Monday, November 25, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 05 | വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 05 | വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ജീവിതത്തിനൊരു മെനു കാർഡ്
——————————————–

ഒരിക്കലൊരു സത്യാന്വേഷി പുരോഹിതൻ്റെ അടുത്തെത്തി ചോദിച്ചു: “നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം വായിക്കാൻ നല്ലതാണോ, അതു വായിച്ചാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുമോ” പുരോഹിതൻ പറഞ്ഞു: “നിങ്ങൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ കിട്ടുന്ന മെനുവെത്ര വിശിഷ്ടവും വൈവിധ്യവുമുള്ളതുമാണെങ്കിലും ആ മെനു കാർഡ് ഒരിക്കലും ഭക്ഷിക്കാൻ കഴിയില്ലല്ലോ”

പ്രബോധനങ്ങൾ കൊണ്ടല്ല ആരും ജീവിക്കുന്നത് അവയിൽ നിന്നു പ്രചോദനവുൾക്കൊണ്ടുള്ള പ്രവൃത്തികൾ മൂലമാണ്. പറയുന്നതിലെ ഭംഗിയോ എഴുതുന്നതിലെ അക്ഷരവടിവോയല്ല ഉദ്ബോധനങ്ങളുടെ സൗകുമാര്യം. മാതൃകകളായി ജീവിക്കുന്നവരുടെ സ്ഥിരതയയും, അനുകരിക്കുന്നവരിലെ
ജീവിതവിശുദ്ധിയുമാണ്. പ്രബോധനങ്ങളെ പ്രവൃത്തീപഥത്തിലെത്തിക്കുന്നത്.

വിലവിവര പട്ടികയിലെ വൈവിധ്യവും, വ്യത്യസ്ഥതരം ഭക്ഷണങ്ങളെക്കുറിച്ചുള്ള വർണനയുമല്ല, ഭക്ഷണശാലയെ ശ്രേഷ്ഠതയാക്കുന്നത്. നല്ല വിഭവങ്ങളും,
നല്ല പാചകക്കാരും, നല്ല വിളമ്പുകാരുമാണ്. പഴഞ്ചൊല്ലിൽ പതിരില്ലയെന്നതു സത്യമായിരിക്കാം. പക്ഷെ പ്രവൃത്തികൾ പൊള്ളയാകുന്നിടത്താണു ചൊല്ലുകൾ പരാജയപ്പെടുന്നത്. വേദവാക്യങ്ങൾ ആയിരം തവണ ഉരുവിട്ടാലും, കീർത്തനങ്ങളെത്ര സ്വരമാധുരിയിൽ ആലപിച്ചാലും ദൈനംദിന ജീവിതത്തെ ഉത്തജിപ്പിക്കാനും നേർവഴിയിൽ നയിക്കാനും അവയ്ക്കു കഴിയുന്നില്ലെങ്കിൽ യാതെരു പ്രയോജനവുമില്ല.

എന്തു വായിക്കുന്നുവെന്നതു പോലെ പ്രധാനമാണ് എന്തിനു വേണ്ടി വായിക്കുന്നുവെന്നതും ഓരോ വായനയും വ്യത്യസ്ഥമാണ്. വായന, ആകാംക്ഷകൊണ്ടാകാം. അറിവിനു വേണ്ടിയാകാം, അനുഭവത്തിനോ അനുകരണത്തിനോ വേണ്ടിയുമാകാം. ഗ്രന്ഥങ്ങളുടെ വിശുദ്ധിമാത്രമല്ല വായിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയും കൂടിയാണ് അവയെ പ്രസക്തമാക്കുന്നത്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു… നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments