Friday, October 18, 2024
Homeഇന്ത്യവീണ്ടും വിദ്വേഷനാവ്‌ ; കടുത്ത പരാമർശങ്ങളും പ്രസ്‌താവനകളും തുടർന്ന്‌ മോദി.

വീണ്ടും വിദ്വേഷനാവ്‌ ; കടുത്ത പരാമർശങ്ങളും പ്രസ്‌താവനകളും തുടർന്ന്‌ മോദി.

ന്യൂഡൽഹി;ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസാനഘട്ടത്തിലേക്ക്‌ കടക്കുമ്പോഴും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള കടുത്ത വിദ്വേഷ പരാമർശങ്ങളും പ്രസ്‌താവനകളും തുടർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ എസ്‌പി–- കോൺഗ്രസ്‌ സഖ്യത്തിന്‌ അതിർത്തിക്ക്‌ അപ്പുറത്തുള്ള ജിഹാദികളുടെ പിന്തുണയുണ്ടെന്ന്‌ യുപിയിലെ ദേവ്‌രിയയിൽ തെരഞ്ഞെടുപ്പ്‌ റാലിയിൽ മോദി ആരോപിച്ചു. രാജ്യത്ത്‌ വോട്ട്‌ ജിഹാദിന്‌ അവർ ആഹ്വാനം ചെയ്‌തിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്ന ചിലരുണ്ട്‌. ജൂൺ നാലിന്‌ അവർക്ക്‌ ചില സ്വപ്‌നങ്ങളുണ്ട്‌. എസ്‌പി–- കോൺഗ്രസ്‌ ഇന്ത്യ കൂട്ടായ്‌മയ്‌ക്കായി പാകിസ്ഥാനിൽ പ്രാർഥനകൾ നടക്കുകയാണ്‌. അതിർത്തിക്കപ്പുറത്തുള്ള ജിഹാദികൾ അവരെ പിന്തുണയ്‌ക്കുകയാണ്‌. എസ്‌പിയും കോൺഗ്രസും അടങ്ങുന്ന ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ രാജ്യത്തിന്റെ പുരോഗതിയിൽ താൽപ്പര്യമില്ല. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുന്നതിനാൽ ‘ഇന്ത്യ ജമാത്ത്‌’ തന്നെ അപഹസിക്കുകയാണ്‌. കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും പൗരത്വഭേദഗതി നിയമം പിൻവലിക്കുമെന്നുമാണ്‌ അവരുടെ വാഗ്‌ദാനം. ഇന്ത്യ കൂട്ടായ്‌മ ആഗ്രഹിക്കുന്ന കാര്യങ്ങൾതന്നെയാണ് ഇന്ത്യ വിരുദ്ധ ശക്തികളും ആഗ്രഹിക്കുന്നത്‌–- മോദി പറഞ്ഞു.

ഏപ്രിൽ 19ന്‌ ഒന്നാംഘട്ടം വോട്ടെടുപ്പ്‌ കഴിഞ്ഞതിനുശേഷമാണ്‌ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള കടുത്ത വിദ്വേഷ പ്രസംഗങ്ങളിലേക്ക്‌ മോദി കടന്നത്‌. മതാടിസ്ഥാനത്തിലുള്ള മോദിയുടെ പ്രസംഗങ്ങൾക്കെതിരായി സിപിഐ എം, കോൺഗ്രസ്‌ തുടങ്ങിയ പ്രതിപക്ഷ പാർടികൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ചിട്ടും
ഒരു നടപടിയുമുണ്ടായില്ല.

മോദിക്കൊപ്പം അമിത്‌ ഷാ, ആദിത്യനാഥ്‌, ഹിമന്ദ ബിസ്വ സർമ തുടങ്ങിയ ബിജെപി നേതാക്കളും കടുത്ത വർഗീയ പരാമർശങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ റാലികളിൽ നടത്തുന്നത്‌.

പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യയെ ലക്ഷ്യംവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘മുജ്‌റ’ നൃത്തം പരാമർശത്തിൽ കടുത്ത വിമർശം. ന്യൂനപക്ഷങ്ങളെ തൃപ്‌തിപ്പെടുത്താൻ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ ‘മുജ്‌റ’ നൃത്തം ആടാൻപോലും തയാറാകുമെന്നാണ്‌ മോദി തെരഞ്ഞെടുപ്പ്‌ റാലിയിൽ പറഞ്ഞത്‌. മുഗൾകാലഘട്ടത്തിൽ കൊട്ടാരദാസിമാരും മറ്റും അവതരിപ്പിച്ച നൃത്തരൂപമാണ് മുജ്റ. മോദി പദവി മറന്നുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്‌ അപമാനകരമാണെന്ന്‌ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. എസ്‌സി, എസ്‌ടി, ഒബിസി സംവരണത്തിൽനിന്ന്‌ ഇന്ത്യ കൂട്ടായ്‌മ ന്യൂനപക്ഷങ്ങൾക്ക്‌ സംവരണം നൽകും. വോട്ട്‌ ബാങ്കിനായി അടിമത്തവും ‘മുജ്‌റ’യും അവർ നടത്തും–- ബിഹാറിലെ കർക്കാട്ട്‌, പാടലിപുത്ര, ബക്‌സർ എന്നിവിടങ്ങളിൽ നടത്തിയ റാലികളിലായിരുന്നു മോദിയുടെ അധിക്ഷേപം. ബിഹാർ പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവിനെതിനെ അറസ്റ്റ്‌ ഭീഷണിയും മോദി നടത്തി. ഹെലികോപ്റ്ററിലുള്ള തേജസ്വിയുടെ കറക്കം കഴിഞ്ഞാൽ ജയിലിലേക്കുള്ള വഴി തീരുമാനമാകുമെന്നായിരുന്നു മോദിയുടെ ഭീഷണി.

മോദിയുടെ ‘മുജ്‌റ’ പരാമർശം ബിഹാറിനെ അധിക്ഷേപിക്കുന്നതാണെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പ്രതിപക്ഷത്തിനെതിരായ ‘മുജ്‌റ’ പരാമർശം മുൻനിർത്തി തേജസ്വി മോദിക്ക്‌ കത്തയച്ചു. ഭിന്നിപ്പിന്റെ ഭാഷ മോദി വഹിക്കുന്ന പദവിക്ക്‌ യോജിച്ചതല്ല. ജാതി സെൻസസ്‌ കേന്ദ്രം നിഷേധിച്ചപ്പോൾ ബിഹാർ സ്വന്തമായി അത്‌ നടത്തി. പിന്നാക്കക്കാർക്കുവേണ്ടി നിലകൊള്ളുന്നെങ്കിൽ
ഗോൾവാൾക്കറുടെ വിചാരധാര അംഗീകരിക്കുന്നില്ലെന്ന്‌ പരസ്യമായി പറയണം. മണ്ഡൽ കമീഷനെ അദ്വാനിക്കൊപ്പം ചേർന്ന്‌ എതിർത്തയാളാണ്‌ മോദിയെന്നും തേജസ്വി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ്‌ ചെയ്യാനും തേജസ്വി വെല്ലുവിളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments