Thursday, September 19, 2024
Homeകേരളംകൊല്ലം മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷനും ജാമ്യത്തെ എതിർത്ത് കോടതിയിൽ വാദിച്ചു. ഇതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് ഡോക്ടർ ശ്രീക്കുട്ടി സമീപിച്ചത്.

അജ്മൽ ഓടിച്ച കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാർ അപകടത്തിൽ പെടുമ്പോൾ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു.

അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കേസിൽ റിമാൻഡിൽ കഴിയുന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. പഴുതടച്ച അന്വേഷണമാകും പൊലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments