ഇരുളിലൊരിത്തിരി വെട്ടത്തിനായ്
ഇനിയും ത്രിസന്ധ്യയിൽ
എരിയുന്നുവോ
പകൽ.
ഇരുളിൻ മുഖപടം ഉലയാതെ
നിർത്തുവാൻ
ഇടയില്ല വെട്ടം തെളിച്ചു
കൊണ്ടെത്തുന്ന
ഇരകളെ ഇരുളിൽതടയുവാനായ്
വൃഥാ.
ഇനിയുമുണ്ടെത്രയോ രാത്രിതൻ
കതകുകൾ
ഇടതടവില്ലാതിടിക്കുവാനായിനി.
ഇളകിനിന്നാടുന്ന കതകിൻ്റെ
മറവിലായ്
ഇമ ചിമ്മി നിൽക്കുന്നു
മിന്നാമിനുങ്ങികൾ.
ഈറനണിഞ്ഞെത്തുന്നുവോ
നിലാപക്ഷികൾ
ഇറ്റിറ്റു വീഴുന്നൊരശ്രുകണങ്ങളാൽ
ഇരുളകന്നീടുകില്ലെങ്കിലും വെട്ടമീ
ഇമകളെ തഴുകുമെന്നാശിച്ചിടട്ടേ
ഞാൻ!