Sunday, December 29, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (11) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (11) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

മഹിമ
മാഹാത്മ്യമാണല്ലൊ.

മഹാൻ

ശ്രേഷ്ഠൻ, വലിയവൻ എന്നിങ്ങനെയുള്ള അർത്ഥം നൽകി പ്രയോഗിക്കുമ്പോൾ

മഹീയാൻ

കൂടുതൽ ശ്രേഷ്ഠതയുള്ളവനാകുന്നു.

ബ്രഹ്മത്തെക്കുറിച്ച്

“അണോരണീയസ്
മഹതോമഹീയസ്”

ചെറുതിലും ചെറുതും വലുതിലും വലുതും എന്ന് ഉപനിഷത്ത് പറഞ്ഞിട്ടുണ്ട്.

മഹാ (വലിയ, ശ്രേഷ്ഠമായ) എന്ന വിശേഷണം കുപ്രസിദ്ധിക്കും സുപ്രസിദ്ധിക്കും മുന്നിൽ ചേർത്ത് അർത്ഥോല്പാദനം നടത്താം.

അങ്ങനെ
മഹാ + ആത്മാ ചേർത്താണ് രവീന്ദ്രനാഥ് ടാഗോർ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ ” മഹാത്മാ” എന്നു വിശേഷിപ്പിച്ചത്.ഗാന്ധിമാർ ഏറെയുണ്ട്.ഗാന്ധിജി ഒന്നേയുള്ളു. “ജി “എന്ന ബഹുമാന സൂചകത്തെക്കുറിച്ച് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

(മഹാത്മാ പൂർവ്വപദമായാൽ അന്ത്യത്തിൽ ‘ജി ‘ വേണ്ടെന്നും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ)

മഹാത്മാ എന്ന വിശേഷണം പലരും പലർക്കും കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്.അത് നാളിതുവരെ ചേർന്നിട്ടുള്ളത് ഒരാൾക്കു മാത്രം.

“എൻെറ ജീവിതമാണ് എന്റെ സന്ദേശം”

എന്നു പറയുകയും പ്രവർത്തിച്ചു കാട്ടുകയും ചെയ്ത ഗാന്ധിജിക്കു മാത്രം.അത് അങ്ങനെ തന്നെ തുടരട്ടെ…..

വിവർത്തനം

വിവർത്തനത്തിന് മാനത്തെ ചന്ദ്രനുമായുള്ള ബന്ധം????

വിവർത്തനം ,തർജ്ജമ, മൊഴിമാറ്റം ,translation എന്നിവയിൽ അന്തർഭവിച്ചിട്ടുള്ളത് ഒരു ഭാഷയിലെ രചന അന്യഭാഷയിലേയ്ക്ക് പകർത്തുന്നതാണെന്ന് അറിയാമല്ലോ.ചില വിവർത്തനം അത്യന്തം ക്ലേശകരമാണ്.ഒരു കൃതി പ്രകടിപ്പിച്ചിട്ടുള്ള സാംസ്കാരിക സവിശേഷതകളും സാമൂഹികവശങ്ങളും ശൈലീവിശേഷങ്ങളും കീറാമുട്ടിയായി വിവർത്തകന്/വിവർത്തകയ്ക്ക് അനുഭവപ്പെടും.ആസ്വാദനത്തിൻെറ ഉന്നത സ്ഥലികളിൽ സഞ്ചരിക്കുകയും ആസ്വാദ്യ രചനയെ മറ്റൊരു ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തണമെന്ന് തീവ്രമായി ഇച്ഛിക്കുകയും ചെയ്യുന്ന ബഹുഭാഷിയായ കഠിനാദ്ധ്വാനിക്കു മാത്രമേ വിവർത്തനം വിജയപ്രദമാക്കാനാവു.

‘ ശരണം വിളിച്ചു ഞാൻ മലകയറി ‘

എന്ന് പി കുഞ്ഞിരാമൻ നായർ എഴുതിയത് ഇംഗ്ലീഷിൽ I mounted the mountain with slogans എന്നോ മറ്റോ ആക്കിയാൽ മൊഴിമാറ്റത്തിൻെറ സാംസ്കാരിക ഭൂമിക തകർന്നു പോകുമല്ലോ.

പൊട്ടിച്ച സോഡ ഒരു നാഴിക കഴിഞ്ഞിട്ടു കുടിച്ചാലുളള വ്യത്യാസം പല തർജ്ജമകളും പകർന്നു തന്നിട്ടുണ്ട്.

‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു’ my granddad’d an elephant ‘ എന്നു മൊഴിമാറ്റാൻ എഡിൻബറോ യൂണിവേഴ്സിറ്റിയിലെ linguistics പ്രൊഫസർ ആർ ഇ ആഷർ കേരളത്തിലെത്തുകയും വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തു കണ്ടു പഠിക്കുകയും മലയാളത്തിൻെറ സവിശേഷതകൾ മനസ്സിലാക്കുകയും ചെയ്തതു കൊണ്ടാണ് സാദ്ധ്യമായത് !! ‘ഖസാക്കിൻെറ ഇതിഹാസം ‘ മൊഴിമാറ്റാൻ ശ്രമിച്ചിരുന്നെങ്കിൽ ആഷർ എന്ന ഇംഗ്ലീഷുകാരൻ തീർച്ചയായും ക്ലേശിച്ചേനെ.തോമസ് ഹാർഡിയുടെ ‘Jude the obscure ‘ആർക്കും വേണ്ടാത്ത ജൂഡ് എന്നു വിവർത്തനം ചെയ്യാൻ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന കെ പി ശശിധരന് നിഷ്പ്രയാസം കഴിഞ്ഞിരിക്കണം .വേണു വി ദേശവും നിലീന എബ്രഹാമും വിവർത്തന രംഗത്ത് വെന്നിക്കൊടി പാറിച്ചവരാണ്.

ചന്ദ്രൻ ,വെളുത്തതും കറുത്തതുമായ പക്ഷങ്ങളിലൂടെ വൃദ്ധിക്ഷയങ്ങൾ പ്രകടിപ്പിക്കുന്നതായി ഭൂമിയിൽ അനുഭവപ്പെടുന്നുണ്ടല്ലൊ .

ചന്ദ്രൻെറ അവസ്ഥാഭേദത്തിനാണ് വിവർത്തനം എന്നു പറയുന്നത്.

പക്ഷാരംഭത്തിലുള്ള ചന്ദ്രൻ പടിപടിയായി വൃദ്ധി ( വളർച്ച) പ്രാപിക്കുന്നതു പോലെ, വൃദ്ധി പ്രാപിച്ചിട്ട് പടിപടിയായി ക്ഷയിക്കുന്നതു പൊലെയുമുള്ള ആവർത്തനമാണ് വിവർത്തനം .( വർത്തിക്കുന്ന( സ്ഥിതി ചെയ്യുന്ന ) അവസ്ഥയിൽ നിന്നും വിശേഷപ്പെട്ട അവസ്ഥയിലേയ്ക്ക് തിരിച്ചു
വരവ് !!!!!)

അല്ലെങ്കിൽ ചന്ദ്രൻ കാണിക്കുന്ന അവസ്ഥാഭേദത്തിനു വിവർത്തനം എന്നു പറയുന്നു.

ആ വാക്ക് മൊഴിമാറ്റത്തിനു നൽകിയ ഭാഷാശാസ്ത്രജ്ഞൻ ആരാണെന്നു കണ്ടെത്തേണ്ടതാണ്.

✍സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments