ഗോകർണത്ത് ഞങ്ങളുടെ അവസാന ദിവസം. ഹോട്ടലിൽ ഞങ്ങളുടെ അടുത്ത മുറിയിൽ ഹൈദരാബാദിൽനിന്നെത്തിയ ഒരു ഫാമിലി ഉണ്ടായിരുന്നു. മധ്യവയസ്കരായ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും. അവരും റിസോർട്ടിലെത്താൻ ഞങ്ങളെപ്പോലെ കുറച്ച് കഷ്ടപ്പെട്ടത്രേ. കൂട്ടത്തിൽ പ്രായക്കൂടുതലുള്ള സ്ത്രീ കൽക്കെട്ടിൽ തട്ടിത്തടഞ്ഞു വീണെന്നും പറഞ്ഞു. തലേദിവസം ഇരുട്ട് വീണുതുടങ്ങിയതിനുശേഷമാണ് അവരെത്തിയത്. വെളിച്ചക്കുറവും വീഴ്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. വഴിയൊരു പ്രശ്നമാണല്ലേ എന്ന് അവർ ഞങ്ങളോടാരാഞ്ഞു. കുശലപ്രശ്നങ്ങൾക്കിടയിൽ,കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയും അവർ അന്വേഷിച്ചു. ഒരുപക്ഷേ അടുത്ത യാത്ര കേരളത്തിലേയ്ക്കാക്കാനായിരിക്കും.
” ഞങ്ങൾ ഇന്നു മടങ്ങും”
ആ ഫാമിലിയോട് യാത്ര പറഞ്ഞ് ഹോട്ടലിൽനിന്നിറങ്ങുമ്പോൾ കടലിന്റെ സൗന്ദര്യം ഒന്നുകൂടി ആസ്വദിച്ചു. മീൻപിടുത്തക്കാർ വല വലിച്ചുനേരെയാക്കുന്നു. നേരിയ മഴച്ചാറ്റലുണ്ട്. പാക്കിംഗ് കഴിഞ്ഞ് കൃത്യം 9 am ന് ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തു.
റാം എന്നയൊരാളായിരുന്നു ഞങ്ങളുടെ സാരഥി. ഗോകർണംതന്നെയാണ് അയാളുടെ സ്വദേശം. യാത്രാമദ്ധ്യേ,പഞ്ചമഹാക്ഷേത്രങ്ങളിൽപ്പെട്ട മറ്റു ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള മോഹം ഞങ്ങൾ അയാളെ അറിയിച്ചു. അയാൾക്ക് സന്തോഷമായി. ആദ്യം അയാൾ ഞങ്ങളെ കൊണ്ടുപോയത് ധാരേശ്വറിലേക്കാണ്. വലിയ കൽമതിലുകളുള്ള ശാന്തമായൊരമ്പലം. ഞങ്ങളെക്കൂടാതെ മറ്റാരെയും തൊഴാനായി അവിടെ കണ്ടില്ല. പൂജാരിയോട് പ്രസാദം വാങ്ങി തിടുക്കത്തിൽ ഞങ്ങൾ അടുത്ത ക്ഷേത്രത്തിലേക്ക് നീങ്ങി, ” ഗുണവന്തേശ്വർ “. അവിടെയും തിരക്കൊന്നുമില്ല.കൊത്തുപണികളോടുകൂടിയ വലിയ ക്ഷേത്രകവാടവും നീലപ്പളുങ്കുപോലെവെള്ളം നിറഞ്ഞുകിടക്കുന്ന വലിയ ക്ഷേത്രക്കുളവും ഈ അമ്പലത്തിന്റെ സവിശേഷതകളാകുന്നു. നിറഞ്ഞ മനസ്സോടെ തൊഴുതുമടങ്ങി. വണ്ടിയിൽ കയറിയപ്പോൾ ഡ്രൈവർ അദ്ദേഹത്തിന്റെ ആശങ്ക പങ്കുവെച്ചു.ഇനിയുള്ള ക്ഷേത്രം ശംഭുലിംഗേശ്വർ,ഒരുപാടുദൂരെയാണെന്നും അവിടേക്ക് പോയാൽ നിശ്ചയിച്ചുറപ്പിച്ച സമയത്ത് മുരുഡേശ്വറിൽ എത്താൻ കഴിയില്ലെന്നും അയാൾ അറിയിച്ചു. അതുകൊണ്ട് ആ മോഹം ഞങ്ങൾ ഉപേക്ഷിച്ചു.
നേരെ മുരുഡേശ്വറിലേക്ക്!
സഞ്ചാരികളെ ആകർഷിക്കാനുള്ള വശ്യമനോഹാരിതയുണ്ട് മുരുഡേശ്വരക്ഷേത്രത്തിന്. അലയടിച്ചുവരുന്ന നീലസാഗരത്തിനുമുകളിൽ ജ്വലിച്ചുനിൽക്കുന്ന നീലകണ്ഠവിഗ്രഹം, അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല.സ്വർണ്ണശോഭയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ക്ഷേത്രകവാടത്തിൽത്തന്നെ ഇരുവശങ്ങളിലുമായി വലിയ രണ്ട് ഗജവീരന്മാരുടെ പ്രതിമ കാണാം. പടിക്കെട്ടുകൾ കയറിച്ചെന്നാൽ ക്ഷേത്രകവാടമായി.അനേകം വിദേശടൂറിസ്റ്റുകൾ നിത്യേനയെന്നോണം ഇവിടം സന്ദർശിക്കുന്നു. ജാതിമതഭേദമെന്യേ എല്ലാവർക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാം. “ഭക്തി “എന്ന വികാരത്തിന്നുപകരം ഒരു കൗതുകവും വിസ്മയവുമൊക്കെയാണ് അനുഭവപ്പെടുക. പ്രസാദമായി തരുന്നത് ലഡ്ഡുവാണ്. ഗോകർണേശ്വരക്ഷേത്രത്തിലെപ്പോലെ ശ്രീകോവിലിനകത്തേക്ക് പ്രവേശനമില്ല. പല വിദേശടൂറിസ്റ്റുകളും ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠകളിലേക്ക് ക്യാമറ ചലിപ്പിക്കുന്നത് കണ്ടു. ആഞ്ജനേയനും നാഗരാജാവുമൊക്കെ ക്യാമറയിൽ പതിയുന്നത് നേരിയ കുറ്റബോധത്തോടെയല്ലാതെ കാണാനായില്ല. പടിക്കെട്ടുകൾക്കടിയിൽ വെള്ളം കെട്ടിനിൽക്കുന്നു.തലേന്ന് പെയ്ത മഴകൊണ്ടാകാം. തിരിച്ചിറങ്ങുമ്പോൾ ,അബദ്ധത്തിൽ എന്റെ കൈയിൽനിന്ന് ഫോൺ വെള്ളത്തിൽ വീണു. ഈശ്വരാ എന്റെ ഫോട്ടോസ്…. ഇല്ല..ഒന്നും സംഭവിച്ചില്ല.. സംതൃപ്തമായ മനസ്സോടെ ഞാൻ പടിക്കെട്ടിറങ്ങി.
മംഗലാപുരത്ത് നിന്നുള്ള ഞങ്ങളുടെ റിട്ടേൺ,പത്തു മണിക്കാണ്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തതാണ്. ഭട്കലിൽനിന്ന് മംഗലാപുരത്തേക്ക് ട്രെയിൻ കിട്ടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അന്വേഷിച്ചപ്പോഴാണ് അഞ്ചേകാലിനാണത്രേ ആ പാസഞ്ചർ ട്രെയിൻ. റാം ഞങ്ങളെ ബസ്സ്റ്റേഷനിൽ എത്തിച്ചു.വളരെ പെട്ടെന്നുതന്നെ ഉഡുപ്പിയിലേക്ക് ഒരു ബസ് കിട്ടി. ഇനി ഇവിടെനിന്ന് മംഗലാപുരത്തേക്ക് പോകണം. എന്ത് ചെയ്യേണ്ടു എന്നുകരുതിനിൽക്കുന്ന ഞങ്ങളെ,ഭഗവദ്പ്രസാദംപോലെ,ഒരു ഡ്രൈവർ മറ്റൊരു കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിൽ കയറ്റി മംഗലാപുരത്തേക്ക് വിട്ടു. എല്ലാം ദൈവകൃപ, അത്രയേ പറയാനുള്ളൂ. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും വളരെ നേരത്തെത്തന്നെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടാൻ കഴിഞ്ഞു. വെയ്റ്റിംഗ് റൂമിൽ മൂകാംബിക ദർശനം കഴിഞ്ഞുവരുന്ന പാലക്കാട്ടുകാരായ മറ്റൊരു ഫാമിലികൂടി ഉണ്ടായിരുന്നു. അവരോട് ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. എട്ടുമണിയോടെ റെയിൽവേ സ്റ്റേഷനിൽ തന്നെയുള്ള ഒരു റസ്റ്റോറന്റിൽനിന്ന് അപ്പവും വെജിറ്റബിൾ കറിയും കഴിച്ച് വിശപ്പടക്കി. അങ്ങനെ ഒരു തീർത്ഥാടനത്തിന്റെ പര്യവസാനമായി. ഇനി ഞങ്ങളെ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക്,പ്രിയങ്കരമായ പാലക്കാടൻമണ്ണിലേക്ക് എത്തിക്കുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനെ പ്രതീക്ഷിച്ചിരിക്കാം.
(അവസാനിച്ചു)