കൊല്ലത്ത് രണ്ടുദിനങ്ങളിലായി നടന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് പഠനകേന്ദ്രം ഓവറോൾ ചാമ്പ്യന്മാരായി. 137 പോയിന്റാണ് നേടിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് രണ്ടാം സ്ഥാനവും (82 പോയിന്റ്), കൊല്ലം ടികെഎം ആർട്‌സ് ആൻഡ് സയൻസ് കോളേജ് മൂന്നാംസ്ഥാനവും നേടി.
എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രത്തിലെ സ്നേഹ സെബാസ്റ്റ്യൻ (20 പോയിന്റ്) കലാരത്നമായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ടികെഎം ആർട്‌സ് കോളേജ് പഠനകേന്ദ്രത്തിലെ വിദ്യാർഥിയായ ദേവിക ജയദാസ് (18 പോയിന്റ്) കലാതിലകമായും കോട്ടയം സർക്കാർ കോളേജിലെ ടി പി രാജീവ് കലാപ്രതിഭയായും (14 പോയിന്റ്) തെരഞ്ഞെടുക്കപ്പെട്ടു.
അവസരങ്ങളുടെ ആകാശത്ത് ചിറകുവിരിച്ച് സ്നേഹ.
പരിമിതികളും അവഗണനയും തീർത്ത മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞാണ് ട്രാൻസ്‍വുമൺ വിദ്യാർഥിനി സ്നേഹാ സെബാസ്റ്റ്യൻ കലോത്സവ നഗരിയിൽനിന്ന് മടങ്ങുന്നത്. നാടോടിനൃത്തം, തമിഴ് പദ്യംചൊല്ലൽ, മോണോആക്ട്, പ്രച്ഛന്നവേഷം എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയ സ്നേഹ അവസരങ്ങളുടെയും ചേർത്തുനിർത്തലിന്റെയും വിശാലമായ ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുകയാണ്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ എറണാകുളം മഹാരാജാസ് കോളേജ് ലേണേഴ്സ് സപ്പോർട്ട് സെന്ററിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ് സ്നേഹ.
“ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ഞങ്ങളെപ്പോലുള്ളവർക്ക് തുടർവിദ്യാഭാസവും ഉന്നത വിദ്യാഭ്യാസവും നേടാൻ സാധിക്കുന്നത് വളരെയധികം സന്തോഷം നൽകുന്നതാണ്.
ജീവിതത്തിൽ ഒരിക്കലും ഒരു കലോത്സവവേദിയിൽ മത്സരിക്കാനാകുമെന്ന് കരുതിയിരുന്നതല്ല’. എന്നാൽ, ഇന്ന് തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചിരിക്കുകയാണെന്നും സ്നേഹ പറയുന്നു. സുഹൃത്ത് മുകേഷിന്റെയും ഡാൻസ് മാസ്റ്റർ ബാദുഷ സുൽത്താന്റെയും പ്രചോദനമാണ് ഇങ്ങനെ ഒരു വേദിയിൽ വരാനും മത്സരങ്ങളിൽ പങ്കെടുക്കാൻ സഹായിച്ചത്. മിസ്റ്റർ ഇന്ത്യ ഷാനിക്കും മിസ് കേരള ട്രാൻസ് ക്യൂൻ തീർഥ സർവിക എന്നിവരൊക്കെ നവലോക അക്കാദമിയിൽ അസിസ്റ്റന്റ് പ്രൊഫസറായ മുകേഷിന്റെ ശിഷ്യരാണ്.