Monday, December 23, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (91) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ - ഭാഗം - (5 - അവസാന...

അറിവിൻ്റെ മുത്തുകൾ – (91) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ – ഭാഗം – (5 – അവസാന ഭാഗം)

പി. എം. എൻ.നമ്പൂതിരി .

ആറാട്ടെന്ന തീർത്ഥയാത്ര അഥവാ അമൃതവർഷണം

പള്ളിവേട്ടകഴിഞ്ഞാൽ പിന്നെ പള്ളിക്കുറുപ്പായി. ക്ഷേത്രമാകുന്ന സാധകൻ സാധനയിലൂടെ ഒരു യോഗീപദത്തിലാണ് എത്തിച്ചേരുന്നത്‌. അതിൻ്റെ പ്രതിഫലമായിരുന്നു പള്ളിവേട്ടയെന്ന ചൈതന്യപ്രസരണം. സാധനയുടെ അന്ത്യഘട്ടത്തിൽ സമാധിയിൽ ലയിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ പള്ളിവേട്ട കഴിഞ്ഞുവരുന്ന ദേവൻ വിശ്രമാർത്ഥം ഉറങ്ങുന്നു എന്ന കല്പനയേക്കാൾ സത്യത്തോട് അടുത്തത് ക്ഷേത്രമാകുന്ന യോഗീശ്വരൻ സമാധിപദവി പൂകുന്നു എന്നതാണ്. ക്ഷേത്ര ദേവൻ്റെ ഗുരുനാഥനായ തന്ത്രി അവിടെ ഉറങ്ങാതെയിരിയ്ക്കണമെന്നു പറയുന്നതിൻ്റെ താല്പര്യം ഈ സമാധിയിലേയ്ക്കു നയിയ്ക്കുന്ന ഗുരുനാഥൻ ശിഷ്യനെ സർവ്വാത്മനാ കാത്തുരക്ഷിയ്ക്കണമെന്നതുതന്നെയാണ്. ഗുരു സമീപത്തുനിന്നുതന്നെയാണല്ലോ കുണ്ഡലിനീ ഉത്ഥാപനവും ഉഗ്ര സാധനകളും തൽഫലമായ സമാധിയുടെ പരിശീലനവും നേടേണ്ടത്.

ആറാട്ടെന്ന തീർത്ഥയാത്ര അഥവാ അമൃതവർഷണം

അടുത്ത ദിവസം ആറാട്ടെന്ന തീർത്ഥയാത്രയായി. താന്ത്രിക വിധിയിൽ ഇതിനെ “തീർത്ഥയാത്രയായി കല്പിച്ച് യാത്രാഹോമവും മറ്റും ചെയ്യാറുണ്ട്. സൂക്ഷ്മചിന്തയിൽ സമാധിസ്ഥനായ ദേവൻ്റെ സഹസ്രാരപത്മത്തിൽനിന്നും നിർഗ്ഗളിയ്ക്കുന്ന അമൃതത്തിൽ സർവ്വാംഗം ആപ്ലാവനം ചെയ്യുന്ന യോഗവിഭൂതിയാണ് ആറാട്ട്. തീർത്ഥസ്നാനത്തിൻ്റെ മർമ്മം ഗ്രഹിച്ചാൽ ഇതു മനസ്സിലാക്കാം.ഗംഗാസ്‌നാനമെന്ന് പറയുന്നത് ഈ സഹസ്രാരപദ്മസ്ഥമായ അമൃതിൻ്റെ അധ:പ്രവാഹത്തിൽ മുങ്ങുക എന്നതിനേയാണ്. ഭാരതത്തിൻ്റെ സഹസ്രാരപത്മമദ്ധ്യമായ കൈലാസം പരമശിവ സ്ഥാനമാണല്ലോ. ഭാരതത്തെ ഒരു യോഗീശ്വരനായി കല്പിയ്ക്കാമെങ്കിൽ ആ യോഗിയുടെ ശിരസ്ഥാനത്തു നിന്നും നിർഗ്ഗമിക്കുന്ന ഗംഗാപ്രവാഹം അതിൻ്റെ അധഃപ്രവാഹമാണ്. ചാന്ദ്രമാണ്, അമൃതമയമാണ് അതിൻ്റെ പ്രവാഹം. ത്രിവേണിയിൽ ഗംഗാ യമുനകളും അന്തർവാഹിനിയായ സരസ്വതിയും സംഗമിയ്ക്കുന്നു എന്ന് പറയുന്നതിൻ്റെ അർത്ഥം മനുഷ്യശരീരത്തിലെ ഇഡാപിംഗളാനാഡികളും ( യമുന, സൂര്യപുത്രി – പിംഗളയോട് പ്രാതിനിധ്യ സ്വഭാവം വഹിയ്ക്കുന്നു.). അന്തർ വർത്തിയായ സുഷുമ്നയും കൂട്ടിമുട്ടുന്ന സ്ഥലമെന്നാണ്. അത് ആജ്ഞാ, അനാഹത, മൂലാധാര ചക്രങ്ങളിലാണ്. ആ ഭാഗങ്ങൾ ശരിയായ കുണ്ഡലിനീ പ്രബോധനത്തിന് അത്യന്തം സഹായകമാണ്. അതാണല്ലോ ത്രിവേണി സ്നാനത്തിൻ്റെ മാഹാത്മ്യം. ഇങ്ങനെയുള്ള ഗംഗാതീർത്ഥത്തിൽ അഥവാ തീർത്ഥങ്ങളിലുള്ള സ്നാനം സഹസ്ര പദ്മനിർഗ്ഗളിതമായ അമൃതധാരയിലെ ആപ്ലാവനം തന്നെയാണ്. ഇവിടെ ക്ഷേത്രദേവൻ തീർത്ഥാടനംചെയ്യുന്നു എന്ന മനുഷ്യകല്പനയുടെ പിന്നിലുള്ള തത്ത്വം ക്ഷേത്രമാകുന്ന സാധകൻ തപസ്സിൻ്റെ പരമകാഷ്ഠയിൽ ഈ അമൃതപ്രവാഹത്തെ അനുഭവിച്ചു കൃതകൃത്യനായി ഭവിയ്ക്കുന്നു എന്നതാണ്. ഇതിൻ്റെ വിശദാംശങ്ങൾ ആറാട്ടിൻ്റെ വിധിയിൽ കാണാൻ കഴിയും. നാട്ടുകാർ മുഴുവനും ഈ സന്ദർഭം ഉപയോഗിച്ച് ദേവൻ്റെ ആറാട്ടോടൊപ്പം ആ അമൃതപ്രവാഹത്തിൽ കുളിച്ച് പുണ്യം നേടുന്നു.

ഉത്സവാവസാനവും കൊടിയിറക്കും

അതിനുശേഷം ആറാട്ടെഴുന്നള്ളിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയ കൗതുകബിംബത്തിൽ (ഉത്സവബിംബം) നിന്ന് ദേവചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് തിരികെ ആവാഹിച്ച് കലശാഭിഷേകത്തോടുള്ള വിശേഷപൂജയും ശ്രീഭൂതബലിയും ചെയ്ത് ഉത്സവം സമാപിച്ച് കൊടിയിറക്കുകയാണ് വേണ്ടത്. അതോടെ ഉത്സവം സമാപിക്കുന്നു. ക്ഷേത്രപുരുഷൻ വീണ്ടും വിശേഷസാധനയെ ഉപേക്ഷിച്ച് സാധാരണനിലയിലുള്ള സാധനയുമായി മുമ്പോട്ടുപോകുന്നു. ഉത്തമസാധകൻ നൈമിത്തികങ്ങളായി ചെയ്യുന്ന ഉഗ്രതപശ്ചര്യയുടെ ഒരു പൂർണ്ണരൂപം ഇവിടെ ലഭിക്കുന്നു. കൊടിയേറ്റന്നതു പ്രാണായാമ പ്രക്രിയയിലെ പൂരകമാണെങ്കിൽ കൊടിയിറക്കം രേചകമത്രേ. പക്ഷെ, ഉത്സവമാകുന്ന യോഗപ്രക്രിയയിൽ യോഗികൾ ചെയ്യുന്ന വിശേഷാൽ പ്രാണായാമത്തിലുള്ളതുപോലെ പുരകരേചകങ്ങൾ സുഷുമ്നാ മാർഗ്ഗത്തിലൂടെയാണ് ഇവിടെ നടക്കുന്നത്. കൊടിയേറ്റത്തിനും കൊടിയിറക്കിനും ഇടയിലെ ഇടവേള കുംഭക പ്രാണായാമത്തെ സൂചിപ്പിക്കുന്നു. അപ്പോൾ ഉത്സവപ്രക്രിയ മുഴുവനും കുംഭകവേളയിൽ അതായത് സഹസ്രാരത്തിൽ അനുവദിക്കപ്പെടുന്നവയാണെന്ന് വരുന്നു.

ഉത്സവത്തിലെ കലാപരിപാടികൾ

ഈ സമയത്ത് നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഈ അമൃതവർഷണത്തിൽ അവരും ഭാഗഭാക്കുകളാകുന്നുണ്ടല്ലോ. അവാച്യമായ ആനന്ദമാണ് ഈ സമയത്തെ യോഗാനുഭൂതി. ആ ആനന്ദത്തിൻ്റെ പ്രതീകമായിട്ടാണ് നൃത്തം, സംഗീതം, കഥാകഥനാദി കലകളുടെ ആവിഷ്കരണം. സകലകലാവിദ്യകളും ഉടലെടുക്കുന്നത് രസാസ്വാദനത്തിൽ നിന്നാണല്ലോ. ഈ രസത്തിൻ്റെ ശരിയായ രൂപം യോഗാനുഭൂതി ജന്യമായ അമൃതപ്രവാഹം തന്നെയാണെന്ന് താന്ത്രികാചാര്യനായ അഭിനവഗുപ്തൻ സിദ്ധാന്തിയ്ക്കുന്നുണ്ട്.ഒരു ജനപഥത്തിൻ്റെ സംസ്ക്കാരം സവിശേഷതകളായ കലാരൂപങ്ങളുടെ ഉറവിടമായ ഈ രസാനനുഭൂതി സമാധിജന്യമായ അമൃതവർഷണത്തിൽ നിന്നാണെന്ന കാര്യം ഭാരതീയ സംസ്ക്കാരത്തിൻ്റെ ആദ്ധ്യാത്മിക ശ്രോതസ്സിനെയാണ് കുറിയ്ക്കുന്നത്. അതാണ് കലാവിദ്യകളുടെ ഒരു വിരുന്ന് തന്നെ ക്ഷേത്രത്തിൽ ഒരുക്കുന്നത്. ആനയും അമ്പാരിയും എഴുന്നള്ളത്തും കരിമരുന്നും കലാപ്രകടവുമായി ആനന്ദനിമഗ്നരാകുകയാണ് മനുഷ്യർ അക്കാലത്ത് ചെയ്യുന്നത്.

മറ്റുചിലയിടങ്ങളിൽ തേരും മറ്റു വാഹനങ്ങളുമായി ജനസഹസ്രങ്ങളുടെ മദ്ധ്യത്തിലുള്ള എഴുന്നള്ളത്ത് ദേവൻ ജനതാ മദ്ധ്യത്തിലേയ്ക്കിറങ്ങി വരുന്നു എന്നതിൻ്റെ പ്രതീകമാണ്. ആ സമയത്തുള്ള വാദ്യങ്ങളും സംഗീത സാഹിത്യാദി കലകളുമെല്ലാം ഈ ബ്രഹ്മാനന്ദാനുഭൂതിയിൽ നിന്നുത്ഭവിയ്ക്കുന്ന രസാനുഭൂതിയുടെ വിവിധരൂപങ്ങളാണ്. അവയെല്ലാം ഈശ്വരിയമായ ഈ ആനന്ദത്തെയാകണം പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം കലകളുടെ പുതിയ ആവിഷ്കരണവും സംവിധാനവും ഇനിയും ഉണ്ടായിക്കൂടെന്നില്ല. ഓട്ടംതുള്ളൽ, പഞ്ചവാദ്യം, കഥകളി കലാരൂപങ്ങൾക്ക് കഷ്ടിച്ചു നൂറ്റാണ്ടുകളുടെ പഴക്കമേയുള്ളൂ എന്ന് മനസ്സിലാക്കുക. അതുകൊണ്ട് ഇനിയും നൂതനമായ ഇത്തരം കലാരൂപങ്ങൾ ആവിഷ്കൃതങ്ങളാകുമ്പോൾ അവ ഉത്സവാവസരത്തിൽ സ്വീകാര്യങ്ങൾ തന്നെയാണ്. പക്ഷെ ഭാരതീയ കലാമർമ്മമായ ആദ്ധ്യാത്മിക പ്രസരണത്തെ ഓർത്തു വേണം ഈ കലാസൃഷ്ടികൾ ഉദയം ചെയ്യേണ്ടത്. കലയുടെ പേരിൽ നടക്കുന്ന പേക്കൂത്തുകൾക്ക് ഇവിടെ സ്ഥാനമില്ലെന്നും ഓർക്കേണ്ടതാണ്. സർവ്വോപരി ഈ കലാപ്രകടനങ്ങളേക്കാൾ എത്രയോ ഇരട്ടി പ്രാധാന്യമർഹിക്കുന്ന അതിൻ്റെ താന്ത്രിക ചടങ്ങുകളെ ഒരിയ്ക്കലും അവഗണിയ്ക്കുവാനാവുകയില്ല. ക്ഷേത്ര സംരക്ഷണ തല്പരർ ഈ കാര്യം ശ്രദ്ധിയ്ക്കേണ്ടതാണ്.

ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ എന്ന ഈ പരമ്പര ഇതോടെ ഇവിടെ അവസാനിക്കുന്നു.

പി. എം. എൻ.നമ്പൂതിരി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments