Sunday, December 22, 2024
Homeസ്പെഷ്യൽപുതുമോടി ആചാര, ആഘോഷങ്ങൾ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ തൃശൂർ

പുതുമോടി ആചാര, ആഘോഷങ്ങൾ (ഓർമ്മകുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പൻ തൃശൂർ

പഴയകാലത്ത് തിങ്കളാഴ്ച്ച കല്ലൃാണം കഴിഞ്ഞ് അന്ന് മുതൽ ശനിയാഴ്ച്ച വരെ പുതു മരുമകൻ ഭാര്യ വീട്ടിൽ തങ്ങും. ഇഷ്ടമില്ലെങ്കിലും ആ കാലത്തെ ആചാരം അങ്ങനെയായിരുന്നതുകൊണ്ട് രണ്ട് ദിവസം കഴിയുമ്പോൾ മരുമകൻ മാത്രം വീട്ടിലേക്ക്പോയി രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും വരും. ശനിയാഴ്ച്ച ചെക്കന്റെ വീട്ടിൽ നിന്ന് അടുത്ത ബന്ധുക്കൾ ഉച്ചയോടു കൂടി രണ്ടുപേരെയും കൂട്ടിക്കൊണ്ടു പോകാൻ വരും. ഊണ് കഴിച്ച് രണ്ടുപേരെയും കൂട്ടിക്കൊണ്ടു പോകുന്നതോടെ പിന്നീട് ഭർത്താവിന്റെ വീട് സ്വന്തം വീടായി മാറുന്നു.
അതോടെ ഭർത്താവിന്റെ അപ്പന്റേയും, അമ്മയുടേയും സ്വന്തം മരുമകളായി തീരുന്നു.

നെൽകൃഷിയും, തെങ്ങിൻ തോപ്പുകളും, മറ്റുമായി ധനാഢ്യരായവരാണ് ഭർത്താവിന്റെ വീട്ടുകാരെങ്കിൽ പുതു മരുമകളെ പിറ്റേന്ന് മുതൽ കാണാനും വസ്ത്രങ്ങളും പണവുമായി കിട്ടുന്നത് വാങ്ങാനുമായി ആണുങ്ങളും പെണ്ണുങ്ങളുമായ പണിക്കാർ കൂട്ടമായി വന്നുതുടങ്ങും. പല പ്രദേശങ്ങളിലും പല പേരുകളിലാണ് പണിക്കാർ മരുമകളെ വിളിക്കുക ചില ഇടങ്ങളിൽ അവർക്ക് മാപ്പിളച്ചിയും, മഡൃാരു൦, മുതലാളിച്ചിയും, ചെറിയ കൊച്ചമ്മയും ഒക്കെയാണ്. വസ്ത്രങ്ങൾ അലക്കുന്ന ചോമയും, പാണ്ടിയും ചിലയിടങ്ങളിൽ ഇവരെ വേലത്തി എന്നും വിളിക്കും. അവരെല്ലാം ആ കൂട്ടത്തിൽ ഉണ്ടാകും. അവർക്ക് കൊടുക്കുവാനുള്ളത് മരുമകൾ വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ടാകും.

മരുമകൾ ചന്തം ഉണ്ടെങ്കിലും ഇല്ലെങ്കിലും പണിക്കാരെ സംബന്ധിച്ചിടത്തോളം പാരിതോഷികങ്ങൾ കയ്യിൽ കിട്ടുന്നതുവരെ ഭൂലോക സുന്ദരികളാണ്. അവരുടെ പുകഴ്ത്തലുകൾ കേട്ട് മരുമകൾ ആ സമയം നിലത്തൊന്നുമല്ല നിൽക്കുക.

വിരുന്നിനു ക്ഷണിച്ച ബന്ധു വീടുകളിൽ ഓരോന്നായി പോയിത്തുടങ്ങും. മിക്കവരും ഉച്ച ഊണിന് ആയിരിക്കും ക്ഷണിച്ചിട്ടുണ്ടാകുക. സൗകര്യം പോലെ ഉച്ചതിരിഞ്ഞ് ക്ഷണിച്ചില്ലെങ്കിലും ബന്ധുവീടുകളിൽ പോകും. ഇന്നത്തെ പോലെ ആ പഴയ കാലത്ത് രാത്രി ഭക്ഷണത്തിന് വിളിക്കുന്ന പതിവില്ല.

കച്ചവടക്കാരോ, നാട്ടിൽ തന്നെ ജോലിയുള്ളവരോ ആണെങ്കിൽ വിരുന്നിന് സൗകര്യം പോലെ പോയാൽമതി. വേറെ പല ദിക്കുകളിലും ജോലിയുള്ളവർക്ക് അങ്ങിനെ പോകാൻ കഴിയുകയില്ല. അവിടെ പോയി ഇവിടെ വന്നില്ല എന്ന പരാതി അവർക്ക് കേൾക്കേണ്ടിവരും.

കല്ലൃാണം കഴിഞ്ഞ് ആദ്യം വരുന്ന ഇടവക പള്ളിയിലെ പെരുന്നാളിന് രണ്ടു കൂട്ടരും കുടുംബത്തിലുള്ള എല്ലാവരെയും ക്ഷണിയ്ക്കും. കുടുംബത്തിലധികം ആളുകൾ ഉണ്ടെങ്കിൽ കുട്ടികളും മുതിർന്നവരുമായി കുറച്ചുപേർ മാത്രം പോകും. വരുന്ന കുട്ടികൾക്ക് നേർച്ച ഇടാൻ എന്ന് പറഞ്ഞു കുറച്ചു പൈസ കൊടുക്കും. അതിൽ മിടുക്കന്മാരും, മിടുക്കികളും പേരിനു മാത്രം കുറച്ചു പൈസ നേർച്ചയിട്ട് ബാക്കി കൊണ്ട് കളി കോപ്പുകളൊ, പെൺകുട്ടികൾ ആണെങ്കിൽ അവർക്ക് ആവശ്യമുള്ള വളയും,മാലയും മറ്റോ വാങ്ങിയിട്ടുണ്ടാവും.

കല്ല്യാണം കഴിഞ്ഞ് പുതു മരുമകളായി ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്ന വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ എങ്ങിനെ എൻ്റെ ചേച്ചിയുടെ വിശേഷങ്ങൾ ഉൾപ്പെടുത്താതിരിക്കും. കല്ല്യാണം കഴിഞ്ഞ് ആചാര പ്രകാരമുള്ള അളിയന്റെ പോക്കും വരവും കഴിഞ്ഞ് ആ ശനിയാഴ്ച്ച അളിയന്റെ പെങ്ങളും ,അളിയനും പുതു ദമ്പതികളെ കൂട്ടിക്കൊണ്ടു പോകാൻ വന്നു. ഊണ് കഴിച്ച് , കാപ്പിയും കുടിച്ച് അവർ ഇരിഞ്ഞാലക്കുടയിലെ അളിയന്റെ വീട്ടിലേക്ക് യാത്രയായി. അവിടെയെത്തി കാറിന്റെ ഡിക്കിയിൽ വച്ചിരുന്ന ചേച്ചിയുടെ സാരിയും ,മേക്കപ്പ് സാധനങ്ങളും അടങ്ങുന്ന വലിയ തുകൽ പെട്ടി കാറിൽ നിന്ന് ഇറക്കാൻ രണ്ടാളുടെ സഹായം വേണ്ടിവന്നു. ആ തുകൽ പെട്ടിയിൽ C.I. Rosily എന്ന് എഴുതിയത് അവർ കണ്ടത് അതിശയത്തോടെയായിരുന്നു. എന്റെ അപ്പൻ തുകൽ പെട്ടി ഉണ്ടാക്കിയ കമ്പനിക്കാരോട് പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ചതായിരു അത്.

ചേച്ചിയെ സംബന്ധിച്ചിടത്തോളം വീട്ടിൽ കല്ലൃാണ പന്തൽ കെട്ടിയതിന്റെ തലേദിവസം വരെ അവിടെ കൂട്ടുകാരികളുമായി ഞൊണ്ടിപ്രാന്തിയും, ഇലയിട്ട കളിയും,ഒളിച്ചു കളിയും കളിച്ചു നടന്നിരുന്ന ഇളം പ്രായത്തിൽ, വിവാഹമെന്ന സ്വപ്നം പൂവണിയുന്നതിനും എത്രയോ മുമ്പ് ഒരു കുടുംബിനി ആയതിലുള്ള കുറവുകളുമായിട്ടാണ് ചേച്ചി അളിയന്റെ വീട്ടിലേക്ക് കയറി ചെന്നത്. അവിടെ അളിയന്റെ അപ്പനും അമ്മയും, മൂത്ത രണ്ട് ചേട്ടന്മാരും, അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം. അവിടെ നാം കാണുന്നത് ചേച്ചിയുടെ തല ചീകി രണ്ടായി മെടഞ്ഞ് റിബ്ബൻ കെട്ടിക്കൊടുക്കുന്ന ഒരു അമ്മായിയമ്മയെയാണ്. നഖങ്ങളിൽ വിവിധതരം പോളിഷ് ഇട്ടുകൊടുക്കുന്നതും കാണാം. അമ്മയുടെ പരിലാളനകൾ കഴിഞ്ഞ് തന്റെ ഭാര്യയെ ഒന്നു കയ്യിൽ കിട്ടാൻ അളിയൻ കൊതിച്ചിരുന്നുവത്രേ.

അളിയന്റെ കുടുംബത്തിനുള്ള കൃഷിയിടത്തേയും ,പറമ്പുകളിലെയും പണിക്കാർ പുതു മരുമകളായ ചേച്ചിയെ കാണാൻ വന്നിരുന്നു. അവർക്ക് എല്ലാം ചേച്ചി പാരിതോഷികങ്ങൾ നൽകി .

വീട്ടിൽ ആണെങ്കിൽ അടുക്കള എവിടെയാണെന്ന് പോലും ചേച്ചിക്ക് അറിയില്ല. ചെറുപ്പക്കാരായ അപ്പന്റെയും, അമ്മയുടെയും പൊന്നുമോൾ ആയി വളർന്നത് കൊണ്ട് പാചകം എന്നത് എന്തെന്നറിയില്ല. എന്നാൽ അവിടെ ഉണ്ടായിരുന്ന രണ്ട് ജേഷ്ഠത്തിമാരുടെ ശിക്ഷണത്തിൽ ഏതാനും ദിവസങ്ങൾ കൊണ്ട് ഒരു നല്ല പാചകക്കാരിയായി ചേച്ചി. ചേച്ചി സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഹിന്ദി വിഷയത്തിൽ നല്ല മാർക്ക് കരസ്ഥമാക്കി കൊണ്ടിരുന്നു. അളിയന്റെ ഒരു ചേട്ടൻ്റെ മകന് ഹിന്ദി വളരെ വിഷമം പിടിച്ച വിഷയമായിരുന്നു. അവനെ ഹിന്ദി പഠിപ്പിച്ച് നല്ല മാർക്കോടെ വിജയിപ്പിച്ച ഒരു ഹിന്ദി ടീച്ചറായി മാറി ചേച്ചി അവിടെ.

അന്നത്തെ ആചാരപ്രകാരം എന്റെ അപ്പനും അമ്മയും അളിയനെയും ചേച്ചിയെയും കൂട്ടിക്കൊണ്ടുവരാൻ അളിയന്റെ വീട്ടിൽ പോയി . ബേക്കറി സാധനങ്ങളും മറ്റുമായി ധാരാളം സാധനങ്ങൾ അവിടേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ അളിയനും ചേച്ചിയും അളിയന്റെ വീട്ടിലേക്ക് പോയി.
കല്ല്യാണം കഴിക്കുമ്പോൾ അളിയൻ മൂന്നാറിൽ വൈദ്യുതി ബോർഡിന്റെ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ആയിരുന്നു. ക്വാർട്ടേഴ്സ് കിട്ടാതിരുന്നത് കൊണ്ട് അളിയൻ മാത്രം മൂന്നാറിലെ ജോലി സ്ഥലത്തേക്ക് പോയി.

വൈദ്യുതി ബോർഡിന് ആനയിറങ്കൽ എന്ന സ്ഥലത്തു ഒരു ഡാം പണിയണം. അസ്തിവാരത്തിൽ പാറയില്ല. മണ്ണു ഡാം പണിതേ തീരൂ. അവിടെയുള്ളവർ അന്നേ വരെ അത്തരം ഒരു ഡാം പണിയുന്നതു കണ്ടിട്ടുപോലുമില്ല. വാഴാനി മണ്ണു ഡാമിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതക്കാരനായിരുന്നു അളിയൻ വാഴാനിയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഐ ഇടിക്കുള്ള പഞ്ചാബിൽ പോയി മണ്ണു ഡാം പണിയുന്നതിന്റെ സാങ്കേതിക കാര്യങ്ങൾ പഠിച്ചു വന്നിരുന്നു. അദ്ദേഹത്തിൽ നിന്ന് പകർന്നു കിട്ടിയതും, തിരുവനന്തപുരത്തെ എഞ്ചിനീയർ കോളേജിൽ നിന്ന് സോയിൽ മെക്കാനിക്സ് പഠിച്ചതിനുള്ള അറിവും അളിയന് ഉണ്ടായിരുന്നു. അതുകൊണ്ട് അളിയനെ എങ്ങിനെയെങ്കിലും പിടിച്ചുനിർത്തണമെന്ന് ബോഡിലുള്ളവർ തീരുമാനിച്ചു .

കല്ലൃാണം കഴിഞ്ഞ അളിയനെ സംബന്ധിച്ചിടത്തോളം താമസിക്കാൻ ഒരു ക്വാർട്ടേഴ്സ് കിട്ടിയെ തീരു .അത് കിട്ടിയില്ലെങ്കിൽ അളിയൻ പോകും . അങ്ങനെ പോകാതിരിക്കാൻ ഉടനെ അവർ അളിയന് ഒരു ക്വാർട്ടേഴ്സ് തരപ്പെടുത്തി കൊടുത്തു. പല ഉദ്യോഗസ്ഥന്മാരുടെയും ആയി ഫർണിച്ചറുകൾ സംഘടിപ്പിച്ചു. ഒരു തേക്കിന്റെ കട്ടിൽ മാത്രം അളിയൻ 32 രൂപയ്ക്ക് വാങ്ങി. വേഗം തന്നെ നാട്ടിലേക്ക് വന്ന് ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി.

എട്ടേത്, പൊട്ടേത് എന്നു തിരിച്ചറിയാൻ കഴിയാത്ത പ്രായം ആണെങ്കിലും അളിയന്റെ വീട്ടിൽ കണ്ട ഒത്തൊരുമയും, തമ്മിൽ തമ്മിലുള്ള ബഹുമാനങ്ങളും ഒരു കുടുംബം എങ്ങനെ കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഒരു ബോധം ഉണ്ടാകാൻ ചേച്ചിയെ സഹായിച്ചു.

മൂന്നാറിൽ ക്വാർട്ടേഴ്സിൽ അളിയനും ചേച്ചിയും മാത്രമായ ഒരു കുടുംബം താമസം തുടങ്ങി. മൂന്നാറിലെ ജോലിസ്ഥലത്തെ എല്ലാവർക്കുമായി ഒരു ടീ പാർട്ടി നടത്തി.

. ഐ. ഇയ്യപ്പൻ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments