Thursday, December 26, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 21, 2024 ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 21, 2024 ഞായർ

കപിൽ ശങ്കർ

🔹കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി.
ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ചിച്ച സെമിനാറിൽ ഹരി പിള്ള(സിപിഐ) ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചു വിശദീകരിച്ചു.

🔹മോണ്ട്‌ഗോമറി കൗണ്ടിയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്നുള്ള നിർദ്ദേശം പിൻവലിച്ചു. ഈ ഉപദേശം രണ്ട് ദിവസം നീണ്ടുനിന്നു, ഇത് ഏകദേശം 9,900 താമസക്കാരെയാണ് ബാധിച്ചത്. ക്ലോറിൻ ഫീഡ് നഷ്ടപ്പെട്ടതായുള്ള പ്രശ്നം പരിഹരിച്ചതായും ക്ലോറിൻ അളവ് സാധാരണ നിലയിലായതായും പെൻസിൽവാനിയ അമേരിക്കൻ വാട്ടർ റിപ്പോർട്ട് ചെയ്തു.

🔹വെറ്ററൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയായ മെയ്സീസ്‌ അതിന്റെ 3.5% തൊഴിലാളികളെ, ഏകദേശം 2,350 ജീവനക്കാരെ പിരിച്ചുവിടുകയും അഞ്ച് സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്യുന്നു. Macy’s Inc-യുടെ വക്താവ് പറയുന്നതനുസരിച്ച് വിർജീനിയയിലെ ആർലിംഗ്ടണിലാണ് (ബോൾസ്റ്റൺ); സാൻ ലിയാൻഡ്രോ, കാലിഫോർണിയ (ബേ ഫെയർ); ലിഹ്യൂ, ഹവായ് (കുകുയി ഗ്രോവ്); സിമി വാലി, കാലിഫോർണിയ (സിമി വാലി ടൗൺ സെന്റർ) എന്നിവയാഖയാണ് അടയ്ക്കുന്ന അഞ്ച് സ്റ്റോറുകൾ

🔹2001 സെപ്‌റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം രണ്ട് പതിറ്റാണ്ടിനിപ്പുറം, ഡിഎൻഎ പരിശോധനയിൽ മരിച്ചയാളുടെ പോസിറ്റീവ് തിരിച്ചറിയൽ ഫലം ലഭിച്ചു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള ഓയ്‌സ്റ്റർ ബേയിലെ ജോൺ ബാലന്റൈൻ നിവെനെ തിരിച്ചറിഞ്ഞതായി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു. 9/11 യിലെ ഭീകരാക്രമണത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 1,650-ാ മത്തെയാളാണ്. 2001-ൽ കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് പുതിയ തിരിച്ചറിയൽ നടത്തിയതെന്ന് മെഡിക്കൽ എക്സാമിനർ ഓഫീസ് അറിയിച്ചു.

🔹ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെൻറ്‌ ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ. 2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരൻമാർ ചുമതലയേറ്റു.

🔹അയോധ്യ(Ayodhya) ഒരുങ്ങി. തിങ്കളാഴ്ച ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ ഒട്ടേറെ പ്രമുഖര്‍ സാക്ഷിയാകും. പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു.
ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ച് 1 മണി വരെ തുടരും. ഒരാഴ്ച മുമ്പ് ജനുവരി 16ന് ചടങ്ങുകളുടെ പ്രാരംഭ ഘട്ടം ആരംഭിച്ചിരുന്നു. ജനുവരി 23 മുതല്‍ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്തെ പല നഗരങ്ങളിലും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ ജനങ്ങള്‍ ചടങ്ങിന്റെ ഭാഗമാകണമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

🔹രാമക്ഷേത്ര പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സമര്‍പ്പണ ചടങ്ങ് ഇന്ത്യാ ടുഡേ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യും. അയോധ്യയില്‍ നിന്നുള്ള തത്സമയ അപ്ഡേറ്റുകള്‍ക്കായി നിങ്ങളുടെ ലാപ്ടോപ്പിലോ മൊബൈലിലോ IndiaToday.in ശ്രദ്ധിക്കുക. ഉപയോക്താക്കള്‍ക്ക് തത്സമയം വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിവിധ ഭാഷകളില്‍ തത്സമയ ബ്ലോഗും ഉണ്ടാകും. . ഇതുകൂടാതെ ചടങ്ങുകള്‍ മുഴുവന്‍ ഡിഡി ന്യൂസിലും ദൂരദര്‍ശന്റെ ഡിഡി നാഷണല്‍ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

🔹പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഔപചാരികമായ പരിപാടി കഴിഞ്ഞാൽ എല്ലാ ഭക്തർക്കും അവരുടെ സൗകര്യമനുസരിച്ച് അയോധ്യയിൽ വരാമെന്നും അദ്ദേഹം പറഞ്ഞു.

🔹കാരുണ്യ ഫാര്‍മസിക്കു മരുന്നു വിതരണം ചെയ്തതിന്റെ ഒമ്പതര കോടി രൂപയുടെ കുടിശ്ശിക തരണമെന്ന് ആവശ്യപ്പെട്ട് സണ്‍ ഫാര്‍മ സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നും പാവപ്പെട്ട രോഗികളെ ഓര്‍ത്താണ് മരുന്നു വിതരണം നിര്‍ത്താത്തതെന്നും കമ്പനി ഹര്‍ജിയില്‍ പറയുന്നു.

🔹നടി ഷക്കീലയെ മര്‍ദിച്ചതിന് വളര്‍ത്തുമകളായ ശീതളിനെതിരേ കേസെടുത്തു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മര്‍ദനമേറ്റു. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

🔹ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമത്തിനുശേഷം കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

🔹ഗോവയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. ഗൗരവ് കത്യാര്‍ എന്ന 29 കാരനാണ് അറസ്റ്റിലായത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ദിക്ഷ ഗാംഗ്വാര്‍ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് കത്യാര്‍ പ്രചരിപ്പിച്ചത്. സൗത്ത് ഗോവയിലെ കോള്‍വയില്‍ മാരിയട്ട് ഇന്റര്‍നാഷണലിന്റെ ആഡംബര ഹോട്ടലില്‍ മാനേജരാണ് ഗൗരവ് കത്യാര്‍.

🔹ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കം. മിസ് വേള്‍ഡ് സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 18 നും മാര്‍ച്ച് ഒമ്പതിനും ഇടയിലാണ് മത്സരം. ജി -20 വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍. മിസ് വേള്‍ഡ് ഫൈനല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് ഒമ്പതിനാണ്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മല്‍സരം നടക്കുന്നത്.

🔹ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി. ഈ കാലയളവില്‍ 18,901 സര്‍വീസാണു നടത്തിയത്. ഒരു കിലോമീറ്റര്‍ ഓടാന്‍ ശമ്പളം, ഇന്ധനം എന്നീ ഇനങ്ങളില്‍ 28. 45 രൂപ ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകള്‍ കഴിഞ്ഞ് കിലോമീറ്ററിന് എട്ടു രൂപ 21 പൈസ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🔹മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ കൈവശമുള്ള 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. വീട് ഉള്‍പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍നിന്ന് ഒഴിവാക്കി.

🔹വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകാന്‍ മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്‌ന എന്‍ നാഥിനെയാണ് അവതാരകയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയും പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകും. മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്.

🔹വടകരയ്ക്കു സമീപം തിരുവള്ളൂരില്‍ യുവതി രണ്ടു മക്കളേയുംകൊണ്ട് കിണറില്‍ ചാടി മരിച്ചു. കുന്നിയില്‍ മഠത്തില്‍ അഖില (32), മക്കളായ കശ്യപ് (60, വൈഭവ് (ആറു മാസം) എന്നിവരാണു മരിച്ചത്.

🔹കുന്നംകുളത്ത് പാറക്കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. പന്തല്ലൂര്‍ പാറക്കുളത്തിലാണ് സഹോദരിമാരായ ഹസ്‌നത് (13), മഷീദ (9) എന്നിവര്‍ മരിച്ചത്.

🔹തൃപ്പൂണിത്തുറയില്‍ വീടു നിര്‍മാണത്തിനായി മണ്ണു നീക്കിയപ്പോള്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണന്‍കുളങ്ങര ശ്രീനിവാസ കോവില്‍ റോഡിലെ കിഷോര്‍ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

🔹ബഹറിന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച ബഹ്‌റൈന്‍ ഹാര്‍ബറിലാണ് സംഭവം. സമുദ്ര മൈനുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ കപ്പലുകളാണ് കൂട്ടിയിടിച്ചത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments