ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സർക്കാരിന്റെ ലോക് ബന്ധു ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി പത്തോടെ തീപിടിത്തമുണ്ടായത്. ഇരുന്നൂറോളം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു രോഗി മരിച്ചതായി റിപ്പോർട്ടുണ്ട്.
സ്ത്രീകളുടെ എമർജൻസി വാർഡിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിച്ചതോടെ ആശുപത്രിയിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നാലെ പുക വ്യാപിക്കുകയായിരുന്നു.
ഉടനെ രോഗികളെ മാറ്റാനാരംഭിച്ചു. ആശുപത്രിയില്‍ നിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളെയടക്കം ആശുപത്രിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.