കാഞ്ഞിരം (Poison nut tree)
കാഞ്ഞിരക്കുരുവിന്ന് ഇംഗ്ലീഷിൽ Nux – Vomica എന്നാണ് പറയുന്നത്. ഇതിന്റെ ശാസ്ത്ര നാമം സ്ട്രിക് നോസ് നക്സ് വോ മിക്ക ലിൻ – എന്നാണ്. കാഞ്ഞിരമരത്തിലുണ്ടാവുന്ന കായയുടെ വിത്ത് മുളച്ചാണ് പ്രജനനം നടക്കുന്നതു്.
കാഞ്ഞിരം രണ്ടു തരമുണ്ട്. വള്ളിയായി പടരുന്നവയും മരമായി വളരുന്നവയും.
കാഞ്ഞിരം അടി മുടി വിഷമാണ്. എന്നാൽ ഇത് ശുദ്ധി ചെയ്തു ഔഷധമായി ഉപയോഗിക്കാം. കാഞ്ഞിരത്തിന്റെ പട്ട, ശുദ്ധി ചെയ്ത കുരു, വേര്, തളിരില എന്നിവ ഔഷധമാണ്. ഇന്ത്യയിൽ കേരളം, ബീനാർ, ഒറീസ എന്നിവിടങ്ങളിൽ ധാരാളം കണ്ടുവരുന്നു. കേരളത്തിൽ എല്ലായിടത്തും പ്രത്യേകിച്ചും ക്ഷേത്ര വളപ്പിൽ കണ്ടുവരുന്ന അതി വിഷം അടങ്ങിയിട്ടുള്ള ഒരു വൃക്ഷമാണ് കാഞ്ഞിരം . വേര് മുതൽ ഇല വരെ കൈപ്പ് രസം നിറഞ്ഞ മരമാണ് കാഞ്ഞിരം . വൃത്താകൃതിയിലുള്ള കുരുക്കളിലാണ് വിഷം കൂടുതൽ അടങ്ങിയിട്ടുള്ളത്. കാഞ്ഞിരത്തിൽ വളരുന്ന ഇത്തിക്കണ്ണിയും വിഷമുള്ള താണ്.
കാഞ്ഞിരംകഴിച്ചാലുള്ള വിഷലക്ഷണങ്ങൾ:
അസ്വാസ്ഥ്യം, ശരീരമാം സത്തിന്ന് ശിഥിലത , തല ചുറ്റൽ, ശ്വാസ വൈഷമ്യം, ശരീരം വില്ലു പോലെ വളയുക, രക്തസമ്മർദ്ദം ഉയരുക , വായിൽ നിന്നും പത വരിക, അവസാനം ജീവാപായം സംഭവിച്ചേക്കാം. കാഞ്ഞിരത്തിന്റെ വേര് മറ്റു വൃക്ഷങ്ങളുടെ വേരിൽ പ്രവേശിക്കുന്ന പക്ഷം ആ വൃക്ഷത്തിലുണ്ടാകുന്ന ഫലങ്ങൾക്ക് കൈപ്പ് രസം ഉണ്ടാകും
പ്രത്യൗഷധം : കാഞ്ഞിരംകഴിച്ച് വിഷബാധയേറ്റാൽ ഛർദ്ദിപ്പിച്ചു കളയുകയോ വയറിളക്കുകയോ ചെയ്യണം. നെയ്യും , തേനും, പഞ്ചസാരയും ചേർത്തു് കൂടെ കൂടെ സേവിക്കണം. പശുവിൻ പാലിൽ നെയ്യ് മാത്രം ചേർത്തു കഴിക്കാം. ഹോമിയോ മരുന്നായ ബല്ലഡോണ പ്രതിവിധിയായി ഉപയോഗിക്കാം.
കാഞ്ഞിരക്കുരുവും ഹോമിയോ മരുന്നും:
ശുദ്ധി ചെയ്ത നെക്സ് വോമിക്ക ലക്ഷണ സാമ്യ പ്രകാരം നിരവധി അസുഖങ്ങൾക്കുള്ള മരുന്നാണ്. മലബന്ധം, മൂലക്കുരു, പുറംവേദന, ജലദോഷം എന്നീവക്ക് പ്രധാന ഔഷധമാണ്.
ആയുർവ്വേദ മരുന്നുണ്ടാക്കാൻ ശുദ്ധി ചെയ്യുന്ന വിധം:
കാഞ്ഞിരക്കുരു ഗോമൂത്രത്തിൽ ഇട്ടു വെക്കുക. നിത്രവും മൂത്രം മാറ്റിക്കൊണ്ടിരിക്കണം. കാഞ്ഞിരക്കുരുവിലെ ഉഗ്ര വിഷം ഗോമൂത്രം വലിച്ചെടുക്കും. ഇത് ഏഴ് ദിവസം ചെയ്താൽ , എട്ടാം ദിവസം കുരുവിന്റെ തോട് ഇളക്കി കളയുക. പിന്നീട് പശുവിൻ പാലിൽ ഇട്ട് നിഴലിൽ (നേരിട്ട് സൂര്യ പ്രകാശം ഏല്പിക്കാതെ ) ഉണക്കി എടുക്കുക.ശേഷം പശുവിൻ നെയ്യ് ചേർത്താണ് ശുദ്ധിയാക്കുന്നത്. വൈദ്യനിർദ്ദേശപ്രകാരം മാത്രമേ കാഞ്ഞിരമരുന്ന് കഴിക്കാൻ പാടുള്ളു.
കാഞ്ഞിരതടി ദ്രവിച്ച് പോകാല്ല, ചിതലരിക്കില്ല. അതുകൊണ്ട് തന്നെ കാൽ നാട്ടാനും വള്ളിച്ചെടികൾ വളർത്താനും, കൃഷി ആയുധങ്ങൾ, കട്ടിൽ കാലുകൾ എന്നിവക്കും ഉപയോഗിക്കുന്നു.
സന്യാസിമാരും കാഞ്ഞിരക്കുരുവും:
പണ്ട് കാട്ടിൽ കഴിഞ്ഞിരുന്ന സന്യാസിമാർ പാമ്പിന്റെ വിഷ മേൽക്കാതിരിക്കാൻ കാഞ്ഞിരക്കുരു ഉപയോഗിച്ചിരുന്നതായി ഒരു വൈദ്യനിൽ നിന്നും കേട്ടറിവുണ്ട്.
ഒരു കാഞ്ഞിരക്കുരു 41 കഷണങ്ങളാക്കി മുറിച്ച് നിത്യവും ഒന്ന് വീതം കഴിച്ച് തപസിനിരിക്കും ഇങ്ങനെ 41 ദിവസം കൊണ്ട് ഒരു കുരു മുഴുവനും കഴിച്ചു തീരും. ഇതോടെ സന്യാസിയുടെ ശരീരത്തിൽ ഉൾവിഷമായി രൂപാന്തരപ്പെടും. കാട്ടിൽ ജീവിക്കുന്ന സന്യാസിയെ ഉഗ്ര വിഷമുള്ള പാമ്പ് കടിച്ചാലും ഏശില്ല. സന്യാസിയുടെ നഖം കൊണ്ട് മറ്റുള്ളവയെ ഒന്ന് കോറിയാൽ അവർക്ക് വിഷബാധയേൽക്കും. ഇത് കേട്ടറിവാണ്. എന്നാൽ അസുഖ ബാധിതനായി ആശുപത്രിയി കിടന്ന രോഗിയെ ചികിത്സ ബേധ മാക്കാനാവാതെ മടക്കിയപ്പോൾ നെക് വോ മിക്ക കൊടുത്തു രണ്ടു ദിവസം കൊണ്ട് അസുഖം മാറ്റിയ അനുഭവം മുമ്പിലുണ്ട്.