🔹ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം തീയതി തന്നെ എല്ലാവര്‍ക്കും കൃത്യമായി ശമ്പളം നല്‍കുമെന്നും, ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔹ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂട്യൂബ് അഭിമുഖത്തില്‍ തന്നെവ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി.
🔹സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ കലക്ടര്‍ വിശദീകരണം തേടി. വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്നാണ് പരാതി. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കണം. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.
🔹വയനാട് സുഗന്ധഗിരി മരംമുറി കേസില്‍ കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, വനംവകുപ്പ് വാച്ചര്‍ എന്നിവര്‍ക്കെതിരെ നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു.20 മരംമുറിക്കാന്‍ അനുമതി വാങ്ങിയതിന്റെ മറവില്‍ 30 മരം മുറിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
🔹റോഡിന്റെ നിലനില്‍പ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയുള്ള ടാര്‍ മിശ്രിതം ഉപയോഗിക്കണമെന്ന നിര്‍ദേശവുമായ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം. ചിലവ് കൂടുതലാണെന്ന കാരണത്താല്‍ റോഡ് നിര്‍മാണത്തില്‍ നിന്ന് റബ്ബര്‍ ഒഴിവാക്കരുതെന്നും അധികൃതര്‍ പറഞ്ഞു.
🔹സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റ് നടയില്‍ സമരവുമായി കഴിയുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
🔹മലയാറ്റൂര്‍ പുഴയില്‍ ഇന്നലെ മൂന്ന് മുങ്ങി മരണം. ഇന്നലെ രാവിലെ തീര്‍ത്ഥാടത്തിനെത്തിയ വൈപ്പിന്‍ സ്വദേശി സനോജാണ് ആദ്യം പുഴയില്‍ മുങ്ങി മരിച്ചിത്. ഇതിനു പിന്നാലെ ഈ അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെവെച്ച് തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര്‍ കൂടി പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്.
🔹പത്തനംതിട്ട തിരുവല്ല ചാത്തങ്കരി സ്വദേശിയായ ഭിന്നശേഷിക്കാരനായ 16കാരന് തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റെന്നു പരാതി. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായാണ് 16കാരന്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.
🔹കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്.
🔹ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. തെര്‍മോകോള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് 10,000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെുന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ബോർഡുകളിലും മറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, റീസൈക്കിള്‍ ലോഗോ എന്നിവ വ്യക്തമായി കാണുന്ന രീതിയില്‍ ഉണ്ടായിരിക്കണം. നിരോധിത ഉല്‍പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ പ്രിന്റിങ്ങിനായി ഉയോഗിക്കാവു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ബോര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കുമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
🔹കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. ആശുപത്രിയുടെ എതിര്‍വശത്തുള്ള യുണൈറ്റഡ് ബില്‍ഡേഴ്സ് എന്ന് വാണിജ്യ സമുച്ചയത്തിലെ തോട്ടത്തില്‍ സ്റ്റോഴ്സ് എന്ന കടയില്‍നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ 9.45-ഓടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ചെമ്മനംപടി സ്വദേശി ചാക്കോയുടേതാണ് സ്ഥാപനം.
🔹കൊച്ചി : ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി വേണമെന്ന ഭാഗമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. വന്ധ്യംകരണം നടത്തുമ്പോൾ നായകൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നം അടക്കം ചൂണ്ടിക്കാട്ടി നായ പ്രേമികളും ഉടമകളും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. കേന്ദ്രസർക്കാറിന്റെ ഉത്തരവ് നേരത്തെ കർണാടക, കൽക്കട്ട ഹൈക്കോടതികളും ഭാഗികമായി സ്റ്റേ ചെയ്തിട്ടുണ്ട്. അതേ സമയം നായകളുടെ വിൽപ്പനയ്ക്കും ഇറക്കുമതിയ്ക്കുമുള്ള നിരോധനം തുടരും. മാർച്ച് 12 നാണ് അപകടകാരികളെന്നു വിലയിരുത്തി ഇരുപത്തി മൂന്നിനം വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും അതോടൊപ്പം പ്രജനനവും നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. പിറ്റ്ബുള്‍,ടെറിയര്‍, റോട്ട് വീലർ അടക്കമുള്ളവയ്ക്ക് ആണ് നിരോധനം.ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
🔹ഇതുവരെ കാണാത്ത അവതാരത്തില്‍ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’. അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോള്‍ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍, വളരെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ് എത്തുന്നത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ആക്ഷന്‍ സിനിമയിലെ വില്ലന്റെ ഫസ്റ്റ്ലുക്കാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് ഇറങ്ങിയ ടീസര്‍ ആരംഭിച്ചിരുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ വില്ലനായി അവതരിപ്പിക്കുന്നത്.