തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തോടുള്ള അവഗണനയുടെ ആവര്‍ത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എങ്ങിനെയെങ്കിലും ഭരണം താങ്ങി നിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് വാരിക്കോരി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷവും ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാണിച്ചതിന്റെ തുടര്‍ച്ചയാണ് ഇത്തവണയും.
ബജറ്റ് പ്രസംഗത്തില്‍ ഒരു തവണപോലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ല എന്നത് അവഗണനയുടെ ആഴം ബോധ്യപ്പെടുത്തുന്നു. പ്രത്യേക പദ്ധതികള്‍ ഇല്ലെന്നു മാത്രമല്ല, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളിയിരിക്കുകയാണ്.
കേരളത്തിന് എയിംസ് യാഥാര്‍ഥ്യമാകുമെന്ന സ്വപ്‌നവും അസ്ഥാനത്തായിരിക്കുന്നു. കേരളത്തിന്റെ റെയില്‍വേ വികസനത്തോട് ഇത്തവണയും ബിജെപി സര്‍ക്കാര്‍ നിഷേധാല്‍മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയപാത വികസനം സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. കേരളത്തിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.