Wednesday, December 25, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 06 | തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 06 | തിങ്കൾ

കപിൽ ശങ്കർ

🔹രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 ഉം കര്‍ണാടകത്തിലെ 14 ഉം മധ്യപ്രദേശിലെ 8 ഉം യുപിയിലെ 10 ഉം മഹാരാഷ്ട്രയിലെ 11 ഉം മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

🔹കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് (06-05-2024) വൈകിട്ട് 03.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

🔹കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അനിലയുടെ മരണം കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനിലയുടെ മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. സുഹൃത്ത് കൊലപ്പെടുത്തിയതെന്ന പ്രാധമിക നിഗമനത്തിലാണ് പോലീസ്
അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. കാണാതായപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉള്ളത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്നയാളെ 22 കിലോമീറ്റര്‍ അകലെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

🔹തൃശൂര്‍ നാട്ടികയില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി 24 വയസ്സുള്ള അഴകേശനെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.ജര്‍മ്മന്‍ സ്വദേശിനിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത റിസോര്‍ട്ടില്‍ എത്തിയതായിരുന്നു വനിത. പരാതിയെ തുടര്‍ന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

🔹കോൺഗ്രസ് കൗൺസിലർക്കെതിരെ മഹിളാ കോണ്ഗ്രസ് നേതാവിന്റെ പരാതി. ആറ്റിങ്ങൽ അവനവഞ്ചേരി വാർഡ് കൗൺസിലർ രവികുമാർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നിരവധി തവണ തന്നെ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്നും മഹിളാ കോൺഗ്രസ്‌ നേതാവ് പറഞ്ഞു.പിന്നാലെ ശ്രീരംഗൻ എന്ന മറ്റൊരു വ്യക്തിയെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയായ മഹിളാ കോണ്ഗ്രസ് നേതാവ് പറഞ്ഞു.ഭാര്യ പിതാവിന്റെ തലയ്ക്കടിച്ച് ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് ശ്രീരംഗൻ. അതിനാൽ പരാതികാരിക്ക് വധഭീഷണി ഉണ്ടെന്നും പരാതിയിൽ ഉണ്ട്. നിലവിൽ ഡിജിപിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. പരാതി ഡിജിപി ഡിവൈഎസ്‌പിക്ക് കൈമാറി. ഡിവൈഎസ്‌പി പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

🔹ബെംഗളൂരു: മകന്‍ കാമുകിക്കൊപ്പം പോയതിനെത്തുടര്‍ന്ന് അമ്മയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹാവേരി ജില്ലയിലെ അരെമല്ലപുര്‍ ഗ്രാമത്തിലാണ് സംഭവം. ഹനുമവ്വ മെഡ്ലെരിക്കാണ് (50) മര്‍ദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരായ മൂന്നു സ്ത്രീകളുള്‍പ്പെടെ ആറുപേരെ റാണെബെന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ഹനുമവ്വ ഹാവേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി.

🔹ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയുമായി ബന്ധപ്പെട്ട് തന്നെ വലിച്ച് താഴെയിടാന്‍ പലരും ശ്രമിക്കുന്നുവെന്നും എന്നാല്‍ താന്‍ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ടെന്നും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് . അതിനിടെ ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍ ആനന്ദബോസിന്റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കും. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

🔹ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ണായക നിരീക്ഷണം. ഗര്‍ഭിണിയായി തുടരുന്നത് പെണ്‍കുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.

🔹കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്. കന്യാകുമാരി സ്വദേശികളായ ആറ്മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍. ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.

🔹കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ ഇവിടെ പുല്‍ക്കാടുകള്‍ക്ക് തീ പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.

🔹ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു. അറുപതിലേറെ നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

🔹മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂര്‍ കോര്‍പ്പറേഷനിലും ഡിസിസിയിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

🔹പത്തനംതിട്ട ഏറത്ത് കിണറ്റില്‍ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ തൊട്ടിയെടുക്കാന്‍ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ആഴമേറിയ കിണറ്റില്‍ ഓക്സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായതെന്നാണ് സൂചന.

🔹കടുത്ത ചൂട് കാരണം കുങ്കിയാനകളെ വാല്‍പ്പാറയിലേക്ക് മാറ്റി തമിഴ്നാട് വനം വകുപ്പ്. കടുത്ത വേനലിനെ തുടര്‍ന്ന് ടോപ്പ് സ്ലീപ്പില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് അഞ്ച് കുങ്കിയാനകളെ വാല്‍പ്പാറയിലേക്ക് എത്തിച്ചത്.

🔹റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

🔹ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ കര്‍ണാടകയിലെ നാളത്തെ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവില്‍ പ്രജ്വല്‍ മസ്‌കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അച്ഛന്‍ രേവണ്ണ അറസ്റ്റിലായതോടെ മ്യൂണിക്കില്‍ നിന്ന് ഒമാനിലെ മസ്‌കറ്റിലെത്തിയ പ്രജ്വല്‍ അവിടെ തുടരുകയാണെന്നാണ് വിവരം.

🔹താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയുമാണ് കവര്‍ന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

🔹അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സർവീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റിൽ വ്യക്തമാക്കുന്നു . ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസും വർധിപ്പിച്ചു.

🔹ടൈറ്റാക്ക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു. ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ ബെർണാഡ് ഹിൽ ദി ലോർഡ് ഓഫ് ദ റിംഗ്സ്’ ട്രൈലോജി എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി നാടകങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 ലാണ് അഭിനയരംഗത്ത് കാലുറപ്പിക്കുന്നത്.

🔹ഇറ്റലി: മുത്തശ്ശി നൽകിയ പാൽപ്പൊടി- വൈൻ മിശ്രിതം കുടിച്ച് നാല് മാസം പ്രായമുളള കുഞ്ഞ് അബോധാവസ്ഥയിൽ. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈനും വെളളവും സൂക്ഷിച്ച ബോട്ടിൽ ഒരേ നിറത്തിലായതിനാൽ മുത്തശ്ശിക്ക് അബദ്ധം പറ്റിയതാകാമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔹ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.
ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത 39 പന്തില്‍ 81 റണ്‍സെടുത്ത സുനില്‍ നരെയന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്റുള്ള രാജസ്ഥാന്‍ രണ്ടാമതും 12 പോയന്റുള്ള ചെന്നൈ മൂന്നാമതുമാണ്.

🔹കുഞ്ചാക്കോ ബോബനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗര്‍ര്‍ര്‍’ സിനിമയുടെ റിലീസ് തിയതി പുറത്ത്. ജൂണ്‍ 14-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം മോജോ എന്ന സിംഹവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മദ്യപാനിയായ ഒരാള്‍ സിംഹക്കൂട്ടില്‍ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ചിരിച്ചിത്രമായിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments