പാലക്കാട് അഞ്ചുമൂർത്തിമംഗലത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. അഞ്ചുമൂർത്തി മംഗലം സ്വദേശി മനു (24) ആണ് കൊല്ലപ്പെട്ടത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
മനുവിനെ കുത്തിവീഴ്ത്തിയ സുഹൃത്തും അഞ്ചുമൂർത്തിമംഗലം സ്വദേശിയുമായ വിഷ്ണുവിനെ പാലക്കാട് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വ്യാഴാഴ്ച അർധരാത്രിയാണ് കൊലപാതകം നടന്നത്. മനുവും വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനുവിന് 5000 രൂപ വിഷ്ണു കടം നൽകിയിരുന്നു. തിരിച്ചുചോദിച്ചപ്പോൾ കൊടുത്തില്ല.
ഇന്നലെ രാത്രി മനു വിഷ്ണുവിനെ വിളിച്ച് താൻ പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിച്ചു. ഇതിനിടയിൽ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബഹളം കേട്ട് എത്തിയ നാട്ടുകാർ വിഷ്ണുവിനെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.