ഐലൻറ് ഹോപ്പിംഗ് മലേഷ്യയിലെ ആറാം ദിവസം.
ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വെള്ളിയാഴ്ച നേരം വെളുക്കുമ്പോൾ സന്തോഷത്തോടെയാണ് രാവിലെ എഴുന്നേറ്റ് വരിക. കാരണം മറ്റൊന്നുമല്ല വാരാന്ത്യത്തിൽ ബീഫ് പിക്കിളോ മധുര പലഹാരങ്ങളോ ആയി ആരെങ്കിലും വീട്ടിൽ നിന്ന് വന്നേക്കും എന്നുള്ള ഒരു പ്രതീക്ഷ നൽകുന്ന സന്തോഷമാണത്. അതുപോലെ ആയിരുന്നു അന്ന് രാവിലത്തെ എൻറെ മനസ്സും.ഇന്നത്തെ കൂടി കഴിഞ്ഞാൽ തൃശ്ശൂർ തിരിച്ചു പോകാമല്ലോ?ഗൃഹാതുരത്വം എന്നെ ശക്തിയായി വേട്ടയാടാൻ തുടങ്ങിയിരുന്നു.
ഐലൻഡ് ഹോപ്പിങ്ങിലേക്ക് പോകാൻ ഞങ്ങൾ ആറു പേരും തയ്യാറായി.ബോട്ടുജെട്ടിയിൽ യഥാസമയം ഡ്രൈവർ ഞങ്ങളെ എത്തിച്ചു.മൂന്നു ദ്വീപുകളിലെക്കുള്ള യാത്രയാണത്രേ അന്നത്തെ ദിവസം പ്ലാൻ ചെയ്തിരിക്കുന്നത്.ഞങ്ങൾ കയറുന്ന ബോട്ടിന്‍റ ഡ്രൈവർ അടക്കം എല്ലാവരുടെയും കയ്യിൽ ആ ബോട്ടിന്റെ നമ്പർ സ്റ്റിക്കർ ആയി ഒട്ടിച്ചു തന്നു. മൂന്നു ദ്വീപുകളിൽ രണ്ടെണ്ണത്തിൽ ഇറങ്ങി കാഴ്ചകൾ കാണാം.അപ്പോൾ പരസ്പരം തിരിച്ചറിയാൻ ആണത്രേ ഈ സ്റ്റിക്കറുകൾ. എല്ലാവരും ലൈഫ് ജാക്കറ്റുകൾ അണിഞ്ഞു .ബോട്ട് പുറപ്പെട്ടു.ആദ്യത്തെ 15 മിനിറ്റ് നേരം നല്ല നയന മനോഹരമായ കാഴ്ചകൾ കണ്ടു രസിച്ചു.
ജലാശയത്തിന്റെ തീരങ്ങളിൽ ഒക്കെ നിബിഡവനങ്ങൾ,മലകൾ, പച്ചപ്പ്, തെളിഞ്ഞ നീലയും പച്ചയും കലർന്നുള്ള വെള്ളവും നീലാകാശവും ഒരു തുണ്ട് പേപ്പർ കിട്ടിയിരുന്നെങ്കിൽ ഇതൊക്കെ ഒന്ന് കയ്യോടെ വരയ്ക്കാമായിരുന്നു എന്ന് തോന്നുന്നയത്ര മനോഹരകാഴ്ചകൾ.
കുറച്ചു സമയം കഴിഞ്ഞതോടെ സ്ഥിതിഗതികൾ ആകെ മാറി മറിഞ്ഞു. ബോട്ടിന്‍റെ സ്പീഡ് കൂടിക്കൂടിവന്നു. തിരമാലകൾ ഉയരുന്നതിനൊപ്പിച്ച് തിരയ്ക്കൊപ്പം പൊങ്ങുക; അതുപോലെ അതേ സ്പീഡിൽ താഴുക. നല്ല കാറ്റും. ഉൾക്കടലിലേക്കാണ് യാത്ര. പുറത്ത്ആഞ്ഞു കാറ്റുവീശി അടിക്കുമ്പോൾ ഞാനെൻറെ കാറ്റു പോകാതെ നോക്കി, എയ്താനെയും ഇയാനെയും മുറുക്കിപിടിച്ചു.തിരമാലകളെ വെട്ടിച്ചുള്ള ഒരു പോക്കുണ്ട്. അത് അതിലും ഭയാനകം. മലേഷ്യൻ ഡ്രൈവർ ആയതുകൊണ്ട് അയാളോട് ഒന്നും പറയാനും പറ്റുന്നില്ല. അരമണിക്കൂർ നേരത്തെ സാഹസിക യാത്ര കഴിഞ്ഞ് ആദ്യത്തെ ഐലൻഡിൽ ഡ്രൈവർ ഞങ്ങളെ ഇറക്കി വിട്ടു. വൈറ്റ് സാൻഡ് ബീച്ച് എന്നാണ് ഇതിനെ പറയുന്നത്. വെള്ള പഞ്ചസാര മണലിലൂടെ കുറച്ചു ദൂരം നടന്നു.അടുത്ത് ഒരു നടപ്പാത ഇട്ടിട്ടുണ്ട്. അവിടെയൊക്കെ നടക്കാൻ വളരെ കഷ്ടപ്പാടാണ്.എന്നാലും ആ സീനറികൾ കാണുമ്പോൾ ഇവിടെ വരാതിരുന്നെങ്കൽ അതൊരു നഷ്ടമായേനെയെന്ന് തോന്നും. അവിടെ പല കളറിലുള്ള ഒറ്റമുറി കോട്ടേജുകൾ പണിതിട്ടുണ്ട്.വേണമെങ്കിൽ അത് റെന്റിനു എടുത്ത് അവിടെ താമസിക്കാം. കളർ ഹൗസ് എന്നാണ് അതിനെ പറയുന്നത്.ഒരു അരമണിക്കൂർ അവിടെ കറങ്ങി ഞങ്ങൾതിരിച്ചു ഞങ്ങൾ വന്ന ബോട്ടിൽ തന്നെ കയറി അടുത്ത ദ്വീപിലേക്കുള്ള യാത്ര തുടങ്ങി.
അതിൻറെ പേര് കിളീം ജിയോ പാർക്ക് ഐലൻഡ് എന്നായിരുന്നു.അവിടെയും ഇതു പോലുള്ള സാഹസിക യാത്ര തന്നെ.പലപ്പോഴും ഞാൻ എൻറെ മകളുടെ മുഖത്തേക്ക് ദയനീയമായി നോക്കി. ഇത്രയും നിന്നെ വളർത്തി പഠിപ്പിച്ച് ഒരു ഉദ്യോഗസ്ഥയാക്കി വിവാഹം കഴിച്ച്അയച്ച് ഒരു പുരുഷായുസ്സ് മുഴുവൻ നിനക്ക് വേണ്ടി ചെലവാക്കിയ പപ്പയ്ക്ക് തരുന്ന പ്രത്യുപകാരമോ ഇത്? കരയിലെയും ആകാശത്തിലെയും അഭ്യാസങ്ങൾ ഇന്നലെ കൊണ്ടു കഴിഞ്ഞു. ഇനിയുള്ളത് വെള്ളത്തിലോ? എന്റെ പൊന്നുമോളേ……… ഇത് ഒരു ഒന്നൊന്നര എട്ടിൻറെ പണി ആയി പോയി. പക്ഷേ സാഹസിക യാത്ര കഴിഞ്ഞ് ദ്വീപിൽ ഇറങ്ങുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നും.ചുരുക്കം പറഞ്ഞാൽ സമ്മിശ്ര വികാരമായിരുന്നു എനിക്ക് അനുഭവപ്പെട്ടിരുന്നത്. ബാലി പെണ്ണിൻറെ മനസ്സ് പോലെയായി എൻറെ മനസ്സും. അതുപോലെ കാലാവസ്ഥയും മാറിമറിഞ്ഞു കൊണ്ടിരുന്നു.പെട്ടെന്ന് മഴ തുടങ്ങി. ബെൽറ്റ് ഒക്കെ ഇട്ടാണ് നമ്മൾ ബോട്ടിൽ ഇരിക്കുന്നത് എങ്കിലും സ്പീഡും കാറ്റും കൂടുന്നതിനനുസരിച്ച് മഴത്തുള്ളികൾ നമ്മുടെ ദേഹത്ത് വീഴുന്നത് ഏതാണ്ട് കുപ്പിച്ചില്ലു വന്ന് വീഴുന്നത് പോലെയാണ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ബോട്ട് ഡ്രൈവർ ബോട്ടിന്റെ സ്പീഡ് കുറച്ച് കരുതിവച്ചിരുന്ന ഫിഷ് ഫീഡ് പുറത്തെടുത്ത് ഞങ്ങളുടെയും എല്ലാവരുടെയും കൈവശവും തന്ന് വശങ്ങളിലേക്ക് എറിയുമ്പോൾ അത് തിന്നാൻ വരുന്ന പച്ചയും കറുപ്പും കലർന്ന മീൻ കൂട്ടങ്ങൾ കൗതുകം ഉണർത്തുന്ന കാഴ്ച തന്നെ.
പിന്നെ കുറച്ചു ദൂരം കൂടി പോകുമ്പോൾ ഇറച്ചി തുണ്ടുകളടങ്ങിയ പാക്കറ്റ് അദ്ദേഹം പുറത്തെടുത്തു. മുറിച്ച ചിക്കൻ പീസുകൾ എടുത്ത് വെള്ളത്തിലേക്ക് എറിയുമ്പോൾ അത് വെള്ളത്തിൽ എത്തുംമുമ്പേ റാഞ്ചിക്കൊണ്ടു പോകുന്ന പരുന്തിൻ കൂട്ടങ്ങളുടെ കാഴ്ചയും അതിമനോഹരം!
പലപ്പോഴും കാറ്റും മഴയും കൊണ്ട് അതൊക്കെ വേണ്ടവിധത്തിൽ ഫോട്ടോ എടുക്കാനുള്ള സാവകാശം പോലും കിട്ടിയിരുന്നില്ല. ഉൾകടലിൽ പോയി മീൻ പിടിച്ചു കൊണ്ടുവരുന്ന മത്സ്യ ബന്ധനതൊഴിലാളികളെ ഞാൻ അന്ന് മനസ്സിൽ നമിച്ചു. നെയ്മീനും ഫിലോപ്പിയും വറുത്തും കറിവച്ചും രുചിച്ചിരുന്നു തിന്നുമ്പോൾ നാം ആരെങ്കിലും ഓർക്കുന്നുണ്ടോ ഇതിനു പുറകിലെ ഇവരുടെ അധ്വാനം? ആ ദ്വീപിൽ ഞങ്ങൾ അര മണിക്കൂർ സമയം ചിലവഴിച്ചു.
അടുത്തത് ദയങ് ബഡ്ഡിങ് ഐലന്റിലേക്ക്. ഗർഭിണിയായ ഒരു സ്ത്രീ മലർന്നു കിടക്കുന്നതു പോലെയുള്ള ഒരു കുന്ന് ആയിരുന്നു അത്.ഈ കുന്നിന്റെ താഴ്വാരത്തിൽകുഞ്ഞുങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ കുളിച്ചാൽ ഗർഭിണികൾ ആകുമെന്ന് ഒരു വിഭാഗം പ്രാചീന ഗോത്രക്കാരുടെ വിശ്വാസം ആണത്രേ! മാംബങ് സരി എന്ന രാജകുമാരിയുടെ കുഞ്ഞു ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപ്പെട്ടുപോയതുകൊണ്ടാണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം എന്നും പറഞ്ഞു കേട്ടു. അവിടെയും ഇറങ്ങി. ഒരുവശത്ത് കടൽ. മറുവശത്ത് കായൽ. കണ്ണുനീരിനേക്കാൾ തെളിഞ്ഞ വെള്ളത്തിൽ പലതരത്തിലുള്ള ജലവുമായി ബന്ധപ്പെട്ട സാഹസിക യാത്രകൾക്ക് ഒരുങ്ങിനിൽക്കുന്ന മനുഷ്യരെയാണ് അവിടെ കണ്ടത്.
കയാക്കിങ്,സ്കീയിങ്, ചിലർ ബൈക്കുകളുമായി ഉൾക്കടലിലേക്ക്……….ദൈവമേ! തിരിച്ചുള്ള യാത്ര ഓർത്തിട്ടു തന്നെ എനിക്ക് ഭയം. അപ്പോൾ ഇതൊക്കെ കണ്ടപ്പോൾ ഒരു ആശ്വാസം. ഒരു മണിക്കൂർ കൊണ്ട് ഞങ്ങളെ ഡ്രൈവർ കയറിയടത്തു തന്നെ തിരിച്ചു കൊണ്ടിറക്കി.ജീവനുള്ള കാലത്ത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയായിരുന്നു ഇതെന്ന് നിസ്സംശയം പറയാം.
ഹോട്ടലിൽ തിരിച്ചെത്തി എല്ലാവരും നനഞ്ഞ വസ്ത്രങ്ങൾ മാറി റസ്റ്റ് എടുത്തു. അന്ന് ആദ്യമായി അതേ ഹോട്ടലിൽനിന്ന് മലേഷ്യൻ ഫുഡ് കഴിച്ച് നാലു മണിയോടെ ലങ്കാവി എയർപോർട്ടിൽ എത്തി. അവിടുന്ന് ഒരു മണിക്കൂർ കൊണ്ട് കോലാലമ്പൂർ എയർപോർട്ടിലേക്ക്. കോലാലമ്പൂർ എത്തിയപ്പോൾ തന്നെ പകുതി ആശ്വാസം ആയി വിമാനത്താവളം നിറയെ മലയാളികൾ! ഇയാനും എയ്താനും ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പേ വിൻഡോ സീറ്റിൽ ആരാണ് ഇരിക്കുക എന്നൊരു തർക്കം തുടങ്ങും. മൊത്തമുള്ള സമയത്തെ പകുതിയാക്കി ആദ്യത്തെ ഒന്നര മണിക്കൂർ ഇയാനും പിന്നെ അടുത്ത ഒന്നരമണിക്കൂർ എയ്താനും എന്ന തീരുമാനത്തിൽ എത്തും. ഓരോ വകുപ്പും മന്ത്രിമാർ രണ്ടരവർഷം ഒരാളും പിന്നെ മറ്റൊരാളും എന്ന് പറയുന്നതുപോലെ.പക്ഷേ ഫ്ലൈറ്റ് പൊങ്ങിപറക്കാൻ തുടങ്ങുന്നതിനു മുമ്പേ രണ്ടു പേരുടെ ചെവിയിലും ഹെഡ്സെറ്റ് വച്ചു കൊടുത്ത് ഓരോ ലോലിപോപ്പ് വായിലും വച്ചു കൊടുക്കുന്നതോടെ രണ്ടു പേരും ഉറക്കം തുടങ്ങും.
പിന്നെ നമ്മൾ അവരെ വിളിക്കുമ്പോൾ ആണ് അവർ ഉണരുക.ആദ്യത്തെ തർക്കം കണ്ടാൽ മന്ത്രിസഭയിൽ പോലും ഇത്രയധികം ബഹളം ഉണ്ടാവില്ല എന്ന് തോന്നും. ഏകദേശം പന്ത്രണ്ട് മണിയോടെ ഞങ്ങൾ എറണാകുളത്തെത്തി.ആറ് ദിവസത്തെ യാത്ര കഴിഞ്ഞ് മകളുടെ വീട്ടിലെത്തി എല്ലാവരും പകലും രാത്രിയും മതിയാവോളം ഉറക്കം തുടങ്ങി…..
അടുത്ത ഒരു ലക്കത്തോടെ ഇത് അവസാനിക്കും.