Friday, January 10, 2025
Homeസ്പെഷ്യൽശുഭ ചിന്ത - (79) പ്രകാശഗോപുരങ്ങൾ - (55) 'സുമനസ്സുകൾ' പി. എം. എൻ. നമ്പൂതിരി.

ശുഭ ചിന്ത – (79) പ്രകാശഗോപുരങ്ങൾ – (55) ‘സുമനസ്സുകൾ’ പി. എം. എൻ. നമ്പൂതിരി.

പി. എം. എൻ. നമ്പൂതിരി.

മനസി, വചസി, കായേ പുണ്യപീയുഷ പൂർണ്ണാ
സ്ത്രിഭുവനമുപകാര ശ്രേണിഭി: പ്രീണയന്ത:
പരഗുണ പരമാണൂൻ പർവ്വതീ കൃത്യനിത്യം
നിജഹൃദി വികസന്ത: ഖ്യാപയന്ത: കിയന്ത:?

ഭർത്തൃഹരി സജ്ജനലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നീതിശതകത്തിൽ പറയുന്നുണ്ട്. മനസ്സിലും വാക്കിലും ശരീരത്തിലും പുണ്യാമൃതപൂർണ്ണരായി, സൽക്കർമ്മതൽപ്പരായി, പല പ്രകാരത്തിലുള്ള ഉപകാരങ്ങളാൽ മൂന്ന് ലോകങ്ങളെയും സന്തോഷിപ്പിക്കുന്നവനായിരിക്കണം സജ്ജനങ്ങൾ. അന്യരിൽ കാണുന്ന നിസ്സാര ഗുണങ്ങളെപ്പോലും വലുതാക്കി കാണിക്കണം.എന്നാൽ അന്യരിലെ ദോഷം കണ്ടതായി ഭാവിക്കുക പോലും അരുത്. ഇങ്ങനെയുള്ള സജ്ജനങ്ങൾ വളരെ വിരളമാണ്. നല്ല ചിന്ത, നല്ല വാക്ക്, നല്ല പ്രവൃത്തി ഇവയാണ് മനുഷ്യൻ്റെ മഹത്ത്വത്തിൻ്റെ ഉരക്കല്ല്. എനിക്കെന്തു കിട്ടും എന്നുള്ള കച്ചവട മനോഭാവം മാറ്റി എനിക്കെന്തു കൊടുക്കുവാൻ കഴിയും എന്നുള്ള ഉദാത്തമായ ചിന്ത നമ്മുടെ പ്രവർത്തികളുടെ പിന്നിലുള്ള പ്രേരണയാകുമ്പോൾ ആ ജീവിതം ധന്യമായിത്തീരുന്നു.

പാക്കിസ്ഥാൻ്റെ വെടിയുണ്ടയ്ക്കു പോലും തുളച്ചു കയറാൻ കഴിയാത്ത ഒരു വാക്യം ബംഗ്ലാദേശ് പ്രസിഡൻറ്റായിരുന്ന മുജീബുർ റഹിമാൻ്റെ വസതിയുടെ ചുവരിൽ തെളിഞ്ഞു കാണാം. ശ്രീരാമ പരമഹംസൻ്റെ ഒരു സന്ദേശത്തിൻ്റെ സാരാംശമാണിത്. “നീ ജനിച്ചപ്പോൾ നീ കരഞ്ഞു.മറ്റുള്ളവർ ചിരിച്ചു. നിൻ്റെ ജീവിതം എങ്ങനെയായിരിക്കണം എന്നു വെച്ചാൽ നീ മരിക്കുമ്പോൾ നീ ചിരിക്കണം. ലോകം മുഴുവനും കരയണം”. നാം മരിക്കുമ്പോൾ ലോകം സന്തോഷിക്കത്തക്കതോ ചിരിക്കത്തക്കതോ ആയിരിക്കരുത് നമ്മുടെ പ്രവർത്തികൾ എന്ന് ചുരുക്കം. പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുവാൻ നമ്മുടെ ജീവിതം അർപ്പിച്ചാൽ മാത്രമേ നാം മരിക്കുമ്പോൾ ലോകം കരയുകയുള്ളൂ. ആദ്ധ്യാത്മികതയുടെ കൊടുമുടിയിൽ നിന്ന് ഭവിക്കുന്ന ആർദ്രതയുടെ സ്രോതസ്സുകൾ മാത്രമേ മറ്റുള്ളവരുടെ കണ്ണീരിലും വേദനയിലും ലയിച്ചുചേരുകയുള്ളൂ. സുമനസ്സ് നന്മയുള്ളവരുടെ ലക്ഷണമാണ്. നന്മ ചെയ്യാനുള്ള തൃഷ്ണ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ഒരുവൻ്റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാവാത്ത വിധത്തിലുള്ള എല്ലാ ചിന്തകളേയും എല്ലാ പ്രവർത്തികളേയും അംഗീകരിക്കുന്നതാണ് സംസ്ക്കാരം.നമ്മളോട് അന്യർ എങ്ങനെ പെരുമാറണമെന്നു നാം അംഗീകരിക്കുന്നുവോ അതുപോലെ അങ്ങോട്ടും പെരുമാറുക എന്നതാണ് മാന്യത. നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമകൾക്കു മാത്രമേ അന്യനിലെ നന്മ കാണാൻ കഴിയൂ.

നമ്മുടെ വാക്കുകൾ മനസ്സിലെ ചിന്തകളുടെ ബഹിർസ്ഫുരണമാണ്. തോക്കല്ല, വാക്കാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. വാഗ്വൈഭവം ഈശ്വരൻ തരുന്ന ഒരു വരദാനമാണ്. മധുര സംഭാഷണം ഒരു കലയാണ്. ഫലിതം പറയുന്നവരെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ചിരിക്കാൻ അറിയാത്തവർക്കും ചിരിക്കാത്തവർക്കും സുഹൃത്തുക്കൾ കുറവായിരിക്കും. പക്ഷെ ചിലർ നാവു വളച്ചാൽ അന്യനെ വേദനിപ്പിക്കുന്ന വാക്കുകൾ മാത്രമേ പറയുകയുള്ളൂ. എന്തേങ്കിലും നന്മ അവരിൽ ഉണ്ടെങ്കിൽക്കൂടി വാക്കിനാൽ അത് നഷ്ടപ്പെടുത്തും. മനസ്സറിഞ്ഞ് ഒരു നന്മ ചെയ്യുന്നതിലും വലുതാണു് മധുരഭാഷണം. മിത്രങ്ങളെ സൃഷ്ടിക്കാനും നശിപ്പിക്കാനും നാവിനു കഴിയും. വില്ലിൽ നിന്നും തൊടുത്തുവിട്ട അമ്പുപോലെയാണ് വാക്കുകൾ. അതു ചെയ്യുന്ന ഉപദ്രവം പിന്നീട് നിയന്ത്രിക്കാൻ കഴിയുകയില്ല.

സജ്ജനങ്ങൾക്ക് ഐശ്വര്യം വർദ്ധിച്ചാലും അഹങ്കാരം വർദ്ധിക്കില്ല. മാത്രമല്ല അവർ കൂടുതൽ വിനയാന്വിതരായിത്തീരും. വിദ്യ കൂടുമ്പോൾ വിനയം വർദ്ധിക്കണം. “”വിദ്യാ ദതാതി വിനയം ” എന്നാണല്ലോ പറയുക. നിറകതിർ കുനിഞ്ഞു നിൽക്കുമ്പോൾ പതിര് നിവർന്നു നിൽക്കും. നദീതീരം ഒരിക്കൽ നദിയോട് ചോദിച്ചു “വെള്ളപ്പൊക്ക കാലത്ത് നീ വളരെ ഗർവ്വോടെ കുലംകുത്തി പായുന്നു.കരയ്ക്കു നിൽക്കുന്ന വൻമരങ്ങളെപ്പോലും കടപുഴക്കി മറിച്ചിടുന്നു. പക്ഷെ നിസ്സാരനായ ആറ്റുവഞ്ചിയെ നിനക്കൊന്നും ചെയ്യാനാവാത്തതിൻ്റെ കാരണമെന്ത്?” അതിന് നദി കൊടുത്ത മറുപടി ആറ്റുവഞ്ചിക്ക് താഴേണ്ടിടത്ത് താഴാനും ഉയരേണ്ടിടത്ത് ഉയരാനും കഴിയുന്നതു കൊണ്ടാണ്‌. അതുപോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും. അത്തരക്കാരെ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല.

സമൂഹത്തിൽ നല്ല പെരുമാറ്റം കാഴ്ചവെയ്ക്കാനും സമസൃഷ്ടികളെ സ്നേഹിക്കുന്ന സൽസ്വഭാവികളെ വാർത്തെടുക്കുവാനുമാണ് യഥാർത്ഥ വിദ്യ ഉപകരിക്കേണ്ടത്. എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഞാൻ ഇവിടെ ഓർക്കുകയാണ്.

സന്മനസ്സുള്ളവർ എല്ലാവരെയും സ്നേഹിക്കും.അവർക്ക് സ്നേഹവും ജീവിതവും ഒന്നാണ്. വാക്കും അർത്ഥവും പോലെയാണത്. പ്രേമത്തിൻ്റെ മാധുര്യമില്ലാത്ത ജീവിതം മരുഭൂമിക്കു തുല്യമാണ്. അവനവൻ ജനിച്ചു വളർന്ന മതത്തിലെ നല്ല ശാസനകളും സദാചാരങ്ങളും മാനവ മൂല്യങ്ങളും വ്യക്തിയിലും സമൂഹത്തിലും സന്നിവേശിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്ന സുമനസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കാം. നന്മ നിറഞ്ഞ മനസ്സും വിനയാന്വിതമായ പെരുമാറ്റവും മധുരഭാഷണവും നിഷ്കളങ്കസ്നേഹവും നമ്മുടെ ജീവിതം ധന്വമാക്കും.

പി. എം. എൻ. നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments