Sunday, December 22, 2024
Homeയാത്രഎൻറെ മലേഷ്യൻ യാത്ര (ഭാഗം 9) ✍ ജോയ് സി. ഐ., തൃശ്ശൂർ.

എൻറെ മലേഷ്യൻ യാത്ര (ഭാഗം 9) ✍ ജോയ് സി. ഐ., തൃശ്ശൂർ.

‘ലങ്കാവി’

ഒറ്റരാത്രി കൊണ്ട് കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും ഒക്കെ  ഒഴിപ്പിച്ചെടുത്ത മുംബൈയിലെ ധാരാവി പോലൊരു സ്ഥലം ആയിരിക്കുമോ ദൈവമേ ഈ ലങ്കാവി?🥰 ന്യൂജീസ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നതല്ലാതെ ഒന്നിനും ഞങ്ങൾക്ക് എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഡൊമസ്റ്റിക് എയർപോർട്ടിൽ വലിയ തിരക്ക് ഒന്നും ഇല്ല. അതുകൊണ്ടുതന്നെ ചെക്കിങ്ങും വളരെ എളുപ്പത്തിൽ കഴിഞ്ഞു.

വേണമെങ്കിൽ കാറിൽ ഒരു ഏഴു മണിക്കൂർ യാത്ര ചെയ്തും ഇങ്ങോട്ട് വരാം. സമയം ലാഭിക്കാൻ വേണ്ടിയത്രേ ഈ ഒരു മണിക്കൂർ ഫ്ലൈറ്റ് യാത്ര.

30 സ്റ്റേറ്റ് ഉണ്ട് മലേഷ്യയ്ക്ക്. ഏതായാലും വിമാനം പറന്നുപൊങ്ങി ഒരു മണിക്കൂറുകൊണ്ട് ലങ്കാവയിലെത്തി.വിമാനത്തിൽനിന്ന് ആകാശകാഴ്ച ഒരു പോലെ മനോഹരവും ഭയപ്പെടുത്തുന്നതും ആയിരുന്നു. ചിത്രങ്ങളിൽ കാണുന്നത് പോലുള്ള നീലകളർ വെള്ളമാണ് താഴേക്കു നോക്കുമ്പോൾ നമ്മൾ കാണുക.മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 30 കിലോമീറ്റർ അകലെ നൂറിലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹം ആണ് ലങ്കാവി. അധികവും പ്രകൃതിസ്നേഹികൾ,

അതി സാഹസികത തേടുന്നവർ, ചരിത്ര പ്രേമികൾ അവരൊക്കെ ആണ് ഇവിടെ വരാൻ ആഗ്രഹിക്കുന്നത്. നിരവധി ബീച്ചുകൾ ഇവിടെയുണ്ട്. തലേ ദിവസം തന്നെ ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് ഞങ്ങളെയും കൊണ്ട് ഡ്രൈവർ പറന്നു.

കേരളത്തിലെ ആലപ്പുഴ കുമരകം പോലൊരു സ്ഥലത്ത് എത്തിയത് പോലെയാണ് എനിക്ക് അനുഭപ്പെട്ടത്.റോഡിലൊക്കെ കുണ്ടും കുഴികളും ഉണ്ട്.ഹോട്ടലും കണ്ടാൽ വലിയ ലുക്ക്‌ ഒന്നുമില്ല. കൊലലമ്പൂരിനെ അപേക്ഷിച്ച് നോക്കുമ്പോൾ അത്ര വൃത്തി പോരാ.പഴയ ബ്രിട്ടീഷുകാരുടെ കാലത്ത് വച്ച കാസിൽ പോലെ.ആകെ 3 നിലകളെ ഉള്ളൂ. തൊട്ടടുത്ത ഇന്ത്യൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു.പ്ലേറ്റിൽ വാഴയില വച്ച് പച്ചക്കറികൾ കൂട്ടി അരിയാഹാരം കഴിച്ചത് അന്നായിരുന്നു. അങ്ങനെ ഒരു സന്തോഷം കിട്ടി. രാവിലെ തുടങ്ങിയ യാത്രാക്ഷീണം തീർക്കാൻ എല്ലാവരും അല്പനേരം ഒന്നു മയങ്ങി.

 വൈകുന്നേരം 5 മണിക്ക് 101 പാരഡൈസ് റിസോർട്ടിലേക്ക് പോകണമെന്നും അതിനായി ഗ്രാബ് ബുക്ക് ചെയ്തിട്ടുണ്ട് (നമ്മുടെ നാട്ടിലെ ഊബർ )എന്ന് എയ്താനും ഇയാനും അറിയിച്ചിരുന്നു.നാലരയ്ക്ക് തന്നെ ഞങ്ങൾ എല്ലാവരും തയ്യാറായി ഇറങ്ങി ഹോട്ടലിന് പുറകിലുള്ള ബീച്ചും മറ്റും കണ്ടു. ഒരു സൈഡിൽ റോഡ് മറുസൈഡിൽ വെള്ളം അതായിരുന്നു ഇവിടുത്തെ കാഴ്ച.ഈ ദ്വീപുകൾ എല്ലാം മനുഷ്യനിർമ്മിതമാണ്. കടൽവെള്ളം കരയ്ക്ക് അടിച്ചുകയറിഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാൻ ആയിട്ടാണ് ഇങ്ങനെ ദ്വീപുകൾ മനുഷ്യർഇവിടെ നിർമ്മിച്ചു കൂട്ടുന്നത്.

ഹൺഡ്രഡ് ആൻഡ് വൺ പാരഡൈസ് റിസോർട്ടിൽ ബോട്ട് യാത്രയാണ് പ്രധാനമായിട്ടുള്ളത്.പല പല പാക്കേജുകൾ ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഉള്ള പാക്കേജുകൾ ആണ് അധികവും.സ്ഥലവും ശാന്തം ഞാനും ശാന്തൻ ആയതുകൊണ്ട് കുറച്ചുസമയം അവിടെയൊക്കെ ബോട്ടിൽ ചുറ്റിക്കറങ്ങി അവിടുത്തെ കാഴ്ചകൾ ഒക്കെ ആസ്വദിച്ചു.

വലിയ കുഴപ്പമില്ല എന്ന് തോന്നിയ മലേഷ്യൻ സ്നാക്സും കഴിച്ച് ഏഴരയോടെ സൂര്യാസ്തമയവും കണ്ടു ഞങ്ങൾ തിരിച്ചു പോന്നു.

 വരുന്ന വഴിക്ക് കെഎഫ്സി ഫുഡ്കോർട്ട് കണ്ട് അവിടെ ഇറങ്ങി. നമ്മുടെ സ്വന്തം ആണല്ലോ കെഎഫ്സി എന്ന് കരുതി ചിക്കൻ റോളും ബർഗറും പെരി ചിക്കനും ഒക്കെ ഓർഡർ ചെയ്ത് വരുത്തിയെങ്കിലും എന്തോ ആർക്കും ഒന്നും തിന്നാൻ പറ്റിയില്ല.അതിൽ ഉപയോഗിച്ചിരിക്കുന്ന എണ്ണയോ സോസോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. അരുചി കാരണം ആരും ഭക്ഷണം കഴിച്ചില്ല.ഓർഡർ ചെയ്തല്ലോ എന്ന് കരുതിആരും നിർബന്ധമായി കഴിക്കാൻ നിന്നില്ല.ആകെ ഇവിടെ ഒരു ആശുപത്രിയെ ഉള്ളൂ എന്ന് ഞാൻ മുമ്പേ അറിഞ്ഞിരുന്നു. 😜 പുറത്തേക്കിറങ്ങി ഉച്ചയ്ക്ക് കഴിച്ച അതേ ഹോട്ടലിൽ നിന്ന് തന്നെ ചപ്പാത്തി പാഴ്സലായി വാങ്ങി ഹോട്ടൽ മുറിയിലെത്തി.ഞാൻ പണ്ട് തൊട്ട് തന്നെ എവിടെ ടൂർ പോകുമ്പോഴും ബീഫ് പിക്കിളും ഫിഷ് പിക്കിളും കൂടെ കൊണ്ടുപോകാറുണ്ട്. അതുകൊണ്ട് മുതിർന്നവർ പിക്കിൾ ചേർത്തും കുട്ടികൾ ജാമും ചേർത്ത് ചപ്പാത്തി തിന്നു കിടന്നുറങ്ങി. ആരും അത്താഴപട്ടിണി കിടന്നില്ല. അപ്പോൾ ആണ് ഞങ്ങളുടെ അന്ന ദാതാവ് ആലിബാബയെക്കുറിച്ച് ഓർത്തത്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന് പറഞ്ഞതുപോലെ കെ എഫ് സിയിൽ നിന്ന് പണി കിട്ടിയപ്പോഴാണ് പൂർവാധികം ശക്തിയോടെ ഞാൻ ആലിബാബയെ കുറിച്ച് ഓർത്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞങ്ങളുടെ അന്ന ദാതാവ് ഈ റസ്റ്റോറൻറ് ഉടമയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് രണ്ട് വാചകം എഴുതാതെ പോയാൽ അത് നന്ദികേട് ആകും.

ആലിബാബ ഇന്ത്യൻ റെസ്റ്റ്റന്റ്

ഇത് തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളുവത്രേ.ആറടി ഉയരവും നല്ല കട്ടി മീശയും താടിയും വെളുത്ത നിറമുള്ള ഒരാളായിരുന്നു ഞങ്ങളുടെ കാര്യങ്ങൾ എല്ലാ ദിവസവും അന്വേഷിച്ചിരുന്നത്. എപ്പോൾ കയറി ചെന്നാലും എൻറെ കുടുംബത്തെ സന്തോഷത്തോടെ സ്വീകരിച്ച് പോകുന്ന അന്നുവരെ ഞങ്ങൾക്ക് ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം വിളമ്പിത്തന്ന അദ്ദേഹത്തെ മറക്കാൻ വയ്യ. അതുപോലെതന്നെ സിനിമാനടൻ ധർമ്മേന്ദ്രയെ പോലെ കയ്യിൽ ഒക്കെ പച്ചകുത്തിയ ഒരാളാണ് കൗണ്ടറിൽ ഇരുന്നിരുന്നത്. എപ്പോഴും ഇവർ മലേഷ്യ, തമിഴ് ഒക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. പക്ഷേ ഒരു ദിവസം കൗണ്ടറിൽ ഇരിക്കുന്ന ധർമ്മേന്ദ്ര ടേബിൾ വൃത്തിയാക്കാൻ താമസിച്ചതിന് അവിടുത്തെ ഒരാളെ വിളിച്ച് ദേഷ്യപ്പെടുന്നത് പച്ചമലയാളത്തിൽ.

ഇവരൊക്കെ മലയാളികൾ ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്.ഒരു ദിവസം രാത്രി ഞങ്ങൾ എവിടെയോ പോയി ക്ഷീണിതരായി തിരിച്ചുവന്ന് ഫുഡ് കൂടി കഴിച്ച് ഹോട്ടലിൽ കയറാം എന്ന് കരുതി ഫുഡ്‌ ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് മുകളിൽ നിന്ന് നാടോടി കഥയിലെ ആലിബാബയെ പോലെ ഒരാൾ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്.ഇതെന്താ ഹോട്ടലിന് മുന്നിൽ വെച്ച ആലിബാബയുടെ പ്രതിമയ്ക്ക് ജീവൻ വെച്ചതോ? ഉറക്കംതൂങ്ങി ഇരുന്ന എയ്താനും ഇയാനും ഉഷാറായി. കുട്ടികളെ കണ്ട് അദ്ദേഹം ഞങ്ങളുടെ ടേബിളിനു അടുത്തെത്തി കുറെയധികം മാജിക്കുകൾ ഒന്നിന് പുറകെ ഒന്നായി കാണിച്ചു തുടങ്ങി. അപ്പോഴേക്കും അടുത്ത ടേബിളിൽ സ്ഥാനംപിടിച്ചവരും ഞങ്ങളുടെ ടേബിളിനു ചുറ്റും കൂടി. ചീട്ടു കൊണ്ടും ബോളു കൊണ്ടുള്ള ഓരോ മാജിക് കഴിയുമ്പോഴും എല്ലാവരും കയ്യടിച്ചു.

പരിചയപ്പെട്ടപ്പോഴോ,ബഹു കേമം. ആൾ തൃശൂര്നിവാസി. ചേറൂര് ആകാശവാണിയുടെ അടുത്ത താമസക്കാരൻ ആണത്രേ. പോരേ പൂരം! ഇവിടെ ഒരു ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. സുഹൃത്തിൻറെ അടുത്ത് താമസിച്ച് രണ്ടുദിവസം കഴിഞ്ഞ് മടങ്ങുമെന്ന്. ഒരു തൃശ്ശൂർക്കാരനെ തന്നെ കണ്ട സന്തോഷത്തിൽ മതിമറന്നു അദ്ദേഹത്തോടൊപ്പം നിന്ന് ഞങ്ങൾ എല്ലാവരും കുറെ ഫോട്ടോകൾ എടുത്തു. എന്റെ കൊച്ചുമക്കൾക്ക് പല ആകൃതിയിലുള്ള പൂച്ച, സിംഹം,സ്കൂട്ടർ,ഹെലികോപ്റ്റർ പോലുള്ള ബലൂണുകൾ അദ്ദേഹം സമ്മാനിച്ചു. അതുപോലെ മറ്റൊരു ദിവസം അത്താഴം കഴിക്കാൻ അവിടെ കയറിയപ്പോൾ ഒരു സുന്ദര കുട്ടപ്പൻ സൂട്ടും കോട്ടും അണിഞ്ഞു ഓർഗൻ വായിച്ച് ഹിന്ദി പാട്ടുകൾ പാടി തകർക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ആവശ്യപ്പെടാം എന്ന് പറഞ്ഞപ്പോൾ ഞാനും വിട്ടില്ല.

രൂപ് തര മസ്താന…… മെഷായൽ തൂ നഹി…….. അതൊക്കെ എൻറെ ആവശ്യപ്രകാരം അദ്ദേഹം നന്നായി പാടി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് പരിചയപ്പെട്ടപ്പോൾ ഫെസ്റ്റിവലിൽ തന്നെ പങ്കെടുക്കാൻ വന്ന മറ്റൊരു മലയാളിയായിരുന്നു അതും. ഒരു തിരുവനന്തപുരംകാരൻ.

നാളെ ഇനി എങ്ങോട്ടാണാവോ മക്കൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഏതായാലും രണ്ടു ദിവസം കൂടി അവരുടെ ഉത്തരവുകൾക്കായി കാത്തിരിക്കാം അല്ലെ? കെട്ടിക്കുന്നത് വരെ എന്റെ സുഗ്രീവാജ്ഞകൾ ഒക്കെ അക്ഷരം പ്രതി അനുസരിച്ചു ജീവിച്ച എന്റെ മോള് പറയുന്നത് രണ്ടു ദിവസം കൂടി കേട്ടേക്കാം. 😜 എല്ലാവർക്കും ശുഭരാത്രി നേരുന്നു. 😴😴

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments