Sunday, December 22, 2024
Homeകഥ/കവിതപാതിരാവെ (കവിത) ✍എം. പി. ശ്രീകുമാർ

പാതിരാവെ (കവിത) ✍എം. പി. ശ്രീകുമാർ

എം. പി. ശ്രീകുമാർ✍

പാല പൂത്തു പരിമളം തൂകുന്ന
പാതിരാക്കാറ്റു വന്നു പുണരുന്ന
പാതിരാക്കിളിയീണത്തിൽ പാടുന്ന
പാരിജാതപ്പൂക്കൾ വിടരുന്ന
പാതിരാവെ നിനക്കെന്തു ചാരുത !

പാതിമയക്കത്തിൽ നിന്നങ്ങുണരവെ
പാതി ചാരിയ വാതിലിലൂടവെ
പാതിരാവെ നീ
വന്നെത്തിനോക്കുമ്പോൾ
പാതിയുറക്കവുമെങ്ങൊ
മറഞ്ഞുപോയ് !

പൂനിലാമഴ പെയ്തിറങ്ങീടുന്ന
പൂന്തെന്നൽ മെല്ലെയാലോലമാടുന്ന
പൂങ്കിനാവുകൾ പീലി വിടർത്തുന്ന
പാതിരാവെ നിനക്കെന്തു ചാരുത !

പുലരിയങ്ങു നൂപുരം ചാർത്തുന്ന
പാർവ്വണേന്ദു കതിർമഴ പെയ്യുന്ന
താരകൾ മിഴി ചിമ്മിത്തുടിക്കുന്ന
താമരകൾ വിടരാൻ തുടുക്കുന്ന
താഴികക്കുട കാന്തി വിളങ്ങുന്ന
പാതിരാവെ നിനക്കെന്തു ചാരുത !

ഇറ്റിറ്റു വീഴുന്ന നീഹാരമുത്തുകൾ
ഇന്ദ്രനീല നിൻ മേനി മുകർന്നിട്ടു
ചന്ദ്രരശ്മികളേറ്റു തിളങ്ങവെ
പാതിരാവെ നിനക്കെന്തു ചാരുത !

കരിനീലയളകങ്ങളിൽ ചേലിൽ
നൽപരിമള കുടമുല്ലപ്പൂക്കൾ
വിടരുമൂഷ്‌മള കാന്തിയിൽ ചൂടി
സുസ്മിതം നീലവസന്തം കണക്കെ
പാതികൂമ്പും മിഴികൾ രമിക്കുന്ന
ഭാവസുന്ദരപൊയ്കയിൽ നീന്തുന്ന
സർഗ്ഗലാവണ്യം പീലി വിടർത്തുന്ന
പാതിരാവെ നിനക്കെന്തു ചാരുത !!

എം. പി. ശ്രീകുമാർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments