Thursday, September 19, 2024
Homeസ്പെഷ്യൽഹരിയാനയിലെ ഉത്സവങ്ങളും, മേളകളും (6) - 'കുരുക്ഷേത്ര ഉത്സവം' ✍ജിഷ ദിലീപ് ഡൽഹി

ഹരിയാനയിലെ ഉത്സവങ്ങളും, മേളകളും (6) – ‘കുരുക്ഷേത്ര ഉത്സവം’ ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ഇന്ത്യയിലെ വർണ്ണാഭമായ ചില ഉത്സവങ്ങളുടെ ആസ്ഥാനമാണ് ഹരിയാന. മഹാഭാരതത്തിലെ ഇതിഹാസ യുദ്ധം നടന്ന സ്ഥലമായിരുന്നു പ്രശസ്ത മുനി രാജാവായ കുരുവിന്റെ പേരുള്ള കുരുക്ഷേത്രം. ശ്രീകൃഷ്ണനും അർജുനനും തമ്മിൽ നടന്ന അവിസ്മരണീയമായ സംഭാഷണം പിന്നീട് ഹിന്ദുക്കളുടെ വിശുദ്ധ ഗ്രന്ഥമായ ഭഗവത്ഗീതയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഗീതാ ജയനതി അഥവാ ഭഗവത്ഗീത ജന്മദിനമാണ് ഹരിയാനയിൽ കുരുക്ഷേത്ര ഉത്സവം നടക്കുന്നത്. കുരുക്ഷേത്ര യുദ്ധ പുണ്യസ്ഥലത്ത് ആത്മീയ അനുഭവം നേടുന്നതിനായി ആളുകൾ ഈ സമയത്താണ് സന്ദർശിക്കുന്നത്. നവംബർ ഡിസംബർ മാസത്തിലാണ് ഹരിയാനയിലെ കുരുക്ഷേത്ര ഉത്സവം നടക്കുന്നത്.

ബ്രഹ്മസരോവരത്തിലെയും, സന്നിഹിത് സരോവരത്തിലെയും ജലം പവിത്രമായി കണക്കാക്കപ്പെടുന്നതിനാൽ കുരുക്ഷേത്ര ഉത്സവവേളയിൽ തീർത്ഥാടകർ വിശുദ്ധ സ്നാനം ചെയ്യാനെത്തുന്നു. ബ്രഹ്മസരോവരിലെ ‘ഡീപ് ദാൻ’, മതപരമായ ശ്ലോക പാരായണം നൃത്തം, നാടകം പോലുള്ള ആഘോഷങ്ങൾ കുരുക്ഷേത്ര ഉത്സവത്തിന്റെ ഭാഗമാണ്. കൂടാതെ പുസ്തകപ്രദർശനവും, സൗജന്യ മെഡിക്കൽ ക്യാമ്പുകളും ഇവിടെയുണ്ട്.

സോഹ്ന കാർ റാലി

പഴയ കാറുകളുടെ ഉത്സവത്തിൽ പങ്കാളികളാകാൻ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ധാരാളം പേർ ഗുരുഗ്രാമിൽ എത്തുന്നു. ഹരിയാന ടൂറിസം ഏറ്റവും കൂടുതൽ താല്പര്യം കാണിക്കുന്ന സോഹ്നാ കാർ റാലിയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത്.

ഡൽഹി അൽവാർ ഹൈവേയിലാണ് സോഹ്‌ന സ്ഥിതി ചെയ്യുന്നത്. ഈ കുന്നിന്റെ ആകർഷണം താഴെയുള്ള മനോഹരമായ സമതലങ്ങളുടെ കാഴ്ചയാണ്.

സോഹ്ന കാർ റാലിയിൽ ഒരു കാലത്ത് ഏറെ ആകർഷണീയമായ പഴയ കാറുകളെല്ലാം അന്ന് ബഹുമതികൾക്കായി മത്സരിക്കുന്നു. പുസ്തക അറിവിലൂടെ, ചിത്രത്തിലൂടെ നേരിട്ട് കാണാൻ കഴിയാത്ത എല്ലാ കാറുകളും സോഹ്നാ റാലിയിൽ കാണാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

1964 ലാണ് സോഹ്‌ന കാർ റാലി ആരംഭിച്ചത്. രാജ്യവ്യാപകമായി ആകർഷണമുണർത്താൻ ഈ റാലിക്ക് കഴിഞ്ഞിട്ടുണ്ട്.

ശീത്ല മാതാ മേള

ശീതള ദേവിക്ക് പ്രാർത്ഥന അർപ്പിച്ചുകൊണ്ട് ഗുരുഗ്രാമിൽ ചൈത്ര, ആഷാദ് മാസത്തിൽ എല്ലാ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തുന്ന മേളയാണ് ശീത്ല മാതാ മേള. ശീതള മാതാവിനെ പ്രീതിപ്പെടുത്താനുള്ള തീർത്ഥാടനം കൂടിയാണിത്.

നിരവധി സംസ്കാരങ്ങളുടെ ഭരണത്തിന് സാക്ഷ്യം വഹിച്ച ഹരിയാന പുതിയതും പഴയതുമായ സമന്വയമാണ്. വിവിധ ജാതിയിലും, സംസ്കാരത്തിലും പെട്ടവർ ഹരിയാനയിൽ വിയോജിപ്പ് ഇല്ലാതെ സഹവസിക്കുന്നു. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായ ഹരിയാന കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ്.

തെക്കൻ ഹരിയാനയുടെ ചില ഭാഗങ്ങളിൽ രാജസ്ഥാൻ മുതൽ ഡൽഹി വരെ നീളുന്ന ആരവല്ലി പർവ്വതനിരയുടെ അവശിഷ്ടങ്ങൾ പ്രകടമാണ്. ഫലഭൂയിഷ്ടമായ മണ്ണും, ഭൂരിഭാഗം ഭൂമിയും കൃഷിക്ക് യോഗ്യമാണ്.

ഹരിതവിപ്ലവം എന്ന് വിളിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാണ് ഹരിയാനയുടെ കാർഷിക ഉത്പാദനക്ഷമതയ്ക്ക് കാരണമായത്. സംസ്ഥാനത്തെ തൊഴിലാളികളുടെ അഞ്ചിൽ രണ്ട് ഭാഗവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാർഷിക മേഖലയിലാണ് ജോലി ചെയ്തിരുന്നത്. വേനൽക്കാലത്ത് ചൂടുള്ളതും ശൈത്യകാലത്ത് വളരെ തണുപ്പുള്ളതുമാണ് ഹരിയാനയിലെ കാലാവസ്ഥ..

നിരവധി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ ഹരിയാനയിലാണ്. കുരുക്ഷേത്രയിലെ സൂര്യഗ്രഹണ സ്നാന ഉത്സവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തീർത്ഥാടകരെ ആകർഷിക്കുന്നു.

ഡൽഹിയിലേക്ക് എത്തിച്ചേരുന്നതിന് ഹരിയാന സംസ്ഥാനത്തിലൂടെ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡും, നോർത്തേൺ റെയിൽവേയുടെ പ്രധാന പാതയും ഉൾപ്പെടെ ഒട്ടേറെ ഹൈവേകളും, പ്രധാന റെയിൽവേ ലൈനുകളും കടന്നുപോകുന്നു.

ഉത്തര മധ്യ ഹരിയാനയിലെ പെഹോവ, സരസ്വതി നദിയുടെ തീരത്ത് പൂർവ്വികർക്ക് പ്രായശ്ചിത്തം നടത്തുന്നതിനുള്ള പ്രധാന സ്ഥലമാണ്.

ഹവേലി എന്നാണ് ഹരിയാനയിലെ പരമ്പരാഗതമായ ഭവനങ്ങൾ അറിയപ്പെടുന്നത്. ഹരിയാനയിൽ നിന്നാണ് വൈദിക മതത്തിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികളായ വേദങ്ങൾ ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. “വടക്കേ ഇന്ത്യയിലേക്കുള്ള കവാടമായതിനാൽ” ഇന്ത്യൻ ചരിത്രത്തിലെ നിരവധി നിർണായകമായ യുദ്ധങ്ങളുടെ വേദി കൂടിയാണ് ഹരിയാന.

1858ല്‍ ഹരിയാന പഞ്ചാബിന്റെ ഭാഗമായി. പഞ്ചാബി സംസാരിക്കുന്ന സിക്കുകാരും, ഹിന്ദി സംസാരിക്കുന്ന ഹരിയാനയിലെ ഹിന്ദുക്കളുമാണ് ഇവിടെ ഉള്ളത്. ഇതിന് നിമിത്തമായത് രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള മതപരവും, ഭാഷാപരവുമായ വ്യത്യാസങ്ങളാണ്. എന്നാൽ 1966ൽ പഞ്ചാബിൽ നിന്നും വേർപെടുത്തിയ ഹരിയാന ഇന്ത്യയുടെ പതിനേഴാമത്തെ സംസ്ഥാനമായി.

ഹരിയാനയിൽ ന്യൂനപക്ഷം ആയിട്ടാണ് സിക്കുകാരും മുസ്ലിങ്ങളുമുള്ളത്. ക്രിസ്ത്യാനികളുടെ ഒരു ചെറിയ സമൂഹം ഉണ്ട്. എങ്കിലും ഭൂരിഭാഗവും ഹിന്ദുക്കളാണ്.

സമൃദ്ധമായ ധാന്യങ്ങളുടെയും (ബഹുധാന്യക) അളവറ്റ സമ്പത്തിൻ്റെയും (ബഹുധാന) നാടായാണ് മഹാഭാരതത്തിലൂടെ ഹരിയാന അറിയപ്പെടുന്നത്.

ശുഭം 🙏

✍ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments