Thursday, January 9, 2025
Homeഅമേരിക്കഹൃദയത്തോടെ നന്ദി : ഡോ. കല ഷഹി

ഹൃദയത്തോടെ നന്ദി : ഡോ. കല ഷഹി

ഡോ. കല ഷഹി

കഴിഞ്ഞ രണ്ട് വർഷം ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (FOKANA) യോടൊപ്പം സഞ്ചരിച്ച എനിക്ക് അമേരിക്കൻ മലയാളികളും ഫൊക്കാന പ്രവർത്തകരും, സഹപ്രവർത്തകരും നൽകിയ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. 2022 ജൂലൈയില്‍ ഫ്ലോറിഡയിൽ ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുക്കുമ്പോൾ ജനറൽ സെക്രട്ടറി പദത്തിൽ രണ്ട് വർഷം പ്രവർത്തിക്കുവാൻ കഴിഞ്ഞത് സംഘടനാ പ്രവർത്തന രംഗത്തെ അതുല്യ നിമിഷങ്ങൾ ആയിരുന്നു എന്നതിൽ സംശയമില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഘടനാ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും അടുക്കും ചിട്ടയും ഉണ്ടാകുവാൻ തുടക്കം മുതൽ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഫൊക്കാനയ്ക്ക് ഒരു ആഗോള സംഘടന എന്ന നിലയിൽ പേരും പെരുമയും നല്‍കുവാനായതില്‍ നിറഞ്ഞ സന്തോഷമുണ്ട്. വാഷിംഗ്ടണ്‍ ഡി സിയില്‍ വെച്ച് ഏറ്റെടുത്ത ദീപശിഖയുടെ പ്രകാശവും സുഗന്ധവും അമേരിക്കയിലും കാനഡയിലും കേരളത്തിലുമുള്ള വിവിധ പ്രദേശങ്ങളിൽ പരത്തി വാഷിംഗ്ടൺ ഡിസിയിൽ തന്നെ തിരിച്ചെത്തിയ കാലയളവിനിടയ്ക്ക് നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി നിര്‍‌വ്വഹിച്ചതിന്റെ ചാരിതാർത്ഥ്യവും ഉണ്ട്. പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിൽ വരുത്തുവാനും അപ്രതീക്ഷിതമായ ഏറ്റെടുത്ത പദ്ധതികൾക്ക് ഒരു മാതൃകയായ തുടക്കമായി മാറുവാനും കഴിഞ്ഞു എന്നത് അഭിമാനമാണ്. പ്രധാനമായും കഴിഞ്ഞ രണ്ട് വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ നൽകിയ പ്രവർത്തനങ്ങൾ കേരളത്തിലും, അമേരിക്കൻ യുവതയ്ക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രാമുഖ്യം നൽകുന്നതിനായി രണ്ട് മികച്ച സ്കോളർഷിപ്പ് പദ്ധതികളും തുടങ്ങുന്നതിന് സഹകരിച്ചു നിന്നു പ്രവർത്തിക്കാൻ സാധിച്ചു. നിർധനരും അശരണരുമായ പത്തിലധികം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടും, വിദ്യാഭ്യാസ സഹായവും, സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായവും നൽകിയപ്പോൾ അവയെ കേരള ജനത പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.

എന്നാൽ, സമീപകാലത്തുണ്ടായ കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ മരിച്ച മലയാളി സുഹൃത്തുക്കളുടെ 25 കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ നൽകുകയുണ്ടായി. ഒരു മനുഷ്യൻ്റെ ആത്യന്തികമായ പ്രയാസങ്ങൾക്കൊപ്പം ഫൊക്കാനയ്ക്ക് നിൽക്കാനായത് ഈ സംഘടനയുടെ മഹത്വമല്ലാതെ മറ്റെന്ത് പറയാൻ – ഫൊക്കാനയ്ക്ക് വേണ്ടി ആ സഹായം പ്രഖ്യാപിച്ച പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കട്ടെ. ഒപ്പം ട്രഷറർ ആയി പ്രവർത്തിച്ച ബിജു കൊട്ടാരക്കര, കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് ചെയർ, അംഗങ്ങൾ, അതിലുപരി ജനറൽ ബോഡി അംഗങ്ങൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കാലയളവിൽ ചില നിർബന്ധങ്ങൾക്ക് വഴങ്ങിയും ഒരു തുടർച്ച എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും 2024- 2026 കാലയളവിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായും മത്സരിക്കേണ്ടി വന്നു. ഒരു പ്രൊഫഷണൽ ടീമിനെ രൂപീകരിച്ച് ശക്തമായും സത്യസന്ധമായും പ്രവർത്തിക്കുകയും മികച്ച രീതിയിൽ ടീമിനു വേണ്ടി നിരവധി തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിക്കുകയും സജീവമായ പ്രചരണ രംഗത്ത് പ്രവർത്തിക്കുകയും ചെയ്തു. പക്ഷെ, തെരഞ്ഞെടുപ്പിൽ ഞാൻ നയിച്ച ടീമിന്റെ കൂടെയായിരുന്നില്ല വിജയം. തിരഞ്ഞെടുപ്പ് ഫലത്തിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളിലേക്കും ഉള്ള പുതിയ ചർച്ചകൾക്ക് തുടക്കമിടാനോ ഒന്നും ഞാൻ ഇപ്പോൾ തയ്യാറാകുന്നില്ല. എൻ്റെ കലാപ്രവർത്തനങ്ങൾ, ഔദ്യോഗിക ജീവിതം എന്നിവയിൽ ശ്രദ്ധ വെയ്ക്കുന്നതോടൊപ്പം പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളും തുടരും. സെക്രട്ടറിയായും, പ്രസിഡൻ്റായി മത്സരിച്ചപ്പോഴും പ്രോത്സാഹിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ടീം ലെഗസി അംഗങ്ങളും അവരുടെ കുടുംബങ്ങളും, വാഷിംഗ്ടണിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് ക്യാനഡയിലെയും സുഹൃത്തുകൾ, വോട്ടു നൽകിയവർ, പ്രതിസന്ധികളിൽ തണലായ ചില നല്ല മനുഷ്യർ, സാമൂഹ്യ സംഘടനാ പ്രവർത്തകർ, അമേരിക്കയിലേയും, കേരളത്തിലേയും അച്ചടി-ദൃശ്യ മാധ്യമങ്ങൾ , മാധ്യമ സുഹൃത്തുക്കൾ, ഒപ്പം ഉണ്ടായിരുന്ന കുടുംബം, ഔദ്യോഗിക സുഹൃത്തുക്കൾ എല്ലാവരോടും നന്ദി.. ഹൃദയം നിറഞ്ഞ നന്ദി.

ഡോ. കല ഷഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments