചിരുന്നു. വില്ലേജിൽ കയറരുതെന്ന്
ഇയാൾക്കെതിരെ നിയന്ത്രണ ഉത്തരവും
നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതു കാരണംഇരുവരും ഒരുമിച്ചുതാമസിച്ചു വരവേ ഒരാഴ്ച്ചക്കു ശേഷമാണ് കൊലപാതകം നടന്നത്.
വീടിന്റെ ഹാളിൽ ഇരുന്ന സെലിനെ
കൈയിൽ വെട്ടുകത്തിയുമായി എത്തിയ പ്രതി ആഞ്ഞുവെട്ടിയെങ്കിലും ഒഴിഞ്ഞുമാറി വീടിനു പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾപിന്തുടർന്ന് പറമ്പിലിട്ട് തുരുതുരാ കഴുത്തിനും തലയ്ക്കും വെട്ടുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ സെലിൻ മരണപ്പെട്ടു. അന്നത്തെ തണ്ണിത്തോട് എസ്
ഐ ആയിരുന്ന ലീലാമ്മയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ ജോസ് തുടർന്ന് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിറ്റേന്ന് വൈകിട്ട് ആവോലിക്കുഴിയിൽ നിന്നും പിടികൂടി.അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.