Sunday, January 12, 2025
Homeഅമേരിക്കഡോ. നിത്യ പി. വിശ്വവുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം . (അഭിമുഖ പരമ്പര...

ഡോ. നിത്യ പി. വിശ്വവുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം . (അഭിമുഖ പരമ്പര 15)

ഡോക്ടർ തോമസ് സ്കറിയ

എഴുത്തിനോടും അധ്യാപനത്തോടും ഉത്തരവാദിത്വമുള്ള സാഹിത്യനിരൂപികയാണ് ഡോ. നിത്യ പി. വിശ്വം. ഉറൂബിൻ്റെ ചിരി, വള്ളത്തോൾ കവിതയിലെ നാടകീയത, ഭാവലോകങ്ങളിൽ എന്നീ കൃതികൾ അവരിലെ ഉത്തരവാദിത്വമുള്ള നിരൂപികയെ വെളിപ്പെടുത്തുകയുണ്ടായി. നിതാന്ത ജാഗ്രതയിൽ നിന്നാവണം നിരൂപണമുണ്ടാവേണ്ടത് എന്ന് അവർ വിശ്വസിക്കുന്നു. ഉൽകൃഷ്ടസാഹിത്യ നിരൂപണത്തിൻ്റെ നിരയിൽ ഇടം പിടിച്ച പുസ്തകങ്ങളാണ് ഡോ. നിത്യയുടേത്. ഗവേഷണ പ്രാധാന്യമുള്ള ഒട്ടേറെ പ്രബന്ധങ്ങൾ ഡോ. നിത്യ പി വിശ്വം രചിച്ചിട്ടുണ്ട്. വർക്കല ശ്രീനാരായണ കോളേജിൽ അധ്യാപികയായിരുന്ന ഡോ. നിത്യ ഇപ്പോൾ കൊല്ലം എസ്. എൻ . കോളേജിൽ മലയാളം വകുപ്പു മേധാവിയായി സേവനമനുഷ്ഠിക്കുന്നു.

ഡോ. നിത്യ പി. വിശ്വവുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം. (അഭിമുഖ പരമ്പര 15)

“അസഹിഷ്ണുത പുതിയ കാലത്തിൻ്റെ സവിശേഷത. വിമർശനം സ്തുതിപാടലായി മാറുന്നതിനോട് യോജിപ്പില്ല “.

ഡോ. നിത്യ പി.വിശ്വം.

ചോദ്യം 1

പാരഡി മലയാള കവിതയിൽ പാരഡി ക്കവിതകളെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സമഗ്ര പഠനമാണ്. ഒരു ചരിത്ര ദൗത്യമാണ് ഡോ. നിത്യ നിർവ്വഹിച്ചത്.ഈ വിഷയസ്വീകാരത്തിൻ്റെ പശ്ചാത്തലമെന്തായിരുന്നു ?

👉എം.എ.യ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നെറ്റ് കിട്ടിയത്. റിസേർച്ച് ചെയ്തേ പറ്റൂ എന്ന് നിർദ്ദേശിച്ചത് വസന്തൻ മാഷാണ്. മാഷ് മാർഗദർശനം നൽകുമെങ്കിൽ ഞാൻ ചെയ്യാമെന്നു പറഞ്ഞു. എന്താണ് ഗവേഷണമെന്നോ എങ്ങനെയാണത് ചെയ്യേണ്ടതെന്നോ ഒന്നുമറിയില്ല. കവിതയാണ് പ്രിയ മേഖല എന്ന തിരിച്ചറിവു മാത്രമുണ്ട്. എന്നാൽ പാരഡിക്കവിതകളിലായിക്കൂടേ, ആരുമിതുവരെ പഠിച്ചിട്ടില്ല എന്ന് കണ്ണുതുറപ്പിച്ചതും വസന്തൻ മാഷാണ്. വലിയ സന്തോഷത്തോടെ ചെയ്യാമെന്നു പറഞ്ഞപ്പോഴും അതിൻ്റെ വൈപുല്യമോ സാധ്യതയോ ദുർഗമതയോ ഒന്നും അറിയില്ലായിരുന്നു. ഹാസ്യാനുകരണ കവിതകൾ സമാഹൃതമായി ഇറങ്ങുന്ന പതിവില്ലാത്തതിനാൽ പഴയ മാസികകളിലും കവിതാസമാഹാരങ്ങളിലും ഏറെ പരന്ന പരതൽ ആവശ്യമായി വന്നു. ഹാസ്യകവിതകളുടെ സമാഹാരങ്ങളിൽപ്പോലും ഹാസ്യാനുകരണകവിതകളെ പ്രത്യേകം തിരയേണ്ടി വന്നു. കണ്ടെത്തിയവയെ പട്ടികപ്പെടുത്തുന്നതിന് ഏറെ പണിപ്പെടേണ്ടി വന്നു. ഹാസ്യസിദ്ധാന്തങ്ങൾ ഇംഗ്ലീഷിലോ സംസ്കൃതത്തിലോ ആയിരുന്നു ഏറേയും . അവ മലയാളകവിതയുടെ സാംസ്കാരിക പരിസരങ്ങൾക്കിണങ്ങിയ മട്ടിൽ വായിച്ച് അലിയിച്ചെടുക്കേണ്ടിയിരുന്നു.

എന്നാൽ ഈ പഠനം മുന്നോട്ടു വെക്കുന്ന സാധ്യതകൾ അതി വിപുലമായിരുന്നു. മലയാള കവിതകൾക്കുണ്ടായിട്ടുള്ള ഹാസ്യാനുകരണങ്ങളെ അതുവരെ സമാഹരിച്ചിട്ടോ പട്ടികപ്പെടുത്തിയിട്ടോ സമഗ്രമായി പഠിച്ചിട്ടോ ഇല്ലായിരുന്നു. അത്തരമൊരു പഠനം ഹാസ്യാനുകരണ കവിതയുടെ ആഴങ്ങളും വൈവിദ്ധ്യങ്ങളും അടയാളപ്പെടുത്തുവാൻ ആവശ്യമായിരുന്നു. പലപ്പോഴും സാമൂഹിക സാംസ്ക്കാരിക ചലനങ്ങൾക്കു നേരെയുള്ള പ്രതികരണമോ പ്രതിഷേധമോ ശുദ്ധീകരണമോ ലക്ഷ്യം വെച്ചു കൊണ്ടാണ് ഹാസ്യാനുകരണകവിത എഴുതപ്പെട്ടിട്ടുള്ളത്. ഒരു സമാന്തര സാഹിത്യ ചരിത്ര നിർമ്മിതി അതിലൂടെ സാദ്ധ്യമാവുന്നുണ്ട്.

ചോദ്യം 2.

പാരഡി പാർശ്വവൽക്കരിക്കപ്പെട്ട ഒരു കവിതാവിഭാഗമാണെന്ന് തോന്നുന്നുണ്ടോ? അതിൻ്റെ ഭാവിയെന്താണ്?

👉എല്ലാക്കാലത്തും അത് അങ്ങനെയല്ല. എഴുതപ്പെട്ട പാരഡിക്കവിതയുടെ ചരിത്രം ആരംഭിക്കുന്നത് കുലശേഖരന്മാരുടെ കാലത്ത് തോലനിൽ നിന്നാണ്. ആ വിദൂഷക കവിക്ക് രാജസദസ്സിലും ജനമനസ്സിലും ബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു എന്നതിനെ സാധൂകരിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ അടയാളപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറം സഞ്ജയൻ്റെ പാരഡികളെ അധികാരസ്ഥാനങ്ങൾ പോലും ഭയപ്പെട്ടിരുന്ന ഒരു കാലം വന്നു ചേർന്നു. വി.കെ. എൻ മുതലായവർ ഗദ്യത്തിൽ നടത്തിയ പാരഡിവിപ്ലവവും ഒട്ടേറെ കാർട്ടൂണുകളിലൂടെ അടിയന്തരാവസ്ഥക്കാലം മുതൽക്ക് ശക്തമായി പ്രചരിക്കുന്ന പാരഡികളും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ചൊൽവഴക്കങ്ങളിലൂടെ പ്രചരിച്ചവ വേറെ. ഇങ്ങനെയൊക്കെയാണെങ്കിലും കവിതയുടെ രാജവീഥികൾ പാരഡിക്കവിതയ്ക്ക് എന്നും അന്യമായിരുന്നു. പാരഡിക്കവികളെ കവികളായിത്തന്നെ പലപ്പോഴും പരിഗണിച്ചിട്ടില്ല. പല പാരഡിക്കവിതകളും സാന്ദർഭികമായി മാത്രം രൂപപ്പെടുന്നവയും അപ്പോൾ മാത്രം പ്രസക്തമായവയും ആയതാവാം അതിനുള്ള ഒരു കാരണം. യഥാർത്ഥത്തിൽ കവിക്കുവേണ്ട പ്രതിഭയും വ്യുൽപ്പത്തിയും അഭ്യാസവും കൂടാതെ ജാഗരൂകമായ സാമൂഹിക ചേതനയും കറതീർന്ന ഹാസ്യബോധവും പാരഡിക്കവിക്ക് വേണ്ടതുണ്ട്. ഇവയെല്ലാം ചേർന്ന പാരഡിക്കവിതകൾ തുലോം കുറവു തന്നെയാണിപ്പോൾ. ആത്മാവിഷ്ക്കാരത്തിനപ്പുറം സാമൂഹികമായ ഒരു തലം പാരഡിക്കവിതയ്ക്കുണ്ട്. ആധുനിക സാമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന ട്രോളുകൾ പോലെ പണ്ട് പാരഡി അനുഷ്ഠിച്ച ധർമ്മം നിർവഹിക്കുന്ന ക്രിയേറ്റീവ് ആയ പലതും ഇപ്പോൾ നിലവിലുണ്ട്. സ്കിറ്റ്, ഫ്ലാഷ് മോബ് , വെബ് സീരീസ് ഇവയിലെല്ലാം അപ്പപ്പോൾ പ്രതികരണ സന്നദ്ധമായ ഒരു ചേതനയെ തൊട്ടറിയാനാവുന്നുണ്ട്. മാത്രമല്ല, നിയതമായ ഒരു ശൈലി പിന്തുടരുന്ന കവിയേയോ കവിതയേയോ ആണ് പാരഡിക്കവി അനുകരണത്തിനു പയോഗിക്കുന്നത്. ഒറ്റക്കേൾവിയിലോ ഒറ്റവായനയിലോ മൂലകൃതിയെ ഓർമ്മിപ്പിക്കുവാൻ പാരഡിക്കവിതയ്ക്കാവണം. എങ്കിലേ അത് ലക്ഷ്യവേധിയാവൂ. എഴുത്തച്ഛനിലോ നമ്പ്യാരിലോ കവിത്രയത്തിലോ കാണുന്ന മട്ടിൽ അത്തരത്തിലൊരു നിയതശൈലി മാത്രം പിൻപറ്റുന്നവയല്ല പുതുകവിതകൾ .

ചോദ്യം 3.

വൈലോപ്പിള്ളി സ്മാരക പ്രബന്ധ പുരസ്‌കാരം ഈയിടെ ലഭിക്കുണ്ടായി. ഇതിനു മുൻപും പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതിൻ്റെ വിശദാംശങ്ങൾ ഒന്നു പറയാമോ?

👉 ഗവേഷണത്തിൻ്റെ ഉപലബ്ധിയാണവ. എങ്ങനെ ഒരു വിഷയത്തെ സമീപിക്കണം, വായനയും എഴുത്തും എങ്ങനെ കൃത്യവും ലളിതവും സുന്ദരവുമാക്കണം, എങ്ങനെ വായനക്കുറിപ്പുകൾ തയ്യാറാക്കണം, പൂർവപഠനങ്ങളോടു യോജിച്ചും വിയോജിച്ചും മൗലികവും ശക്തവും സുഘടിതവുമായി സ്വന്തം ആശയങ്ങളെ എങ്ങനെ അടയാളപ്പെടുത്തണം എന്നെല്ലാം മനസ്സിലാക്കിത്തന്നത് ഗവേഷണമാണ്. നിരന്തരം വായിക്കുവാനും എഴുതുവാനും പ്രചോദിപ്പിക്കുന്ന, സ്വയം മാതൃകയാവുന്ന, ഒരുപാടു മുതിർന്ന എഴുത്തുകാർ ചുറ്റിനുമുണ്ടായിരുന്നു. ഏതു മത്സരത്തിൻ്റെ അറിയിപ്പു കണ്ടാലും മുന്നിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികളോടും എഴുതൂ എന്നു നിർബന്ധിക്കുന്ന വസന്തൻ മാഷ് എഴുതാനുള്ള ശക്തമായ പ്രേരണയായി. സമ്മാനം കിട്ടുകയെന്നതല്ല മാഷുടെ ലക്ഷ്യം. ഞങ്ങൾ അത്രക്കെങ്കിലും വായിക്കുമല്ലോ എന്നതാണ്. സ്ക്കൂൾതലം മുതലേ കഥ, കവിത, ഉപന്യാസ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. 2015 ലാണ് കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ പ്രബന്ധമത്സരത്തിൽ വിജയിയാവുന്നത്. ‘മലയാളഭാഷയുടെ മാനകീകരണത്തിൽ എഴുത്തച്ഛൻ്റെ പങ്ക്” എന്നതായിരുന്നു പ്രബന്ധവിഷയം. വള്ളത്തോൾ വിദ്യാപീഠം നൽകുന്ന സാഹിത്യ മഞ്ജരി പുരസ്കാരം ലഭിക്കുന്നത് 2017 ൽ . ‘ വള്ളത്തോൾ കവിതയിലെ നാടകീയത’ എന്നതായിരുന്നു വിഷയം. അതിനു മുമ്പത്തെ വർഷം രണ്ടാം സ്ഥാനമായിരുന്നുവെന്ന് ഈ പുരസ്ക്കാരവേദിയിൽ നിന്നാണറിഞ്ഞത്. വള്ളത്തോൾ കവിതയിലെ ബിംബകല്പനകളെക്കുറിച്ചാണ് അന്ന് എഴുതിയിരുന്നത്. തിരുനല്ലൂർ വിചാരവേദിയുടെ തിരുനല്ലൂർ പ്രബന്ധ പുരസ്ക്കാരം 2018 ൽ ലഭിച്ചു. തിരുനല്ലൂർ കവിതകൾ വായിക്കുവാനുള്ള ആഗ്രഹത്താൽ എഴുതിയതാണത്.
മികച്ച ഭാഷാ ഗവേഷണത്തിനുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാരം (2021)
മികച്ച പഠനഗ്രന്ഥത്തിനുള്ള ആശയം ബുക്സ് ബഷീർ സ്മാരക പുരസ്ക്കാരം (2023) എന്നിവയെല്ലാം എൻ്റെ ഗവേഷണ പ്രബന്ധത്തിനു ലഭിച്ചവയാണ്.
വൈലോപ്പിള്ളി പ്രബന്ധപുരസ്ക്കാരമാണ് (2024) ഒടുവിൽ ലഭിച്ചത്. എന്നും വിസ്മയിപ്പിച്ചിട്ടുള്ള കവിയാണ് വൈലോപ്പിള്ളി. അധികാര ഘടനയോടുള്ള സമീപനം വൈലോപ്പിള്ളിക്കവിതയിൽ’ എന്നതായിരുന്നു പ്രബന്ധവിഷയം.

 

ചോദ്യം 4

അധ്യാപനം, എഴുത്ത് പ്രഭാഷണം എന്നിവയ്ക്കൊപ്പം മോഹിനിയാട്ടത്തിലും അരങ്ങേറ്റം നടത്തിയല്ലോ. നൃത്താനുഭവമൊന്നു പങ്കുവയ്ക്കാമോ?

👉മോഹിനിയാട്ടം അരങ്ങേറ്റം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു.
സ്ക്കൂൾ കാലത്തെപ്പൊഴോ ഭരതനാടും അരങ്ങേറി പതിയേ അഴിച്ചുവെച്ച ചിലങ്ക അതിലും ഇഷ്ടത്തോടെ തിരിച്ചണിയുമെന്നു കരുതിയതേയില്ല. കലാതിലകമായി ഒന്നു രണ്ടു വർഷത്തിനകം നൃത്തത്തോടു വിട പറഞ്ഞു. പിന്നെ മോണോആക്ടിൻ്റെയും രചനാ മത്സരങ്ങളുടെയും മാത്രം ലോകത്ത് കുറേ വർഷങ്ങൾ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിറയെ സമ്മാനങ്ങൾ. പലയിടങ്ങളിലെ പഠിത്തം, ജോലി, വിവാഹം, കുട്ടി, കുടുംബം …… പഴയ ഞാൻ എവിടെയോ പോയൊളിച്ചു. കാലം പോകെ, ജീവിതം മാറവേ ഇഷ്ടങ്ങളും മാറി. കവിതയെഴുത്ത് നിരൂപണത്തിലേക്കും ഏകാന്തതകൾ കൂട്ടുയാത്രകളിലേക്കും വായന ഗവേഷണാത്മകതയിലേക്കും വഴിമാറി. ഗവേഷണകാലത്താണ് കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്ക് ദക്ഷിണവെച്ച് ഞങ്ങൾ കുറച്ചു കൂട്ടുകാർ വീണ്ടും നൃത്തപഠനത്തിറങ്ങിയത്. പല കാരണങ്ങളാൽ അതേറെ മുന്നോട്ടു പോയില്ല. (ഗവേഷണഭാരം, ശരീരഭാരം, ജീവിതഭാരം …..)എത്ര നല്ല അവസരമാണ് വിട്ടുകളഞ്ഞതെന്ന് പിന്നീട് നിരാശ തോന്നി. ജീവിതം അതിൻ്റെ സ്വന്തമായ താളം കണ്ടെത്തിയ കാലത്ത് മറന്നുപോയ മുത്തിനെ കൈയിലെടുക്കുംപോലെ ഇപ്പോൾ നൃത്തം തിരികെയെത്തി. കൊല്ലം സൗപർണിക ഡാൻസ് & മ്യൂസിക് അക്കാദമിയിലെ കലാമണ്ഡലം മായാ രാജേന്ദ്രൻ ടീച്ചറാണ് മോഹിനിയാട്ടം അഭ്യസിപ്പിക്കുന്നത്. ചിട്ടയായ പരിശീലനം, ക്ഷമയോടെയുള്ള തിരുത്തലുകൾ , മാനുഷികമായ പരിഗണനകൾ – ഇത്ര മുതിർന്നിട്ടും ഞങ്ങൾക്ക് അരങ്ങേറുവാനായതിൻ്റെ മുഴുവൻ ക്രെഡിറ്റും സൗപർണികക്കും അവിടത്തെ കൂട്ടായ്മക്കുമാണ്. കൂട്ടുകൂടി പഠിക്കാനുള്ള ഉത്സാഹത്തോടെ രണ്ടു വർഷം തിരുവാതിര കളിച്ച്, മോഹിനിയാട്ടം പഠിച്ച് ഞങ്ങൾ സൗപർണികയുടെ ഭാഗമായി. ചെന്നൈ രാജേന്ദ്രൻ സാർ തിരുത്തലുകളും കരുതലും കരുത്തുമായി എപ്പോഴും മുന്നേ നടന്നു. ഈ രണ്ടുവർഷത്തിനിടയിൽ ശാരീരികവും മാനസികവും ഗാർഹികവും ഔദ്യോഗികവുമായ ഒരുപാടു വെല്ലുവിളികൾ വന്നുഭവിച്ചു. നൃത്തം ഇപ്പോൾ എഴുത്തുപോലെ എന്നെ പ്രലോഭിപ്പിക്കുന്ന ഒരു ഊർജസ്രോതസ്സാണ്. പഠിക്കുവാനും പാകപ്പെടുവാനുമുണ്ട് ഇനിയുമേറെ.

ചോദ്യം 5

നടത്തത്തെ ഗദ്യത്തോടും നൃത്തത്തെ പദ്യത്തോടും പോൾ വലേറി താരതമ്യപ്പെടുത്തിയിട്ടുണ്ട്. കവിത എഴുതാറുണ്ടോ? കവിതാപഠനത്തിലാണല്ലോ താൽപര്യം കൂടുതലുള്ളതും .

👉 കവിതയാണ് എഴുതിത്തുടങ്ങിയത്. ചിലതെല്ലാം ദേശാഭിമാനി വാരികയിലും സാഹിത്യലോകം മാസികയിലും മാധ്യമത്തിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട്. പിന്നീട് നല്ലനല്ല കവിതകൾ പഠിച്ചപ്പോൾ ഞാനത്ര പോരാ എന്ന തിരിച്ചറിവുണ്ടായി. കവിതയെഴുത്തു നിർത്തി. ഒരു കൗമാരകുതൂഹലം ; അത്രയേയുള്ളൂ അത്. പക്ഷേ കവിതയോടുള്ള പ്രണയം കൂടിയിട്ടേയുള്ളൂ. നല്ലതുപോലെ വായിക്കും, വ്യാഖ്യാനിക്കും, പഠിക്കും, എഴുതും. കവിതയോളം മോഹിപ്പിക്കുന്ന മറ്റൊരു സാഹിത്യ രൂപവുമില്ല. നാടൻപാട്ടു മുതൽ ഉത്തരാധുനിക കവിത വരേയും അങ്ങനെയാണ്. രൂപമേതെന്നല്ല, അതിൽ കവിതയുണ്ടോ ജീവിതമുണ്ടോ എന്നതിനാണ് പ്രസക്തി.

ചോദ്യം 6

നമ്മുടെ ഭാഷയിലെ പുതിയ സാഹിത്യവിമർശനത്തിന് പഴയ കാലത്തെ സാഹിത്യവിമർശനത്തിൻ്റെ കാമ്പും കഴമ്പും ഇല്ലെന്നു പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

👉ഒരു പരിധിവരെ യോജിക്കുന്നുണ്ട്. മാരാരിലും മറ്റും കാണുന്നതുപോലെ ജന്മസിദ്ധമായ ഒരു വിമർശനപ്രതിഭ പില്ക്കാലത്ത് അപൂർവമാണ്. തനി ഭാരതീയമായ തർക്കശാസ്ത്രത്തിൻ്റെ രീതിശാസ്ത്രത്തിലൂന്നി യുക്തിസഹമായി സോദാഹരണം സമർത്ഥിക്കുന്ന ആ വിമർശനത്തിലെ ശക്തിയും സൗന്ദര്യവും സാധുതയുമൊന്നും പിന്നീട് ഏറെ കണ്ടിട്ടില്ല. വിമർശനം സ്തുതിപാടലായും പുസ്തകപരിചയമായും മാറാറുണ്ടു പലപ്പോഴും. സൈദ്ധാന്തികമായ ജടിലത ഭാഷയേയും പ്രമേയത്തേയും വരണ്ടതാക്കുന്നുണ്ട് . പഠനത്തിനുവേണ്ടി സിദ്ധാന്തമുപയോഗിക്കുന്നതും സിദ്ധാന്തത്തിനുവേണ്ടി പഠനമുപയോഗിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്.

ചോദ്യം 7

വിദ്യാഭ്യാസ കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്ന മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കാനാണ് ഇഷ്ടപ്പെടുന്നത്?

👉 നിലത്തെഴുത്തു കളരിയിൽ അക്ഷരം പഠിച്ച ആളാണു ഞാൻ.തുമ്പു കെട്ടിയ പനയോലയിൽ ആശാട്ടി നാരായംകൊണ്ട് അക്ഷരമെഴുതിത്തരും. കൂട്ടുകാരൊത്ത് വീട്ടിലേക്കു പോകുംവഴി പച്ചിലച്ചാറു തേച്ച് അക്ഷരങ്ങളെ തെളിയിച്ചെടുക്കും. മണലിലെഴുതി അക്ഷരം പഠിച്ചു തീർന്നാൽ ഒറ്റബഞ്ചിൻ്റെ ഓരത്തേക്ക് സ്ഥാനക്കയറ്റം കിട്ടും. ശുദ്ധമായ ഉച്ചാരണം കൂടെ പരിശീലിക്കും. പില്ക്കാലത്ത് മൂന്നുവർഷം തൃശ്ശൂർ ആകാശവാണിയിൽ കാഷ്വൽ കോംപിയറായി ജോലി ചെയ്തിരുന്നു. തെറ്റാതെ ഉച്ചരിക്കാൻ കുട്ടിക്കാലത്തു കിട്ടിയ പരിശീലനവും ഉതകിയിട്ടുണ്ട്. അക്ഷരം ഉറപ്പിച്ച്, നല്ല ഉച്ചാരണ മാതൃകകൾ ശീലിപ്പിച്ച് , വായനാശീലം വളർത്തിക്കൊണ്ടുള്ള പ്രാഥമികപഠനം ഏറെ ഗുണപ്രദമാണ്. കാലാനുസൃതവും സൈദ്ധാന്തികവുമായ മാറ്റങ്ങൾ വിദ്യാഭ്യാസമേഖലയിൽ അനിവാര്യമാണ്. എന്നാൽ നമ്മുടെ ഭൗതികസാഹചര്യങ്ങൾ കൂടി കണക്കിലെടുക്കുന്നത് നന്ന്. അറുപതു കുട്ടികളുള്ള ഒരു ക്ലാസ്സിൽ സ്റ്റുഡൻ്റ് സെൻ്റേർഡ് ആയ പാഠ്യപദ്ധതി പാളിപ്പോവും. അദ്ധ്യാപകരും നിരന്തരം നവീകരിക്കപ്പെടേണ്ടതുണ്ട്. ധാരാളം സമയവും അധ്വാനവും അതിനായി ചെലവഴിക്കേണ്ടതുണ്ട്. ജ്ഞാനാർജനത്തിനും അധ്യാപനത്തിനും ചെലവഴിക്കേണ്ട വിലപ്പെട്ട സമയത്തിലേറെയും മടുപ്പിക്കുന്ന ക്ലറിക്കൽ വർക്കുകൾക്കായി മാറ്റിവെക്കേണ്ട സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. കുട്ടികൾക്ക് ഉപകാരപ്പെടുന്ന തൊഴിലധിഷ്ഠിതവും ഗവേഷണാത്മകവുമായ വിദ്യാഭ്യാസ പരിഷ്ക്കാരമാണ് ഒടുവിലായി നടപ്പിലാക്കിയിരിക്കുന്നത്. ജ്ഞാനം – നൈപുണി – അഭിരുചി എന്നിവയെല്ലാം വർദ്ധിപ്പിക്കുവാൻ ഉതകുന്ന മട്ടിൽ കോഴ്സുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. നടപ്പിലായിക്കഴിഞ്ഞാലേ പ്രായോഗികമായ വൈഷമ്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുവാനാവൂ.

ചോദ്യം 8

വീട് , കുടുംബം, തൊഴിൽ എന്നിവ വായനക്കാർക്കു വേണ്ടി ഒന്നു വിശദമാക്കാമോ?

👉 അച്ഛൻ്റെ വീട് ചെങ്ങന്നൂരും അമ്മയുടേത് തൊടുപുഴയിലുമാണ്. രണ്ടു പേരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലെ പല സർക്കാർ സ്കൂളുകളിലും അവർ ജോലി ചെയ്തിരുന്നു. അതിനാൽ എൻ്റെ വളർച്ചയും പഠനവുമെല്ലാം മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായിട്ടായിരുന്നു. മലയാളം പഠിക്കണം, അധ്യാപികയാവണം എന്ന രണ്ടു മോഹങ്ങൾ പണ്ടേ കൂടെക്കൂടിയതാണ്. അതിനാൽ ടി.ടി.സി.യും ബി എഡും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും പി എച്ച് ഡിയും നേടി. 3 വർഷം തൃശ്ശൂർ ആകാശവാണിയിലും ഒരു വർഷം കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലും ജോലി ചെയ്തു.
വിവാഹശേഷം കൊല്ലത്തേക്ക് പറിച്ചു നടപ്പെട്ടു. അദ്ദേഹം ഗണിതാദ്ധ്യാപകനാണ്. രണ്ടു മക്കൾ – നിരഞ്ജനും നിരാമയനും. പ്ലസ് വണ്ണിലും യു. കെ. ജി. യിലും പഠിക്കുന്നു. കൊല്ലത്ത് വാക്കനാട് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു വർഷവും വർക്കല ശ്രീനാരായണ കോളേജിൽ 14 ലേറെ വർഷവും പഠിപ്പിച്ചു. ഇപ്പോൾ കൊല്ലം ശ്രീനാരായണ കോളേജിൽ മലയാളവിഭാഗം മേധാവിയാണ്.

ചോദ്യം 9

പുതിയ എഴുത്തുകാർ ലോകത്തെ നോക്കിക്കാണുന്നത് വലിയ അസഹിഷ്ണുതയോടെയാണ്. അവരുടെ പ്രതികരണങ്ങൾ, ഭാഷ, എഴുത്ത് എന്നിവയിലെല്ലാം ഒരു തരം അസ്വസ്ഥതയാണ് കാണുന്നത്. എന്തായിരിക്കും കാരണമെന്നു ചിന്തിച്ചിട്ടുണ്ടോ?

👉 എന്തോ, എനിക്കങ്ങനെ തോന്നിയിട്ടില്ല. അതിസൂക്ഷ്മമായ സംവേദനതലം രചനകളിൽ കാത്തുവെക്കുന്നവരാണ് പുതിയ എഴുത്തുകാർ. പ്രതി വ്യക്തി ഭിന്നവും പ്രതികൃതി ഭിന്നവുമാണ് എഴുത്തുകൾ. സാമൂഹികവും മാനസികവുമായ പരിസരങ്ങളെ പല തലങ്ങളിൽ നിന്നുകൊണ്ട് പകർത്തുവാൻ പുതിയ എഴുത്തുകാർക്കാവുന്നുണ്ട്. അസഹിഷ്ണുത എഴുത്തിലേക്കാളുപരി, ഈ കാലത്തിൻ്റെ തന്നെ മുഖമുദ്രയാണെന്ന് എനിക്കു തോന്നാറുണ്ട്. പുതുതലമുറയാണ് വാക്കിലും നോക്കിലും ചെയ്തികളിലുമെല്ലാം പ്രകടമായി അസ്ഥസ്ഥർ.

ചോദ്യം 10

ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചും അതിൻ്റെ കാരണങ്ങളെക്കുറിച്ചും പുതിയ എഴുത്തു പദ്ധതികളെക്കുറിച്ചും പറയാമോ?

👉 കവിതയിൽ കുമാരനാശാനേയും വൈലോപ്പിള്ളിയേയും ഏറെ ഇഷ്ടം. വിജയലക്ഷ്മി, ചുള്ളിക്കാട് , റഫീക്ക് അഹമ്മദ് ഒക്കെ ഓരോരോ കാലങ്ങളിൽ പ്രിയപ്പെട്ട കവികളായിരുന്നു. പുതിയ എഴുത്തുകൾ ശ്രദ്ധിക്കാറുണ്ട്. ചില കവിതകൾ , ഭാവുകത്വ വ്യതിയാനങ്ങൾ ഒക്കെ മനസ്സിലുടക്കാറുണ്ട്.

ഒരുപാടു മികച്ച ചെറുകഥകളും എഴുത്തുകാരും അടുത്ത കാലത്ത് മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. കഥാരചനയുടെ കണ്ണുകണ്ടവർ. മിക്കവരും സുഹൃത്തുക്കളായതിനാൽ പേരെടുത്തു പറയുന്നില്ല. ഭാഷയിലും പ്രമേയത്തിലും കൈയടക്കത്തിലുമെല്ലാം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവരിലെല്ലാം വായനക്കാരിയെന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ട്.

മികച്ച നോവലുകളും രചിക്കപ്പെടുന്നുണ്ട്. ജനപ്രിയ നോവലുകൾ വായനയിലേക്ക് മലയാളിയെ തിരികെ കൊണ്ടുവരുന്നുണ്ട്. ഡിറ്റക്റ്റീവ് നോവലുകൾക്കും പ്രേമനഗരവും റാം ആനന്ദിയും പോലുള്ള നോവലുകൾക്കും കോളേജ് ലൈബ്രറിയിൽ ആവശ്യക്കാരേറെയാണ്.

കവിത കഴിഞ്ഞാൽ ചരിത്രവും ജീവിതമെഴുത്തും എനിക്ക് വായിക്കുവാൻ കൂടുതൽ ഇഷ്ടമുള്ള മേഖലകളാണ്.

നിരൂപണങ്ങളും പഠനങ്ങളുമാണ് എൻ്റെ എഴുത്തു മേഖല. ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വള്ളത്തോൾ വിദ്യാപീഠമാണ് ഉറൂബിൻ്റെ ചിരി, വള്ളത്തോൾ കവിതയിലെ നാടകീയത, പാരഡി മലയാള കവിതയിൽ എന്നിവയുടെ പ്രസാധനം. ഭാവ

ലോകങ്ങളിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം എൻ . ബി. എസ്സിൽ ലഭ്യമാണ്. വാക്കില ഫോക്ലോർ പഠന ഗ്രന്ഥമാണ്. ഗുരുവും ആശാനും : അറിവലിവുകളുടെ നേർസാക്ഷ്യങ്ങൾ എന്നത് എഡിറ്റഡ് വർക്കാണ്. ഇവ രണ്ടും കൊല്ലത്തെ സുജിലി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. ഐവറി ബുക്സാണ് കാവ്യസമീക്ഷയുടെ പ്രസാധനം . പ്രിയ സുഹൃത്ത് സ്വപ്ന സി. കോമ്പാത്തുമായി ചേർന്ന് ഒരു എഡിറ്റഡ് വർക്ക് ഉടനേ പ്രകാശിതമാവും. മലയാളിസ്ത്രീകളുടെ ആത്മകഥകളുടെ പഠനസമാഹാരമാണ്. സമാന്തരമായൊരു സാംസ്കാരിക ചരിത്രനിർമ്മിതിയിലേക്ക് ചുവടുവെക്കുന്ന പുസ്തകമാണത്. ആശാൻ പഠനങ്ങൾ ഒരു പുസ്തകമായി ഇറക്കണമെന്നുണ്ട്. എഴുത്ത് എൺപതു ശതമാനത്തിലേറെ പൂർത്തിയായി. സമയമാണ് ഏറ്റവും വലിയ വെല്ലുവിളി. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ സമയവും ഊർജ്ജവുമെല്ലാം താനേ വന്നു ചേരും.

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments