പത്തനംതിട്ട —ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക ആറന്മുള മണ്ഡലത്തിലെ ബിഎല്‍ഒയ്ക്ക് നല്‍കി കളക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കളക്ടര്‍ എ ഷിബു പ്രകാശനം ചെയ്തു.
പുതിയ വോട്ടര്‍പട്ടിക പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പടെ ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാരാണ് ഉള്ളത്. 2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2611 വോട്ടര്‍മാരുടെ വര്‍ധന. ജില്ലയില്‍ ആകെ 7669 കന്നിവോട്ടര്‍മാരാണുള്ളത്. അതില്‍ 3885 പേര്‍ പുരുഷന്മാരും 3784 പേര്‍ സ്ത്രീകളുമാണ്. 20 നും 60നും ഇടയ്ക്ക് പ്രായപരിധിയില്‍ വരുന്ന ഏഴ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമുണ്ട്. 40 നും 49നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍, 2,06,679 പേര്‍. 80 വയസ് കഴിഞ്ഞ 41,333 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ്, 2,33,888. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2,09,072, റാന്നിയില്‍ 1,89,923, കോന്നിയില്‍ 1,99,862 അടൂരില്‍ 2,06,354 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ ആകെ 1077 ബൂത്തുകളുണ്ട്.
2021 ല്‍ 4,91,519 പുരുഷന്മാരും 5,44,965 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 10,36,488 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.
ഇവിഎം/വിവിപാറ്റ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് വോട്ടുവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങന്നൂര്‍ എഴീക്കാട് കോളനിയില്‍ നടത്തി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇവിഎം/ വിവിപാറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.