Friday, December 27, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (23) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (23) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ശ്രദ്ധാഞ്ജലി

തെറ്റായ ശരിപ്രയോഗമാണിത്. ഇന്നത്തെ വിദ്യാഭ്യാസ വിചക്ഷണർ സമ്മതിച്ചു തരില്ല, പക്ഷേ പറയാതെ വയ്യ.

അഞ്ജലി
കൂപ്പുകൈ ആണെന്നറിഞ്ഞു മുന്നോട്ടു നീങ്ങുമ്പോൾ

ശ്രദ്ധയോടെയുള്ള അഞ്ജലി എന്ന അർത്ഥം ലഭിക്കും.

ശരിപ്രയോഗം ശ്രാദ്ധാഞ്ജലിയാണ്.

എന്താണ് ശ്രാദ്ധം?

ശ്രദ്ധയോടെ ചെയ്യേണ്ട കർമ്മം.

ശ്രാദ്ധത്തിന് നിരുപാധികമായി പരിപൂർണ്ണ ശ്രദ്ധയോടെ പുറപ്പെട്ടു പോയ സൂക്ഷ്മ ശരീരത്തിനു ചെയ്യുന്ന കർമ്മത്തിൽ കൂപ്പുകൈ അല്ലാതെ എന്തുണ്ട് അർപ്പിക്കാൻ !

അകമ്പടിക്ക് കണ്ണീർ തൂവാം, മന്ത്രങ്ങൾ ഉരുവിടാം,ആവാഹിച്ച്
ഇരിപ്പിടം നൽകാം, വസ്ത്ര ധൂപദീപങ്ങൾനൽകി
ജലവും കൊടുത്ത് തൃപ്തിപ്പെടുത്താം.അഥവാ തൃപ്തിപ്പെടുത്തി യെന്നു സമാധാനിക്കാം.

സമാധാനം; അതൊന്നു കിട്ടാനുള്ള പദ്ധതിയാണല്ലൊ ബലി കർമ്മത്തിൽ കാണുന്നത്!

ആയ കാലത്ത് പരസ്പരം കാണിച്ചിട്ടുള്ള കുടിലതകളുടെ കാളയിത കഷായം തേട്ടി വരികയോ ജീവിതമെന്ന പ്രഹേളികയിൽ? അല്ലെങ്കിൽ

‘മരണമേ നീയെന്ത്??’

എന്ന ചോദ്യത്തിൽ തുടങ്ങുന്ന അഭിമുഖം നടത്തേണ്ടി വരികയോ ചെയ്യുന്ന മുഹൂർത്തമത്രേ ബലി കർമ്മം!

തർപ്പണം

എന്ന വാക്കും അനുബന്ധമായുണ്ട്.
തൃപ്തിപ്പെടുത്തൽ എന്ന അർത്ഥത്തിൽ.

മൃതർക്ക് ഇഹത്തിൽ ( ഈ ലോകത്ത്) എന്തൊക്കെ പറഞ്ഞും കൊടുത്തും തൃപ്തിപ്പടുത്താമോ അതൊക്കെ തർപ്പണം തന്നെ !

ശ്രദ്ധാഞ്ജലി എന്ന പ്രചുര പ്രചാരം നേടിയ പ്രയോഗം ശ്രാദ്ധാഞ്ജലിയിൽ നിന്നും വന്നതാണെന്ന് ആവർത്തിക്കട്ടെ !

ശ്രാദ്ധാഞ്ജലിയായാലും ശ്രദ്ധാഞ്ജലിയായാലും

‘അഞ്ജലി ‘

തല തിരിച്ചേ ചിലർ എഴുതൂ…..അല്ല ടൈപ്പൂ……

നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇക്കൂട്ടർ ഏറെയുള്ളതായി ചില ചരമവൃത്താന്തത്തിനു പിന്നാലെയുള്ള പ്രതികരണങ്ങളിൽ കാണാമല്ലോ.

അന്തണൻ = ബ്രാഹ്മണൻ

അന്തം, അവസാനം.

അണൻ, അണയുന്നവൻ,എത്തുന്നവൻ,

അന്തണൻ= അന്തത്തിൽ എത്തുന്നവൻ, അവസാനം വരെ ചേർത്തു നിർത്തുന്ന വൻ എന്നൊക്കെ അർത്ഥം ഉല്പാദിപ്പിക്കാം.

ആരെ എന്തിനെ ചേർത്തണയ്ക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ്.

വേദത്തിന്റെ അന്തം വരെ കാണുന്നവൻ, അല്ലെങ്കിൽ വേദാന്തി
എന്ന അർത്ഥപ്രശസ്തി അന്തണന് നൽകാം ,എന്താ ????

രാമപുരത്തെ ഒരു വാര്യരുണ്ടല്ലൊ; നമ്മുടെ ‘കുചേലവൃത്തം വഞ്ചിപ്പാട്ട് ‘ എഴുതിയ വിദ്വാൻ!

സതീർത്ഥ്യനായ സുദാമയെ

( കുചേലൻ =കുത്സിതമായ ,മുഷിഞ്ഞു കീറിയ ചേലയാടുകൂടിയവൻ എന്ന പരിഹാസപ്പേരുമുണ്ട്)

വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ കൃഷ്ണനെ വാര്യർ അവതരിപ്പിച്ചത്;

“അന്തണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ
തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ
എന്തുകൊണ്ടൊ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു”
എന്നാണ്.

കൃഷ്ണൻ കരഞ്ഞു.അത് കവിക്ക് ഉറപ്പാണ്.പക്ഷേ, സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ എന്ന സംശയമുണ്ട്.

അന്തണനെ കണ്ടു കരഞ്ഞ കൃഷ്ണൻ കവിക്ക് അത്ഭുതമാണ്.

എന്താ കാരണം?

ഒരിക്കലും കരയാത്തവനാണേയ് ഈ കൃഷ്ണൻ!!!

കരയാനുള്ള അവസരങ്ങൾ മാത്രം ലഭിക്കുന്നവൻ ! എന്നിട്ടും കരച്ചിൽ മാത്രം നടത്താത്തവൻ! ദാണ്ട്….കരയുന്നു.
അത്യന്തം നാടകീയമായ വർണ്ണനയാണിത്.

കരയിപ്പിക്കുന്ന ജീവിതസന്ദർഭങ്ങളെ ചിരിച്ചും തന്ത്രം പയറ്റിയും നിർമ്മത കാണിച്ചും നേരിടാൻ കാരണമെന്ത് എന്ന ചിന്തയ്ക്ക് കവി മറുപടി കണ്ടെത്താതിരുന്നില്ല!

ദശാവതാരങ്ങളിൽ കൃഷ്ണൻ ദ്വാപരയുഗത്തിൽ അവതരിച്ചു.കൃഷ്ണനു മുൻപ് അങ്ങ് ത്രേതായുഗത്തിലെ ശ്രീരാമൻ എപ്പോഴും കരഞ്ഞ അവതാരമാണ്.

രാമായണം ആ കണ്ണീരുപ്പ് നമുക്ക് പകർന്നിട്ടുണ്ട്.

ഒരവതാരം മിക്കവാറും കരഞ്ഞു തീർത്തതാണ് .
കൃഷ്ണാവതാരത്തിലെ ദുഃഖാപമാനാദികളെ കരയാതെ നേരിടണം എന്നു കാട്ടിയ കൃഷ്ണൻ കരഞ്ഞു എന്നു കവി!
അത് കൂട്ടുകാരൻെറ പേക്കോലം കണ്ടിട്ടൊ
വർഷങ്ങൾക്കു ശേഷമുള്ള സമാഗമം അനുഭവിച്ചിട്ടൊ എന്ന ചിന്ത കവി വായനക്കാർക്കു നൽകുന്നു.

‘ഞങ്ങൾ’
മലയാളത്തിൽ മാഞ്ഞു കൊണ്ടിരിക്കുന്നു.
ഞങ്ങൾ എന്നു പ്രയോഗിക്കേണ്ടിടത്ത്
‘നമ്മൾ ‘ എന്ന പ്രയോഗം വ്യാപകമാവുന്നു.

വീണ്ടും അന്തണനിലേയ്ക്ക് ഒന്നും പോകാം.

അന്തത്തെ അണക്കുന്നവൻ എന്നതിലെ ‘അണക്കുന്നവനല്ലേ
അണ്ണനായി തീർന്നത്.
തമ്പിയെ അണച്ചു പിടിച്ച് എല്ലാം നൽകുന്നവനല്ലേ അണ്ണൻ!!!

എൻറണ്ണാ…

അണ്ണാ….

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments