എന്റെ തുപ്രങ്ങോട്ടപ്പൻ
***********
എന്റെ നാട്ടിൽ അതായത് അടയ്ക്കാപുത്തൂരിൽ ഒരു മഹാദേവക്ഷേത്രമുണ്ട്. കാല ഗണനകൊണ്ടു പഴക്കമൊന്നും നിർണ്ണയിക്കാനാവാത്ത ഒരു ക്ഷേത്രം. തുപ്രങ്കോട്ടപ്പനാണിവിടുത്തെ പ്രതിഷ്ഠ. തിരൂർ താലൂക്കിലെ തുപ്രങ്ങോട് മഹാദേവക്ഷേത്രത്തിലെ തേജസ്സ് ഭക്താഭീഷ്ടം സാധിപ്പിക്കാനായി അടയ്ക്കാപുത്തൂരിൽ എത്തിയതെന്നാണ് വിശ്വാസം.
വർഷങ്ങൾക്കുമുമ്പ് ശുകപുരത്തുനിന്നു ദേശത്തേക്ക് കുടിയേറിയ കുന്നത്തുമന എന്ന ചെറുമുക്കുമനയിലെ ഒരു ബ്രാഹ്മണശ്രേഷ്ഠന് തുപ്രങ്ങോട് അമ്പലത്തിൽ തിങ്കൾതൊഴൽ (എല്ലാ മാസവും ദർശനം ) ഉണ്ടായിരുന്നു. അന്നൊക്കെ കാതങ്ങൾ വഴിനടന്നായിരിക്കണം ദർശനം സാദ്ധ്യമായിരുന്നത്. വാർദ്ധക്യംമൂലം വലഞ്ഞ അദ്ദേഹം, ഒരിക്കൽ ദർശനം കഴിഞ്ഞു മടങ്ങിയെത്തി തന്റെ ഇല്ലത്തിനടുത്തുള്ള ചിറയിൽ കുളിക്കാനിറങ്ങി. അന്നൊക്കെ യാത്ര കഴിഞ്ഞാൽ കുളിച്ചു ശുദ്ധിയായേ ഇല്ലത്തു കയറൂ. മുങ്ങുന്ന വേളയിൽ, “എന്നെക്കൊണ്ട് ഇനി അവിടെ വന്നു തൊഴാനൊന്നും ആവില്ല്യ ഭഗവാനേ “എന്നു അദ്ദേഹം സങ്കടം പറഞ്ഞുവത്രേ. കുളിച്ചു കയറിയ അദ്ദേഹത്തെ വിസ്മയിപ്പിച്ചുകൊണ്ട്, കരയ്ക്കു വച്ചിരുന്ന അദ്ദേഹത്തിന്റെ ഓലക്കുട ഉറച്ചുപോയതായും തത്സ്ഥാനത്തു സ്വയംഭൂ ആയ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടതായും പറയുന്നു. സംഭ്രമിച്ച വൃദ്ധൻ ഈറനണിഞ്ഞ വസ്ത്രത്തോടെ, അടുത്തു കൊഴിഞ്ഞു വീണുകിടന്നിരുന്ന കവുങ്ങിൻ പൂക്കുലഎടുത്തു മന്ത്രോച്ചാരണങ്ങളോടെ തേവരെ അർച്ചിച്ചു. അടയ്ക്കാപ്പൂകൊണ്ടു ആദ്യാർച്ചന നടത്തിയ ആ “ഊര് ”
പിൽക്കാലത്ത് “അടയ്ക്കാപുത്തൂർ ” ആയി എന്നാണ് ഐതിഹ്യം.
അല്പായുസ്സായ മാർക്കാണ്ഡേയനെ ചിരഞ്ജീവിയാക്കിയ ദേവനാണ് തുപ്രങ്ങോട്ടപ്പൻ. അതുകൊണ്ടുതന്നെ, മാർക്കാണ്ഡേയമഹർഷി എഴുതിയ മൃത്യുഞ്ജയമന്ത്രം ഉരുക്കഴിച്ചുള്ള മഹാമൃത്യുഞ്ജയഹോമം ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.
മൃഗണ്ഡു മഹർഷിയുടെയും മദ്രുവതിയുടെയും മകനായിരുന്നു അല്പായുസ്സായ മാർക്കാണ്ഡേയൻ. മക്കളില്ലാതെ ദുഖിച്ച ദമ്പതികൾ ശിവനെ തപസ്സുചെയ്തു
പ്രത്യക്ഷനാക്കി. ഭഗവാൻ അവരോട്,നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്നുന്ന ഒന്നിനും കൊള്ളാത്ത മകൻ വേണോ അതോ എല്ലാം തികഞ്ഞ,16വർഷം മാത്രം ആയുസ്സുള്ള മകൻ വേണോ എന്നന്വേഷിച്ചു.അവർ സർവ്വഗുണസമ്പന്നനായ മകനേയാണ് ആവശ്യപ്പെട്ടത്. അങ്ങനെ ലഭിച്ച പുത്രനാണ് മാർക്കാണ്ഡേയൻ.
മാർക്കാണ്ഡേയൻ സർവ്വശാസ്ത്രങ്ങളിലും പ്രഗത്ഭനായി. എങ്കിലും അവന്റെ ഒരോ പിറന്നാളുകളുംമാതാപിതാക്കൾക്ക് ദുഃഖംമാത്രം സമ്മാനിച്ചു. അങ്ങനെ പതിനാറാം ജന്മദിനവുമെത്തി. ജീവനെടുക്കാൻ കാലൻ പോത്തിൻപുറത്തു കയറുമായി പ്രത്യക്ഷപ്പെട്ടപ്പോൾ ആ ബാലൻ നാവാമുകുന്ദനെ തൊഴുതുനിൽക്കുകയായിരുന്നു. കാലനെ കണ്ടുഭയന്ന ബാലകൻ നാവാമുകുന്ദനോട് രക്ഷയാചിച്ചു.
“മൃത്യുവിൽനിന്നു രക്ഷിക്കാൻ മഹേശ്വരനേ കഴിയൂ. അതിനാൽ നീ ഈ നടയിൽക്കൂടി എളുപ്പം തുപ്രങ്ങോട്ടെത്തൂ “എന്നുപദേശിച്ച് അദ്ദേഹം പടിഞ്ഞാറേ നട തുറന്നുകൊടുത്തു. കാലൻ അടുത്തെത്താറായാൽ എറിയാൻ പന്ത്രണ്ടു കല്ലുകളും ബാലകനെ ഏൽപ്പിച്ചു. അങ്ങനെ മാർക്കാണ്ഡേയനെ പടിഞ്ഞാറേ നടയിലൂടെ കടത്തിവിട്ട ദേവൻ വാതിൽ ചേർത്തടച്ചു. അന്നടച്ചതാണത്രേ തിരുനാവായിലെ പടിഞ്ഞാറേനടയുടെ വാതിൽ. രക്ഷ തേടി ഓടിയ ബാലൻ കാലൻ അടുത്തെത്തി എന്നു തോന്നുമ്പോഴൊക്കെയും ഓരോ കല്ലെടുത്ത് പിറകിലേക്കേറിഞ്ഞുകൊണ്ടിരുന്നു. എന്നാൽ തുപ്രങ്ങോട് ക്ഷേത്രം എത്തിയപ്പോഴേക്കും കല്ലുകൾ പന്ത്രണ്ടും തീർന്നു. മുന്നിൽ മാർഗ്ഗതടസ്സമായി ഒരു വലിയ പേരാലും. കാലൻ അടുത്തെത്തി. ആലു ചുറ്റിപ്പോയാൽ കാലന്റെ പിടിയിലാവും. എല്ലാം നോക്കിനിന്നിരുന്ന ദേവൻ ആലിനെ നെടുകെ പിളർത്തി ബാലന് മാർഗ്ഗമുണ്ടാക്കി. അവനോടിച്ചെന്നു ശിവലിംഗത്തിന്റെ കാൽക്കൽ വീണതും, കാലൻ കയറെറിഞ്ഞതുമൊപ്പം. മാർക്കാണ്ഡെയനും ശിവലിംഗവും കയറിനുള്ളിലായി. ക്രുദ്ധനായ ശിവൻ പ്രത്യക്ഷപ്പെട്ട് തന്റെ തൃശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നുവെന്നും, മൂന്നടി തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുളത്തിൽ ശൂലം കഴുകിയെന്നും ഐതിഹ്യം. എന്നും ചിരഞ്ജീവിയായി പതിനാറു വയസ്സോടെ ഇരിക്കാൻ മാർക്കാണ്ഡേയന് വരവും നൽകി
ഈ മാർക്കാണ്ഡേയ മഹർഷിയാൽ വിരചിതമായ മൃത്യുഞ്ജയമന്ത്രം ഇതാണ്.
ഓം!ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്മൃത്യോ
മുക്ഷീയമാമൃതാത്!
സുഗന്ധപൂരിതവും, ആത്മീയ ശരീരികപുഷ്ടികൾ വർദ്ധിപ്പിക്കുന്നതുമായ ഈ ത്ര്യംബകത്തെ യജിക്കുമ്പോഴാണ് മരണത്തെ അതിജീവിക്കാൻ കഴിയുന്നത്.