മെസ്ക്വിറ്റ് (ഡാളസ്): ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ ജോബി ജോൺ ഉദ്ബോധിപ്പിച്ചു.
വലിയ നോമ്പാചരണത്തോടനുബന്ധിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ഫെബ്രുവരി 16 ശനിയാഴ്ച നടന്ന പ്രത്യേക വിശുദ്ധകുർബാന ശുശ്രുഷ മദ്ധ്യേ മത്തായിയുടെ സുവിശേഷം അദ്ധ്യായം 8 -1 മുതൽ4 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സഭയായി നിശ്ചയിച്ചിട്ടുള്ള ” ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്റെ കരസ്പർശം” എന്ന വിഷയത്തെകുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോൻ മാർത്തോമാ ചർച്ച വികാരി ജോബി ജോൺ അച്ചൻ .
കുഷ്ഠ രോഗ ബാധിതനായ ഒരാൾ യേശുവിന്റെ മുൻപിൽ വന്നു മുട്ടുകുത്തി സൗഖ്യം പ്രാപിക്കുവാൻ ഇടയായത് അനുതാപത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അച്ചൻ പറഞ്ഞു
മദ്യപാനം ,പുകവലി, മൊബൈൽ അഡിക്ഷൻ, പരദൂഷണം,പണം , അലസത തുടെങ്ങി വിവിധ കുഷ്ഠ രോഗങ്ങൾക്കു മനുഷ്യൻ അടിമപ്പെട്ടിരിക്കുന്നു . ഇതു തിരിച്ചറിഞ്ഞു ഉപേക്ഷിക്കുവാൻ യേശുവിന്റെ മുൻപിൽ വന്നു മുട്ടുകുത്തിയ കുഷ്ഠരോഗിയുടെ മനോഭാവം നമ്മിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉദ് ബോധിപ്പിച്ചു.ഇ ങ്ങനെ ഒരവസരം ഒരുക്കിത്തന്ന ഇടവക വികാരിയോടും ചുമതലക്കാരോടും നന്ദിയറിച്ചു അച്ചൻ.തന്റെ പ്രസംഗം ഉപസംഹരിച്ചു. ഡാളസ് സെൻറ് പോൾസ് മാർത്തോമാ ഇടവക വികാരി റവ ഷൈജു സി ജോയ് അച്ചൻ റവ ജോബി ജോൺ അച്ചനെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
റിപ്പോർട്ട്: പി പി ചെറിയാൻ