Sunday, December 22, 2024
Homeസ്പെഷ്യൽശുഭ ചിന്ത - (76) - പ്രകാശഗോപുരുങ്ങൾ - (52) - ' സ്വധർമ്മം '✍...

ശുഭ ചിന്ത – (76) – പ്രകാശഗോപുരുങ്ങൾ – (52) – ‘ സ്വധർമ്മം ‘✍ പി. എം.എൻ.നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

ശ്രേയാൽ സ്വധർമ്മോ വിഗുണ
പരധർമ്മാത് സ്വനുഷ്ഠാ താത്
സ്വധർമ്മേ നിധനം ശ്രേയ:
പരധർമ്മോ ഭയാ വഹാ:

യുദ്ധക്കളത്തിൽ വരുന്നതുവരെ ഊർജ്ജ്വസ്വലനായിരുന്നു അർജ്ജുനൻ. ശത്രുപക്ഷത്ത് ആചാര്യന്മാരേയും പിതാമഹന്മാരേയും കണ്ട്, എനിക്ക് വിജയം വേണ്ട, രാജ്യവും വേണ്ട എന്ന് പറഞ്ഞ് ഹതാശനായി ഗാണ്ഡീവം താഴെ എറിഞ്ഞ അർജ്ജുനനോട് ഭഗവാൻ പറയുന്ന വരികളാണിവ. ഭഗവാൻ പറയുന്നത് നന്നായി ചെയ്ത പര ധർമ്മത്തേക്കാൾ, ഗുണമില്ലാത്തതായാൽ പോലും സ്വധർമ്മം ശ്രേഷ്ഠമാകുന്നു. സ്വധർമ്മം ചെയ്തു കൊണ്ടുള്ള മരണം പോലും ശ്രേയസ്ക്കരമാണ്. പരധർമ്മമാകട്ടെ ഭയത്തെ ഉണ്ടാക്കുന്നതുമാണ്. എന്താണ് സ്വധർമ്മം? എല്ലാ ജനങ്ങളേയും ചേർത്തു മനുഷ്യൻ എന്ന് പറയുമ്പോൾ മാനവധർമ്മം എന്ന് പറയാം. എന്നാൽ ഓരോരുത്തർക്കും വ്യക്തിത്വം വ്യത്യസ്‌തമായതിനാൽ ഓരോരുത്തർക്കും പ്രത്യേക ധർമ്മമുള്ളതായി വരുന്നു. രാജ്യരക്ഷയ്ക്കും പ്രജാപരിപാലനത്തിനും വേണ്ടി യുദ്ധം ചെയ്യുക എന്നത് സൈനികൻ്റെ ധർമ്മമാണ്. ഭൗതിക സുഖങ്ങൾ ത്യജിച്ച് ധ്യാനവും തപസ്സും നടത്തുക എന്നത് സന്യാസിയുടെ ധർമ്മമാണ്. ഗുരുവിനെ പൂജിച്ചും, ഗുരുവാക്യങ്ങളനുസരിച്ചും വിദ്യ നേടുന്നത് ശിഷ്യധർമ്മമാണ്. എന്നാൽ വിദ്യപകർന്നു കൊടുക്കേണ്ടത് ഗുരുധർമ്മവും ആകുന്നു. അങ്ങിനെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ധർമ്മങ്ങളുണ്ട്. നാം അതു ചെയ്യാൻ ബാദ്ധ്യസ്ഥരുമാണ്.ഈ ധർമ്മം മാത്രമാണ് പരലോകത്ത് നമുക്ക് സംരക്ഷണം നൽകുന്നതും. സൈനികൻ്റെ ധർമ്മം മറന്ന് സന്യാസിയുടെ ധർമ്മം സ്വീകരിക്കുന്നത് അകീർത്തികരവുമാണ്. ഓരോരുത്തരും അവരവരുടെ ധർമ്മം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. അത് അറിയുക മാത്രമല്ല അനുഷ്ഠിക്കുകയും ചെയ്യണം. ഒന്ന് ആലോചിച്ചു നോക്കൂ! മഹാഭാരതത്തിലെ ധൃതരാഷ്ട്രർ ധർമ്മാന്ധനായി ജീവിക്കുന്ന സാധാരണക്കാരൻ്റെ പ്രതിനിധിയായിരുന്നല്ലോ! മാതൃഭൂമിയോടുള്ള സ്വധർമ്മം മറന്ന് അധികാരാവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്നു എന്നത് നമ്മുടെ സ്വതന്ത്രഭാരതത്തിൻ്റെ ഏറ്റവും വലിയ ശാപവും ദു:ഖവുമാണ്.കൃഷിക്കാരനും ഓഫീസ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും, ഡോക്ടർമാരും എഞ്ചിനീയർമ്മാരും എല്ലാം സ്വധർമ്മം എന്തെന്ന് അറിഞ്ഞിട്ടും വിപരീതമായി പ്രവർത്തിക്കുന്നത് നമുക്ക് കാണാൻ കഴിയും. സത്യത്തിൽ ഒരോരുത്തർക്കും ലഭിക്കുന്ന ധർമ്മം അത് അവരുടെ കർമ്മഫലമായി ലഭിക്കുന്നവയാണ്.അതുക്കെണ്ട് നമ്മുടെ കടമകൾ, കർത്തവ്യങ്ങൾ ധർമ്മാനുസാരം ചെയ്യുവാൻ നാം ശ്രമിക്കേണ്ടതാണ്. അങ്ങനെ എല്ലാവരും പ്രവർത്തിച്ചാൽ നമ്മുടെ ജീവിതം സുഖപ്രദവും സഫലവുമായിത്തീരും. ഏതു കർമ്മവുമാകട്ടെ, തൂപ്പുകാരൻ്റേതോ ഡിസ്ട്രിക്ട് കളക്ടറുടേതോ ആയിക്കൊള്ളട്ടെ, ഫലേച്ഛ ലക്ഷ്യമാക്കാതെ, ഈശ്വരാർപ്പിതമായി നിക്ഷിപ്തകർമ്മം ചെയ്യുമ്പോൾ അത് കർമ്മയോഗമായിത്തീരും.

വിദ്യയും വൈദ്യവും പണ്ട് സൗജന്യമായിരുന്നു. സർക്കാരാശുപത്രികളെ ധർമ്മാശുപത്രികൾ എന്നാണറിയപ്പെട്ടിരുന്നത്. ഇന്ന് ഇതു രണ്ടുമാണ് ഏറ്റവും കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത്. സ്വധർമ്മം മറന്ന് തൊഴിലിനെ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി കരുതുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ന്യായവും ധർമ്മവും ലാഭത്തിനു വഴിമാറികൊടുക്കുകയാണ്. അഴിമതി മാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിൻ്റെ ഫലമായി പണക്കാരെ മാത്രം ചികത്സിക്കുന്ന ഡോക്ടറന്മാരും പഴകി പൊളിയാറായ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന എജിനീയർമാരും ഒക്കെ പെരുകുകയാണ്. അതുപോലെ തന്നെ വിദ്യാർത്ഥികൾ അർത്ഥിച്ചു വരേണ്ടവരാണ്. അറിവിൻ്റെ അമൃതം ആവോളം പകർന്നു വാങ്ങി ജീവിതത്തിൻ്റെ പാനപാത്രം നിറയ്ക്കേണ്ടവരാണ്. അദ്ധ്യാപകർ അറിവിൻ്റെ ദീപം കൊളുത്തി ഇളം തലമുറയെ നേർവഴി നടത്തേണ്ടവരും.എന്നാൽ ഇന്ന് സമൂഹത്തിൽ പലരും സ്വധർമ്മം മറക്കുകയാണ്. നദി, മണ്ണ്, ജലം, വായു ഇവയുടെയൊക്കെ സംരക്ഷണം വരും തലമുറയ്ക്കു വേണ്ടി പ്രവർത്തിക്കുക ഇന്നത്തെ തലമുറയുടെ ധർമ്മമാണ്. പക്ഷെ നാം താൽക്കാലിക ധനലാഭത്തിനു വേണ്ടി ഇതെല്ലാം മറക്കുകയാണ്.

ഗൃഹസ്ഥാശ്രമികളായ നമ്മുടെയൊക്കെ ധർമ്മം നമ്മുടെയുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആത്മീയതയെ സാക്ഷാൽക്കരിക്കലാണ്. അപ്പോൾ നാം ഒരു ആൾക്കൂട്ടത്തിലല്ല പ്രത്യുത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ഒരു സമൂഹത്തിലാണു ജീവിക്കുന്നത് എന്ന ചിന്ത ഉണ്ടായിത്തീരും. ഈ ചിന്ത ശ്രേയസ്സും ശാന്തിയും നിറഞ്ഞ ഒരു ജീവിതം നമുക്ക് നൽകുകയും ചെയ്യും.

✍ പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments