ഞവരക്കാട്ടെ വീടിന്റെ കിഴക്കുഭാഗത്തായുള്ള കുളം ഒരു നല്ല കാഴ്ച തന്നെയാണ്. വെട്ടുകല്ലു കൊണ്ട് ചുറ്റും കെട്ടിയിട്ടുള്ള ഇറങ്ങി കുളിക്കാൻ താഴെ വരെ ഭംഗിയിൽ സ്റ്റെപ്പുകൾ തീർത്ത രണ്ട് കടവുകൾ ഉള്ള കുളം. അതിവിശാലം എന്ന് പറയാനാവില്ല .എന്നാൽ അത്യാവശ്യം വലിയകുളം. നീല നിറത്തിൽ വെള്ളം നിൽക്കുന്നതു കണ്ടാൽ ആർക്കും ഒരു കൗതുകം തോന്നും. മനോഹരം എന്നാരും പറഞ്ഞു പോകും. വർഷക്കാലത്ത് നിറഞ്ഞു കവിയുമ്പോൾ വെള്ളം ഞവരത്തോട്ടിലേക്കൊഴുകും. അതിനു തക്ക വിധമാണ് നിർമ്മാണം. വീട്ടുകാരും പിന്നെ വളരെ അടുത്തുള്ള ചിലരും മാത്രമേ ഇവിടെ കുളിക്കാൻ എത്തൂ. വേനൽക്കാലത്ത് ഈ കുളത്തിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ഞവരക്കാട്ടെ തൊടി നനക്കാറുണ്ട്. തൊടിയുടെ പകുതി ഭാഗമേ നനയ്ക്കാറുള്ളൂ. വാഴയും തെങ്ങും കവുങ്ങും ഒക്കെയുള്ളത് അത്ര ഭാഗം മാത്രം. തെക്കേത്തൊടി പലതരം മരങ്ങളുടെ കാടാണ്. വലിയ വലിയ നാട്ടുമാവുകൾ, പ്ലാവുകൾ, പനകൾ, പേരറിയാത്ത എന്തൊക്കെയോ പടു മരങ്ങൾ ഒക്കെ നിറഞ്ഞു നിൽക്കുന്നുണ്ടവിടെ. പടിഞ്ഞാറേ തൊടിയുടെ ഒരു ഭാഗവും ഏതാണ്ട് അങ്ങനെ തന്നെ. മാനംമുട്ടെ നിൽക്കുന്ന മരങ്ങളും വളളിപ്പടർപ്പുകൾ നിറഞ്ഞതും ചിത്രകൂടക്കല്ലുകൾ സ്ഥാപിച്ചതുമായ പാമ്പിൻക്കാവ് അവിടെയാണ്. തെക്കേ തൊടിയും പിന്നെ കാവിന്റെ ഭാഗവും പകലു പോലും ഇരുട്ടുമുടി കിടക്കും. കൊല്ലത്തിലിലൊരിക്കൽ കാവ് ശുദ്ധമാക്കുന്ന പതിവുണ്ട്. അതിനായി കൂഴിയോടൻ എന്നറിയപ്പെടുന്ന വയസ്സായ ഒരു നമ്പൂതിരിയെ കൊണ്ടുവരും. നാരായണൻ നമ്പൂതിരി എന്നാണയാളുടെ പേര്.കൂഴിയോട്ടിൽ എന്നത് ഇല്ലത്തിന്റെ പേരാണ്. പാലും പൊടിയും കൊടുക്കൽ എന്നാണ് ആ ചടങ്ങിന് പറയാറ്.അതിനായി ചിത്രകൂടക്കല്ല് നിൽക്കുന്ന ഭാഗം ചെടിയും കാടുമൊക്കെ വെട്ടിത്തെളിച്ച് വൃത്തിയാക്കും. അത് ചെയ്യുന്നതും ,പാലും പൊടിയും കൊടുക്കലിനുള്ള ഏർപ്പാടുകളെല്ലാം ചെയ്യുന്നതും ശങ്കരൻ തന്നെ. അന്നാണ് എല്ലാവരും കാവിന്റെ ഭാഗത്തേക്കൊന്നു ചെല്ലുന്നത്. തെക്കേ തൊടിയിലേക്ക് നോക്കാൻ തന്നെ തനിക്ക് പേടിയാണെന്ന് ഒരിക്കൽ ലക്ഷ്മിക്കുട്ടി ടീച്ചർ പറഞ്ഞതിന് “പേടിച്ചിട്ടൊന്നും കാര്യല്ല്യ .ഒരു ദിവസം അവിടേക്ക് പോയേ മതിയാകൂ ”എന്നാണ് പത്മനാഭ പണിക്കർ ചിരിച്ചു കൊണ്ട് മറുപടി നൽകിയത് .
“അത് കുഴപ്പമില്ല ആ പോക്ക് നമ്മളറിയണ്ടല്ലോ അത് കൊണ്ടുപോണോര് നോക്കിക്കോളും ” എന്ന് ടീച്ചർ ചിരിച്ചു കൊണ്ടു തന്നെ ഉത്തരവും നൽകി.
പാടാക്കരയിലെ ആളുകളിൽ ഭൂരിഭാഗവും കുളിക്കാനും ,അലക്കാനും ഞവരത്തോടും പിന്നെ കോരോക്കുളം എന്ന അയ്യപ്പൻക്കാവിനോട് ചേർന്ന കുളവും പിന്നെ ഭഗവതി ക്ഷേത്രത്തിലെ കുളവും ആണ് ഉപയോഗിക്കുന്നത്. അവരവർക്ക് ഏറ്റവും അടുത്ത് ഏതോ അത് എന്ന മട്ടിൽ.
ഞവരത്തോട് വേനൽക്കാലത്ത് നന്നായി മെലിയും ഒഴുക്ക് പേരിനു മാത്രമാവും. ആ സമയം ക്ഷേത്രക്കുളത്തിന്റേയും, കോരോക്കുളത്തിന്റേയും പ്രാധാന്യം വർദ്ധിക്കും.
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഒഴിവു ദിവസങ്ങളിൽ അല്പം വൈകിയാണ് മാലിനി ശ്രീക്കുട്ടനെയും കൊണ്ട് കുളത്തിലേക്ക് പോവാറ്. രാമാനന്ദൻ മാഷിന് സ്കൂളിൽ പോവേണ്ടല്ലോ. ആര്യയ്ക്ക് കോളേജിലും പോവേണ്ട . കാലത്ത് അത്തരം തിരക്കുകളൊന്നുമുണ്ടാവില്ല .ആ ദിവസങ്ങളിൽ വേണമെങ്കിൽ ലേശം മടിയൊക്കെയാവാം. ശ്രീക്കുട്ടന്റെ നൂറു കൂട്ടം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടികളൊക്കെ നൽകി അവനെ കുളിപ്പിച്ചു തുവർത്തി കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഈറൻ മാറ്റാനുള്ള ട്രൗസർ എടുത്തിട്ടില്ല.
“സാരല്യ അമ്മടെ കുട്ടി ഒറ്റ ഓട്ടം ഓടിക്കോ. അമ്മ എടുക്കാൻ മറന്നതാ അകായില് മടക്കി വെച്ചിട്ട്ണ്ട് ”
ഒന്നുരണ്ട് തവണ പറ്റില്ല എന്നൊക്കെ പറഞ്ഞ് നിന്ന് ചിണുങ്ങിയെങ്കിലും മാലിനി വീണ്ടും നിർബന്ധിച്ചു.
“അമ്മടെ പൊന്നുകുട്ടനല്ലേ ? അമ്മ പറഞ്ഞാൽ കേൾക്കില്ലേ? ഒറ്റ ഓട്ടത്തിനവിടെയെത്തൂ ലോ ,ചെറിയമ്മയോടോ അച്ഛമ്മയോടോ എടുത്ത് ഇട്ടു തരാൻ പറയ്. വേഗം ചെല്ല്.”
ഒടുവിൽ ശ്രീക്കുട്ടൻ അനുസരിച്ചു. കുളത്തിൽ നിന്നും സ്റ്റെപ്പ് കയറി ഒറ്റ ഓട്ടം. വീടിന്റെ ഉമ്മറഭാഗത്ത് എത്തിയതും തറവാട്ടുവളപ്പിലെ നാളികേരമിടാൻ എത്തിയിരുന്ന അയ്യപ്പുണ്ണിയുടേയും, വേലുക്കുട്ടിയുടേയും മുന്നിൽചെന്നുപെട്ടു. അവിടെ നിന്നു പരുങ്ങിയ ശ്രീക്കുട്ടനെ കണ്ട് വേലുക്കുട്ടി ഒന്നു ചിരിച്ചു.പൊതുവേ കുറച്ച് ബഹളക്കാരനായ അയ്യപ്പുണ്ണി കൈയ്യിലുണ്ടായിരുന്ന കൊടുവാളുകൊണ്ട് ഒരു ആംഗ്യം കാട്ടി വിളിച്ചു പറഞ്ഞു.
“ഇവിടെ വാ ശര്യാക്കിത്തരാം . ട്രൗസറും തുണീംല്ലാതെ ആൾക്കാരടെ മുന്നിൽ കൂടി ഓടി നടക്കുന്നോ? നിന്റെ ചുക്കാണി ഞാൻ മുറിച്ച് ഉപ്പിലിടും.”
വെറുമൊരു തമാശ എന്നേ അയ്യപ്പുണ്ണി കരുതിയുള്ളൂ. അക്കാലത്ത് പലരും അത്തരം പറച്ചിൽ പതിവുള്ളതുമാണ്. കുട്ടികളോട് പറയുന്ന വലിയൊരു തമാശയെന്നാണ് പലരുടേയും ഭാവം. എന്നാൽ ശ്രീക്കുട്ടൻ നന്നായി പേടിച്ചു.ഉറക്കെ കരഞ്ഞ് ബഹളം വെച്ചു. അടുക്കളയിൽ നിന്ന് ലക്ഷ്മിക്കുട്ടി ടീച്ചറും അകത്തുനിന്ന് ആര്യയും തൊടിയിൽ നിന്ന് ശങ്കരനും ഓടി എത്തി.അകത്ത് വേറെ എന്തോ തിരക്കിലായതിനാലാവണം പത്മനാഭപണിക്കരോ, രാമാനന്ദൻ മാഷോ അറിഞ്ഞതോ വന്നതോ ഇല്ല. സംഭവമറിഞ്ഞ് ചിരിച്ചുകൊണ്ട് ലക്ഷ്മിക്കുട്ടി ടീച്ചർ
“അതിന് അച്ഛമ്മയുടെ കുട്ടി വേഗം ട്രൗസർ ഇടൂലോ പിന്നെന്താ ” എന്ന് പറഞ്ഞ് ശ്രീക്കുട്ടനെ എടുത്തു കൊണ്ടുപോയി ട്രൗസറിടീച്ചു കൊണ്ടു വന്നുവെങ്കിലും ശ്രീക്കുട്ടന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൻ ഏങ്ങിയേങ്ങി കരഞ്ഞു.ശങ്കരൻ അവനെ വാരിയെടുത്ത് സമാധാനിപ്പിച്ചപ്പോൾ കുറച്ചു ആശ്വാസമായി. എങ്കിലും സങ്കടം മാറിയില്ല.തന്നെ ബാധിക്കുന്ന വലിയ ഒരു പ്രശ്നത്തിൽ അച്ഛമ്മയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചെറിയമ്മ പോലും വേണ്ടത്ര ഗൗരവത്തിൽ പ്രതികരിച്ചില്ല എന്ന് ആ കുഞ്ഞു മനസ്സിൽ തോന്നിയിരിക്കാം.
“ആരും തൊടില്ല ശ്രീക്കുട്ടനെ ശങ്കരേട്ടനുള്ളപ്പോൾ ” എന്ന ശങ്കരന്റെ ഉറപ്പിൽ ശ്രീക്കുട്ടന് അല്പം ധൈര്യം വന്നു. ശങ്കരേട്ടനോട് വല്ലാത്തൊരു സ്നേഹക്കൂടുതലും തോന്നി അവന് “ശ്രീക്കുട്ടനെ തൊടാൻ വന്നാൽ അയ്യപ്പുണ്ണിയുടെ കാൽ ശങ്കരേട്ടൻ തല്ലിയൊടിക്കും ”എന്ന് ശങ്കരൻ പ്രഖ്യാപിക്കുക കൂടി ചെയ്തപ്പോൾ പകുതി സമാധാനമായെങ്കിലും പൂർണ്ണ തൃപ്തിവരാത്തതിനാലാവണം ശ്രീക്കുട്ടൻ തീർത്തും ന്യായമായ തന്റെ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ”എന്നാൽ അയ്യപ്പുണ്ണിടെ ചുക്കാണി ഇപ്പോൾ തന്നെ മുറിക്കണം” ആ ഒത്തുതീർപ്പ് നിർദ്ദേശം കേട്ട് ചെറിയമ്മ “അതാ ” എന്നുറക്കെ പറഞ്ഞ് വാ പൊത്തിചിരിച്ച് കൊണ്ട് അകത്തേക്കോടി.ആ സമയം ശ്രീക്കുട്ടന് ചെറിയമ്മയോട് ചെറിയ ദേഷ്യം വരാതിരുന്നില്ല.
ചിരിയടക്കി ശങ്കരേട്ടൻ ശ്രീക്കുട്ടനോടായി ചോദിച്ചു .
“അയ്യോ അതു വേണോ അയ്യപ്പുണ്ണി പാവല്ലേ? ”
“അല്ല… പാവമല്ല… ചുക്കാണി മുറിക്കണം.”
“എന്നാൽ നമുക്ക് അയ്യപ്പുണ്ണിയുടെ കാലൊടിച്ചാൽ പോരേ?”.
“എന്നാൽ കാല് മുറിക്കണം.”
അയ്യോ അയ്യപ്പുണ്ണിക്ക് ചെറിയ കുട്ടികളൊക്കെ ഉള്ളതല്ലേ. അങ്ങനെ ചെയ്യാൻ പാടുണ്ടോ?
“പിന്നെ ശ്രീക്കുട്ടൻ്റെ ചുക്കാണി മുറിക്കാൻ വന്നതോ? അത് പാടുണ്ടോ?”
” അയ്യപ്പുണ്ണി ഇനി അങ്ങനെയൊന്നും പറയില്ല . അക്കാര്യം ശങ്കരേട്ടൻ ഏറ്റില്ലേ.പിന്നെന്താ .ഇനി അങ്ങനെയെങ്ങാനും പറഞ്ഞുവെന്നറിഞ്ഞാൽ ശങ്കരേട്ടൻ അയ്യപ്പുണ്ണിയെ അടിച്ച് താഴെയിട്ട് പിടിച്ച് കെട്ടി ശ്രീക്കുട്ടന്റെ മുന്നിൽ കൊണ്ടുവന്നു തരും. പിന്നെ ശ്രീക്കുട്ടൻ പറയണ പോലെ ചെയ്യാം. കാലു മുറിക്കണമെങ്കിൽ മുറിക്കാം.പക്ഷേ ഒന്നുണ്ട് കാലുമുറിക്കരുത് എന്ന് അയ്യപ്പുണ്ണി ശ്രീക്കുട്ടനോട് കരഞ്ഞ് പറഞ്ഞാൽ ശ്രീക്കുട്ടൻ അത് അനുസരിക്കണം.കാരണം നമ്മളോട് ഒരാള് കരഞ്ഞുപറഞ്ഞാൽ നമ്മള് ദയ കാട്ടണം.അച്ഛമ്മ പറയാറില്ലേ.”
“പക്ഷേ ന്നോട് കരഞ്ഞുപറയണം കാല് മുറിക്കര്ത് എന്ന്. എന്നാലേ ശ്രീക്കുട്ടൻ കേൾക്കൂ.”
“മതി കരഞ്ഞു പറഞ്ഞാൽ കേട്ടാൽ മതി.”
“പക്ഷേ ശങ്കരേട്ടൻ എന്ത് പറഞ്ഞാലും ശ്രീക്കുട്ടൻ കേൾക്കുംട്ടൊ.ശങ്കരേട്ടൻ വെറുതെ പറഞ്ഞാൽ മതി.കരയര്ത്ട്ടൊ.
ശങ്കരേട്ടൻ ആരോടും കരഞ്ഞുപറയരുത്. ശങ്കരേട്ടൻ കരയണത് ശ്രീക്കുട്ടന് ഇഷ്ടല്ല. ശങ്കരേട്ടൻ കരയണ് കണ്ടാൽ ശ്രീക്കുട്ടനും സങ്കടം വരും.”
“എയ് ശങ്കരേട്ടൻ ആരോടും കരഞ്ഞ് പറയില്ല. പ്രത്യേകിച്ച് ന്റെ ശ്രീക്കുട്ടനോട് ശങ്കരേട്ടൻ എന്തിനാ കരഞ്ഞുപറയണത്. ഒരിക്കലും
അങ്ങനെണ്ടാവില്ലട്ടൊ.
ഉറപ്പ്. ”
ശ്രീക്കുട്ടനെ ചേർത്ത് പിടിച്ച് ശങ്കരൻ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നെ എടുത്ത് തെക്കേ മുറ്റത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ ഇങ്ങനെ പറയുകയും ചെയ്തു.
” ഇപ്പൊ നമുക്ക് അയ്യപ്പുണ്ണിയെ ആദ്യം ആ തെക്കുഭാഗത്ത് ഏറ്റവും ഉയരമുള്ള തെങ്ങിൽ കയറ്റാം. എന്നിട്ട് ശ്രീക്കുട്ടൻ പറയണത്ര നാളികേരമിടാൻ പറയാം. അതും പോര ശ്രീക്കുട്ടൻ ഇറങ്ങാൻ പറയുന്നതു വരെ തെങ്ങിൽ തന്നെ ഇരിക്കട്ടെ. പഠിക്കട്ടെ അയ്യപ്പുണ്ണി. അല്ല പിന്നെ.”