അമ്മ എന്തൊരു മാസ്മരികശക്തിയുള്ള മധുര ശബ്ദം! അമ്മ നമ്മുടെ ജന്മദാത്രിയും ഉപനിഷത്ത് തത്ത്വപ്രകാരം ഒന്നാമത്തെ ഗുരുവും നിത്യ സ്നേഹത്തിൻ്റെ സ്രോതസ്സുമാണ്. അമ്മയെക്കാൾ വലിയ ഒരു സ്വാധീനശക്തിയും ആരുടെ ജീവിതത്തിലും ഉണ്ടാവുകയില്ല. അമ്മയ്ക്കു തുല്യം അമ്മ മാത്രമാണ്. അമ്മ ശരീരവും അച്ഛൻ ആത്മാവുമാണ്. മറ്റാരോടും ആത്മീയവും കായികവുമായ ഈ ബന്ധത്തെ താരതമ്യപ്പെടുത്താനാവില്ല. ഭാരതീയചിന്തയിൽ അമ്മ ശിവൻ്റെ ശക്തിയായിട്ടാണ് കാണുന്നത്. സാംഖ്യദർശനത്തിൽ അമ്മ പ്രകൃതിയാണ്.അതുകൊണ്ടായിരിക്കാം മനുഷ്യർ ജന്മഭൂമിയെ മാതൃഭൂമി എന്ന് വിളിച്ചാരാധിക്കുന്നത്. നാം ജന്മം മുതൽ സംസാരിക്കുന്ന ഭാഷയെ മാതൃഭാഷ എന്നല്ലെ പറയുന്നത്! ജനനിയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമാണെന്ന് പണ്ടുള്ളവർ പറയാറുണ്ടല്ലൊ. അമ്മ എന്ന ആശയംതന്നെ മനുഷ്യമനസ്സിൻ്റെ പാവനങ്ങളായ പല സങ്കല്പങ്ങൾക്കും അടിസ്ഥാനമാണ്.
പണ്ട് ഗുരുകുലവിദ്യാഭ്യാസമായിരുന്നകാലത്ത്, പഠിത്തമെല്ലാം കഴിയുമ്പോൾ ആചാര്യൻ്റെ ഒരു സന്ദേശമുണ്ട്, യൂണിവേഴ്സിറ്റിയിലെ കോൺവെക്കേഷൻ അഡ്രസ്സിനു സമാനമായി.ഗുരു ഉപദേശിക്കും”” സത്യം വദ, ധർമ്മം ചര”” പിന്നീട് പറയും:
മാതൃദേവോ ഭവ
പിതൃദേവോ ഭവ
ആചാര്യദേവോ ഭവ
അതിഥിദേവോ ഭവ
ആദ്യം മാതാവിനെ ദേവിയായി കരുതാൻ പറയും. പിന്നെ പിതാവിനെ, ആചാര്യനെ, അതിഥിയെ ഒക്കെ ദേവന്മാരെപ്പോലെ ആരാധിക്കുക ….. അതോടെ ശിഷ്യൻ അറിയേണ്ടതൊക്കെയും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
നബി പറഞ്ഞത ” നിൻ്റെ മാതാവിൻ്റെ കാല്പാദത്തിനടിയിലാണ് നിൻ്റെ സ്വർഗ്ഗം എന്നാണ്. അതുകൊണ്ട് നീ അമ്മയുടെ പാദസേവ ചെയ്യുക “. ഒരു വ്യക്തിയുടെ എല്ലാ വികസനപരിണാമങ്ങളുടെ ചരിത്രത്തിലും അവൻ്റെ അമ്മയുടെ പ്രഭാവം കാണാൻ കഴിയും. ഉദാത്തങ്ങളായ സങ്കല്പങ്ങൾ ഒരു കുട്ടിക്കു കിട്ടുന്നത് അവൻ്റെ മാതാവിൽനിന്നാണെന്ന് ശ്രീ ശങ്കരഭഗവൽപാദർ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തൻ്റെ അമ്മയെ 5 ശ്ലോകങ്ങളിലൂടെ അവതിരിപ്പിക്കുന്നുണ്ട്. അതാണ് “മാതൃപഞ്ചകം’ അതിൽ ഒരു ശ്ലോകത്തിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ വിവർത്തനം ഇങ്ങനെയാണ്.
നിൽക്കട്ടെ, പേറ്റുനോവിൻ കഥ
രുചികുറയും കാലമേറും ചടപ്പും
പൊയ്ക്കോട്ടെ, കൂട്ടിടേണ്ട, മലമതി
ലൊരുകൊല്ലം കിടക്കും കിടപ്പും.
നോക്കുമ്പോൾ ഗർഭമാകും പെരിയ
ചുമടെടുക്കുന്നതിൻ കൂലിപോലും
തീർക്കാവല്ലെത്ര യോഗ്യൻ മകനു,
മതുനിലയ്ക്കുള്ളരമ്മേ തൊഴന്നേൻ
പ്രസവസമയത്ത് ഒരമ്മ അനുഭവിക്കുന്ന വേദന, ഗർഭകാലത്തെ വിശപ്പില്ലായ്മ, ഭാരമെടുത്തുള്ള നടപ്പ്, കുഞ്ഞിൻ്റെ മലമൂത്ര വിസർജ്ജനത്തിലുള്ള കിടപ്പ് ഒക്കെ ഓർത്താൽ ഏതു മക്കൾക്കാണ് കടപ്പാട് തീർക്കാൻ കഴിയുക?
ഒരു കുട്ടിക്കു കിട്ടേണ്ട അടിസ്ഥാന വിദ്യാഭ്യാസം 5 വയസ്സുവരെയുള്ള പ്രായത്തിൽ അമ്മയിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് 5 വയസ്സുവരെ കുട്ടി അമ്മയോടൊപ്പം വളരണമെന്നും അവൻ്റെ/അവളുടെ എല്ലാ കാര്യവും അമ്മതന്നെ ശ്രദ്ധിക്കണമെന്നും പൗരാണികർ പറയുന്നത്. ഒരു കുട്ടിക്ക് കിട്ടുന്ന മുലപ്പാൽ അവൻ്റെ/അവളുടെ ജീവിതാവസാനംവരെയുള്ള ആരോഗ്യത്തിൻ്റെ അടിസ്ഥാനമാണ്. അതുകൊണ്ടാണ് ഭാരതീയചിന്തയിൽ അമ്മയ്ക്ക് അച്ഛനേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
കുഞ്ഞുങ്ങൾക്കു നേരിയതോതിലെങ്കിലും ഭയമുണ്ടായാൽ ഓടിയെത്തുന്നത് അമ്മയുടെ മടിത്തട്ടിലേയ്ക്കാണ്.ഒരു കപ്പൽയാത്രയുടെ കഥ ” വാദ്ധ്വാനി ” എന്ന ഒരു മഹാശയൻ പറയുന്നത് എന്താണെന്ന് നോക്കാം: ബോംബെയിൽനിന്നും കറാച്ചിയിലേക്കു പോയിരുന്ന കപ്പലിൻ്റെ എൻജിൻ തകരാറിലായി, കപ്പൽ അടിയുലഞ്ഞു. ഏതുനിമിഷവും മുങ്ങാം. യാത്രക്കാർ അലറി നിലവിളിച്ചു. പ്രാർത്ഥിച്ചു. മൂന്നു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി ഇതൊന്നും ശ്രദ്ധിക്കാതെ കളിക്കുകയായിരുന്നു. അദ്ദേഹം ചോദിച്ചു. “മോളേ നിനക്ക് പേടിയില്ലേ? അതിന് അവൾ പറഞ്ഞത് “ഞാനെന്തിനു പേടിക്കണം” എൻ്റെ അമ്മയടുത്തുള്ളപ്പോൾ “അഹാ എന്തൊരു നിഷ്കളങ്കമായ മറുപടി ! അതെ, നമ്മുടെയെല്ലാം അമ്മ എപ്പോഴും നമ്മുടെയെല്ലാം അടുത്തുണ്ട്.- മറ്റാരെക്കാളും അടുത്ത്. ആ വിശ്വാസം നമ്മെ ഭയവിമുക്തമാക്കും.
ഞാൻ ഒരു വീട്ടമ്മയാണെന്ന് പറയുമ്പോൾ ഏതൊരു സ്ത്രീയും അഭിമാനിക്കണം.
”സ്ത്രീമൂലം സർവ്വ ധർമ്മാ “ സകല ധർമ്മങ്ങളുടേയും മൂലം സ്ത്രീയാണ്. നരനെ നരേന്ദ്രനാക്കി മാറ്റാനുള്ള കഴിവ് അമ്മമാർക്കുണ്ട്. എങ്ങനെയാണ് നരേന്ദ്രനെ വിവേകാനന്ദനാക്കി മാറ്റിയത്? മമത ഇല്ലാതെ സ്നേഹിക്കുവാൻ പഠിപ്പിക്കുക. എൻ്റേതിനെ മാത്രം സ്നേഹിച്ചാൽ പോരാ. ദു:ഖത്തെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിക്കുക.എന്താണ് മാതൃത്വം? എല്ലാം സൃഷ്ടിച്ചാലും മനുഷ്യനെ സൃഷ്ടിച്ചില്ലെങ്കിലോ? അതുകൊണ്ട് ആ സൃഷ്ടിയുടെ ഉത്തരവാദിത്വം മാതാവിനെ ഏല്പിച്ചു.
എനിക്കൊരിക്കലും മറ്റൊരാളുടെ കുറ്റം കാണാൻ കഴിയുന്നില്ല. എന്ന് ശ്രീരാമകൃഷ്ണദേവൻ്റെ പത്നി ശാരദാദേവി പറയുമായിരുന്നു. ശാരദയുടെ അമ്മ ഒരിക്കൽ പറഞ്ഞു: എൻ്റെ മോളെ ! “നിന്നെ അമ്മ എന്നു വിളിക്കാൻ നിനക്കൊരു കുഞ്ഞില്ലല്ലോ “ ഇതു കേട്ടുകൊണ്ടു വന്ന ശ്രീരാമകൃഷ്ണദേവൻ പറഞ്ഞു: അമ്മ അതു കൊണ്ടു വിഷമിക്കണ്ട. ശാരദയെ അമ്മ എന്നു വിളിക്കാൻ ആയിരക്കണക്കിനാളുകളുണ്ടാകും.
ഒരു കുട്ടിക്ക് അമ്മ ദിവസവും ടിഫിൻബോക്സിൽ ആഹാരം കൊടുത്തയയ്ക്കും. ഒരു ദിവസം സ്കൂളിൽനിന്നുവന്ന കുട്ടി പറഞ്ഞു: അമ്മേ വിശക്കുന്നു. അപ്പോൾ അമ്മ ചോദിച്ചു എന്തു പറ്റി?അപ്പോൾ അവൻ പറഞ്ഞു: എൻ്റെ ഒരു കൂട്ടുകാരൻ ഉച്ചയ്ക്കു കഴിക്കാൻ ഒന്നും കൊണ്ടുവന്നില്ല. അതു കൊണ്ട് അമ്മ തന്നുവിട്ട ഇഡ്ഡലി ഞാൻ അവന് കൊടുത്തു. അതുകേട്ട അമ്മ സന്തോഷത്തോടെ പറഞ്ഞു: നീ ചെയ്തതു നന്നായി മോനെ. ആ മകനാണ് പിൻകാലത്ത് പണ്ഡിതനായ വിവേകാനന്ദനായത്. അതു കൊണ്ടു പറയുകയാണ് അമ്മമാർ അങ്ങനെയുള്ള ത്യാഗത്തെ പ്രോത്സാഹിപ്പിക്കണം.എന്നാൽ ഇക്കാലത്ത് നീ നിൻ്റെ കാര്യം നോക്കിയാൽ മതി അത്ര ധർമ്മപുത്രരാവണ്ട എന്ന് പറഞ്ഞ് ആ നല്ല മനോഭാവത്തെ അടിച്ചമർത്തുന്ന അമ്മമാരേയും ധാരാളം കാണാൻ കഴിയും.
ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്തിൻ്റെ ദാരിദ്ര്യം ഇവിടത്തെ സ്ത്രീകളുടെ മനസ്സിൻ്റെ ദാരിദ്ര്യമാണ്.ഒരു അമ്മ ഒരു കിൻ്റർഗാർട്ടനും ഒരു യൂണിവേഴ്സിറ്റിയുമാണ്. കുട്ടികൾക്ക് സത്യത്തിൻ്റെ മഹത്വം കാണിച്ചുകൊടുക്കുന്ന അമ്മമാരാണിന്ന് സമൂഹത്തിന് ആവശ്യം. ചെടിയുടെ മണ്ടയ്ക്ക് വെള്ളമൊഴിച്ചാൽ പോരാ. വേരിൽത്തന്നെ ഒഴിക്കണം. അങ്ങനെ വളരുന്ന മരം അനേകായിരങ്ങൾക്കു തണലേകും.ഒന്നു മനസ്സിലാക്കുക. സ്ത്രീയുടെ ജീവിതം ഒരു യജ്ഞമാണ്.- തപസ്സാണ്. മാത്രമല്ല ഒരു വരദാനവുമാണ്. അവരിൽ നിന്നും ജനിക്കുന്ന കുട്ടികൾ നരന്മാരുടെ ഇന്ദ്രന്മാരാകും. ആ മാതൃസങ്കല്പത്തിനു മുമ്പിൽ നമുക്ക് നമോവാകം അർപ്പിക്കാം.