പത്തനംതിട്ട — ഈ വർഷത്തെ ഹരിവരാസനം പുരസ്കാര സമർപ്പണം തിങ്കളാഴ്ച (ജനുവരി 15 ന് ) രാവിലെ 9 ന് സന്നിധാനത്ത് നടക്കും. സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
തമിഴ് പിന്നണി ഗായകൻ പി.കെ. വീരമണിദാസനാണ് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. മന്ത്രി അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. തമിഴ്, തെലുങ്ക്, കന്നട, സംസ്കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ഗാനങ്ങൾ അതിൽ എടുത്തു പറയേണ്ടവയാണ്.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷണർ സി.എൻ രാമൻ, റിട്ടയേഡ് പ്രൊഫസർ പാൽക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് നിർണയം നടത്തിയത്.
പുരസ്കാര സമർപ്പണ ചടങ്ങിൽ പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. എം.എൽ.എമാരായ
കെ.യു ജെനീഷ് കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ശബരിമല മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് (റിട്ടയേഡ്) എസ്. സിരി ജഗൻ, തിരുവിതാംകൂർ- കൊച്ചിൻ ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് (റിട്ടയേഡ്) പി.ആർ രാമൻ, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും..