ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം രൂപയും അനുവദിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലാണ് ആരോഗ്യ കേന്ദ്രം. 1961ല്‍ സര്‍ക്കാര്‍ ഡിസ്‌പെന്‍സറി ആയി ആരംഭിച്ച് പിന്നീട് പ്രാഥമിക ആരോഗ്യകേന്ദ്രവും 2009 ല്‍ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി ഉയര്‍ന്നു. 200 ല്‍ അധികം രോഗികള്‍ ദിനവും എത്തുന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് എഴിക്കാട് എസ്.സി ഉന്നതി. കുളനട, മെഴുവേലി, ആറന്മുള ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയും സ്ഥാപനത്തിനാണ്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പാത, ചുറ്റുമതില്‍, കവാടം, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയും ഇ- ഹെല്‍ത്ത് സൗകര്യങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപയും നല്‍കും. വൈദ്യുതി ജോലി പുരോഗമിക്കുന്നു.
രജിസ്ട്രേഷന്‍, മൂന്ന് ഒ പി കൗണ്ടറുകള്‍, കാത്തിരിപ്പ് കേന്ദ്രം, പ്രാഥമിക പരിശോധന ക്ലിനിക്ക്, ആധുനിക ലാബ്, ശീതികരിച്ച ഫാര്‍മസി, നിരീക്ഷണ, കുത്തിവയ്പ്പ് മുറി, ശ്വാസ്, ആശ്വാസ്സ് ക്ലിനിക്കുകള്‍, കാഴ്ച പരിശോധന, പാലിയേറ്റീവ്, ഫിസിയോ തെറാപ്പി സേവനങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ മികച്ച ഇ ഹെല്‍ത്ത് ആരോഗ്യ സ്ഥാപനമാക്കി മാറ്റാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം. ആരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ച് വനിതാ ജിമ്മും ആരംഭിക്കും. ജൂലൈയില്‍ നാടിനു സമര്‍പ്പിക്കാനാകുമെന്ന് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.