Thursday, December 26, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: ഇരുപത് ) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: ഇരുപത് ) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

മകൻ ശ്രീകുമാറിന്റെ ജീവിതത്തിലെ വിജയങ്ങളുടെ തുടക്കവും വിവാഹവുമൊക്കെ കാണാൻ സാധിച്ചു രാമാനന്ദൻ മാഷിന്. ബഹളങ്ങളില്ലാതെ ശാന്തമായൊഴുകിയ ആ ജീവിതം അവസാനിച്ചതും അങ്ങനെ തന്നെ. ഒട്ടും ബഹളങ്ങളില്ലാതെ.
ശ്രീകുമാറിനും ഭാര്യയ്ക്കും തൃശൂരിൽ ആയിരുന്നു ജോലി. താമസവും അവിടെ തന്നെ .മാസത്തിലൊരിക്കൽ പാടാക്കര വരും പിറ്റേന്ന് പോവുകയും ചെയ്യും. സന്തോഷകരമായി പോകുന്ന ജീവിതം. ഒരു തിങ്കളാഴ്ച രാത്രിഭക്ഷണം കഴിഞ്ഞ് കിടന്ന രാമാനന്ദൻ മാഷ് ഉറക്കത്തിൽ തന്നെ യാത്രയായി. ഒരു നേരം പോലും അസുഖബാധിതനായി കിടക്കാതെ. ഒരാൾക്കും ഒരു പ്രയാസവും സൃഷ്ടിക്കാതെ .
പുലർച്ചെ മാലിനിയുടെ നിലവിളിയിലൂടെയാണ് ആ വിവരം പുറം ലോകമറിയുന്നത്.

ഒരു നാടിന്റെ സ്നേഹം എത്രമേൽ ആ നല്ല മനുഷ്യനോടുണ്ടായിരുന്നു എന്നു വ്യക്തമാക്കപ്പെട്ട സംസ്കാര ചടങ്ങുകൾ.

ഞവരക്കാട്ടെ മുറ്റത്ത് വായിച്ചെടുക്കാൻ കഴിയാത്ത ഭാവങ്ങളോടെ വീണ്ടും ദേവാനന്ദനെത്തി.
വികാരങ്ങൾ ഒന്നും പ്രകടിപ്പിക്കുന്ന രീതിയില്ലല്ലോ അയാൾക്ക്. എന്നാലും വല്ലാത്തൊരു വിഷമം അനുഭവിക്കുന്നതായി ആ മുഖം വിളിച്ചു പറഞ്ഞു. ഇഷ്ടവും ഇഷ്ടക്കേടും , പരിഭവവും പരാതിയും എല്ലാം നിറഞ്ഞ എത്രയെത്ര ഏട്ടാ വിളികൾ. എതിർപ്പു പറയുമ്പോഴും പിണങ്ങുമ്പോഴും മനസ്സിലെവിടെയോ സ്നേഹത്തിന്റെ ഒരു സ്പർശം അവൻ ബാക്കി വെക്കാറുണ്ടായിരുന്നു. കുറേ നേരം ആ നിശ്ചലമായ മുഖത്തേക്കയാൾ നോക്കി നിന്നു.
കൈകൾ ചേർത്തു പിടിച്ചു കടന്നു വന്ന ഒരു കുട്ടിക്കാലം …. ആ മനസ്സിൽ തെളിഞ്ഞിരിക്കാം.
ഭാഗ സമയത്ത് വേണം എന്ന് അവൻ വാശി പിടിച്ച ഏക സ്ഥലമായ തെക്കേ തൊടിയിലേക്ക് അവനും പോവുന്നു. അച്ഛനും അമ്മയും ആര്യയും അവിടെയാണ് ….. ഇപ്പോൾ അടുത്ത് അവനായും ചിതയൊരുങ്ങുന്നു. അങ്ങനെ തന്റെ രാമനും …… ഇനി ഈ ഭൂമിയിൽ തനിക്ക് …..

ഞവരക്കാട്ട് താൻ പൂർണമായും അന്യനാകുന്നു എന്ന സത്യം ദേവാനന്ദറിഞ്ഞു.
ശങ്കരൻ മാത്രം നന്നായി ലോഹ്യം പറഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്നിരുന്ന ശങ്കരന്റെ മനസ്സ് വായിക്കാൻ ദേവാനന്ദനു കഴിഞ്ഞു.രാമന്റ കാലു തൊട്ട് നമസ്കരിക്കുമ്പോൾ ശങ്കരൻ കരഞ്ഞു പോയതിലെ ആത്മാർത്ഥതയും അയാൾക്ക് മനസ്സിലായി.

പഴയ തലമുറയിൽപ്പെട്ട ചിലർ ലോഹ്യം ചോദിച്ചു.

“മക്കളൊക്കെഎവിടെ ”

“മകൻ അമേരിക്കയിലാണ് .മകൾ ബാംഗ്ലൂരിൽ ” ദേവാനന്ദൻ മറുപടി നൽകി.

“ആണോ മക്കളെയൊന്നും കണ്ടിട്ടേയില്ല”
എന്ന് ഒരാൾ

“ആര്യയുടെ കല്യാണത്തിനു കണ്ടിരുന്നു. അന്ന്കുട്ടികളാണല്ലോ.”
വേറൊരാൾ

ചടങ്ങുകൾ മുഴുവൻദേവാനന്ദൻ നോക്കി നിന്നു. വിതുമ്പിയില്ല. ഉള്ളിലൊതുക്കി. അകത്തു തളർന്നു കിടക്കുന്ന മാലിനിയെ കണ്ടു. പിന്നെമാലിനിയുടെ കൂടെയിരിക്കുന്ന ശൈലയോട് പറഞ്ഞു.

“മടങ്ങാം. ”

ശേഷംശ്രീക്കുട്ടനെ കണ്ടു.ഭാര്യ ജയയെ കണ്ടു. ജയ ദേവാനന്ദനും ശൈലയും ഇറങ്ങുന്ന നേരം പടിവരെ. കൂടെച്ചെന്നു.
ദേവാനന്ദന് അത് വിസ്മയമായി തോന്നി.

“മാലിനിക്ക് ചേർന്ന മരുമകൾ. ചോദിച്ചറിഞ്ഞു വന്നു സംസാരിക്കുന്നു. വല്യമ്മേ എന്ന് വിളിക്കുന്നു. കുറച്ചു ദിവസം ഇവിടെ നിന്നൂടെ എന്ന് ചോദിക്കുന്നു. ശ്രീക്കുട്ടനാവട്ടെ കണ്ടു എന്ന് നടിച്ചു .അത്ര തന്നെ.”

ശൈല പറഞ്ഞതിന് ദേവാനന്ദൻ മറുപടിയൊന്നും നൽകിയില്ല.

രാമാനന്ദന്റെ മരണശേഷവും ഞവരക്കാട് തന്നെ തുടരാനാണ് മാലിനി നിശ്ചയിച്ചത്.ഏകയായി അഞ്ച് വർഷങ്ങൾ. സഹായത്തിന് പകൽ ശാന്ത വരും. രാത്രി അടുത്തുള്ള വീട്ടിലെ പെൺകുട്ടി ദേവിയോ അവളുടെ അമ്മയോ ചിലപ്പോൾ രണ്ടു പേരും കൂടിയോ വന്നു കിടക്കും.ശ്രീക്കുട്ടൻ എല്ലാ ആഴ്ചയും വരും.പിന്നെ ഓരോരോ അസുഖങ്ങൾ അലട്ടിയപ്പോൾ മാലിനി ശ്രീക്കുട്ടന്റെ കൂടെ പോയി.

“അമ്മ വരാം ശ്രീക്കുട്ടാ.ഇനി ഒന്നും നോക്കീട്ടു കാര്യല്ല്യ. നിങ്ങൾക്കാർക്കും ഒരു പ്രയാസമുണ്ടാവര്ത്. അത്രേയുള്ളൂ അമ്മയ്ക്ക്.”

ഞവരക്കാടിനെ ഞവരക്കാട്ടുകാരെ ജീവനെക്കാളേറെ സ്നേഹിച്ച മാലിനി സങ്കടം ഉള്ളിലൊതുക്കി തന്നെയാവണം ആ തറവാട്ടിൽ നിന്നുമിറങ്ങി മകനൊപ്പം പോയത്.

ജയ നന്നായി ശ്രദ്ധിച്ചിരുന്നു മാലിനിയെ.ശ്രീക്കുട്ടൻ ജയയുടെ കൈയ്യിൽ പൂർണ്ണമായും ഭദ്രമാണെന്ന ബോദ്ധ്യത്തോടെ അവരുടെ സന്തോഷമുള്ള ജീവിതം കണ്ടും തന്റെ പേരക്കുട്ടിയെ സ്നേഹിച്ചും ആ സ്നേഹം നന്നായി തിരിച്ചു വാങ്ങിയും എല്ലാം തന്നെയാണ് മാലിനി ജീവിച്ചതും നാല് വർഷങ്ങൾക്ക് ശേഷം കണ്ണടച്ചതും. ജീവിതകാലം മുഴുവൻ നന്മകളാൽ പ്രകാശിച്ച ആ ധന്യമായ ജന്മവും ഞവരക്കാട് ഒടുങ്ങി. ആഗ്രഹപ്രകാരം സംസ്കാരം ഞവരക്കാട് തെക്കേ തൊടിയിൽ തന്നെ നടത്തി. സാക്ഷ്യം വഹിക്കാൻ ഈറനണിഞ്ഞ കണ്ണുകളുമായി ശങ്കരൻ.
ശാരീരിക അവശതകൾ അലട്ടുന്ന സമയമായിരുന്നു വെങ്കിലും ദേവാനന്ദനും എത്തി.അത്തവണ മടങ്ങുമ്പോൾ അയാളുടെ മൗനത്തിന് വേദന കൂടി കലർന്നിരുന്നുവോ.ഇനി താൻ ഒരു തവണ കൂടി ഞവരക്കാട്ടേക്കുണ്ടാവില്ല എന്നും ഇത് ഇവിടേക്കുള്ള തന്റെ അവസാന വരവാണ് എന്നുമൊരു തോന്നൽ ആ മനസ്സിൽ ശക്തമായിരുന്നോ. കൃത്യമായി വായിച്ചെടുക്കാനായില്ല.

മാലിനിയും വിട പറഞ്ഞതോടെ ഞവരക്കാടും പാടാക്കരയുമൊക്കെ ശ്രീക്കുട്ടനും അന്യമായി.പാടാക്കരയിലെ സ്വത്തുക്കൾ വിറ്റപ്പോൾ ജയക്കുണ്ടായ സങ്കടം പോലും ശ്രീകുമാറിനുണ്ടായില്ല.

“അവിടെ കിടന്നോട്ടെ എന്തിനാവെറുതെയത് ”
എന്ന് ജയചോദിച്ചതിന്
ശ്രീകുമാർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

“ജയേ നിൻ്റെ ചോദ്യത്തിലുണ്ട് ഉത്തരവും .എന്തിനാ വെറുതയത്….. ”

“എന്നാലും ”

“എന്താ നിനക്ക് പോയി അവിടെ വാഴ വെക്കണോ.”

“വാഴയ്ക്ക് ഞാൻ പോയി നേരിട്ട് വെക്കണം എന്നൊന്നും നിർബന്ധം ഇല്ല ശ്രീയേട്ടാ. നാളെ അച്ഛന്റെ നാടാണ് എന്ന് പറഞ്ഞ് മോൾക്ക് ഒന്നു ചെല്ലണമെങ്കിൽ … ഒരുപാട് പേരുടെ ഓർമ്മകൾ… ”

“ജയേ നീയേതു ലോകത്താ …. എത്കാലത്താ …. മോൾക്ക് കാണാൻ ലോകത്ത് ഒരു പാട് കാഴ്ചകൾ ഉണ്ട് സ്ഥലങ്ങൾ ഉണ്ട് അതവൾ കണ്ടാളും. അവരുടെ ഓർമ്മകൾ വേറെയാണ് അതാണ് അവർക്കിഷ്ടം. അല്ലാതെ ഇനി ആർക്കും ഉപകാരമില്ലാത്ത അച്ഛന്റെയും, അച്ഛച്ഛന്റേയുമൊന്നും പഴയ ഓർമ്മകളല്ല. ബീ…. പ്രാക്ടിക്കൽ. ഏതായാലും ഓർമ്മ വരുമ്പോൾ ഓടി ചെല്ലാൻ മാത്രം കുറേ സ്ഥലം വെറുതെയിടാൻ ഞാനില്ല.”

ജയ പിന്നെയൊന്നും പറഞ്ഞില്ല. ആ സംസാരം അവിടെ തീർന്നു.അതോടെ പാടാക്കരയിലെ ഞവരക്കാട് തറവാടും അവസാനിച്ചു.

ശ്രീകുമാറിന്റെ ഔദ്യോഗിക രംഗത്തെ വളർച്ച പെട്ടെന്നായിരുന്നു.
എന്നാൽ അത് കൃത്യമായ ധാരണകളിൽ ശ്രദ്ധയോടെ രൂപപ്പെടുത്തിയതുമായിരുന്നു.എൻ.ആർ എന്ന പേരിൽ നാടാകെ അറിയപ്പെടുന്ന മികച്ച സർജൻ.വലിയ വലിയ ആശുപത്രികളിൽ സേവനത്തിനു ഉയർന്ന വേതനത്തിനു ക്ഷണിക്കപ്പെടുന്ന പ്രാഗത്ഭ്യം. അതൊക്കെ വളരെ നന്നായി പരമാവധി ഉപയോഗപ്പെടുത്തുക തന്നെ ചെയ്യുന്ന സ്വഭാവം. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന രീതി.ഓരോ കാര്യങ്ങൾ പറയുമ്പോഴും പറഞ്ഞ് കഴിഞ്ഞസമയം ബീ.. പ്രാക്ടിക്കൽ എന്ന് ചേർക്കുന്നത് വെറും വാക്കായല്ല .ഇപ്പോൾ ജോലി ചെയ്യുന്നിടത്തും ഡോ: എൻ.ആർ. വിസ്മയം തന്നെയാണ്. സ്റ്റാഫിനോടും ജൂനിയേഴ്സിനോടുമെല്ലാം നിശ്ചിത അകലം സൂക്ഷിക്കുന്ന ഗൗരവക്കാരൻ. തിളക്കമുള്ള ആ കണ്ണുകളിൽ, കൃത്യതയുള്ള വാക്കുകളിൽ കാര്യബോധമല്ലാതെ മറ്റൊന്നും അവരാരുമിതുവരെ കണ്ടിട്ടില്ല. കർശന നിർദ്ദേശങ്ങളല്ലാതെ ഒന്നും കൈമാറാറില്ല. എൻ. ആറിനോട് കാര്യങ്ങൾ മാത്രം സംസാരിക്കാനേ എവർക്കും ധൈര്യമുള്ളൂ. അതു കൊണ്ടു തന്നെയാവണം
എത്രയോ കാലമായി കാണുന്നവരിൽ ആ വെള്ളിയാഴ്ച ഉണ്ടായ അനുഭവം ,അവർ കണ്ട കാഴ്ച അവർക്ക് വിസ്മയമാകാതിരിക്കുന്നതെങ്ങനെ.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments