ബാംഗ്ലൂർ— തെലങ്കാന പൊലീസ് രോഹിത് വെമുലയുടെ ആത്മഹത്യ കേസ് അവസാനിപ്പിച്ചു. തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് ക്ളോഷർ റിപ്പോർട്ട് നൽകും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലീസ് ആവശ്യപ്പെടുന്നു. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
തെലങ്കാന ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും,കോടതിയുടെ വാദവും പരിഗണനയും കേട്ട ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പറഞ്ഞു. രോഹിത് ദളിത് വിദ്യാർത്ഥി ആയിരുന്നില്ലെന്ന വാദം റിപ്പോർട്ടിലും പൊലീസ് ആവർത്തിച്ചിട്ടുണ്ട്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമോയെന്ന ഭയം കാരണം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് റിപ്പോർട്ടിൽ ആവർത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോയില്ലെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.