പ്രിയ കൂട്ടുകാരേ,
ജൂലൈമാസം പകുതിയും കഴിഞ്ഞു. മിഥുനത്തെ പിൻതള്ളി കർക്കടകം കടന്നുവരുവാൻ തിരക്കുക കൂട്ടിത്തുടങ്ങി. മഴകൊണ്ടു മുങ്ങിയ ദിനരാത്രങ്ങൾ. കാറ്റിനോടൊപ്പം മഴ കനക്കുന്ന ഈ മാസത്തെ പണ്ടുള്ളവർ കള്ളക്കർക്കടകം, പഞ്ഞകർക്കടകം എന്നൊക്കെയാണ് വിളിച്ചിരുന്നത്. തോരാമഴയിൽ പണികളൊന്നുമില്ലാതെ സാധാരണക്കാർ പട്ടിണികിടക്കുന്ന നാളുകളായതു കൊണ്ടാവണം കർക്കടകത്തിന് അതുപോലെ പേരുണ്ടായത്.
ആയുർവേദവിധിപ്രകാരം ആരോഗ്യ സംരക്ഷണത്തിനുവേണ്ടി കർക്കടക്കഞ്ഞി എന്ന ഔഷധക്കഞ്ഞി കുടിക്കുന്നതും കർക്കടകമാസത്തിലാണ്. കാലാവസ്ഥയിലെ മാറ്റംമൂലം ദഹനശേഷി കുറയുന്നതിനാൽ ആരോഗ്യക്ഷമതയും പ്രതിരോധശക്തിയും കുറയുന്ന മാസമാണ് കർക്കടകം. മല്ലി, വിഴാലരി, ചൃപുന്നയരി, കുടകപ്പാലയരി, കർകോകിലരി, ജീരകം, പെരുംജീരകം, അയമോദകം, ഉലുവ, ആശാളി, പുത്തരിച്ചുണ്ടവേര്, വരട്ടുമഞ്ഞൾ, കടുക്, ചുക്ക്, ശതകുപ്പ, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ഏലം, തക്കോലം, കരയാമ്പൂ, ജാതിക്ക എന്നിവയാണ് കർക്കടകക്കഞ്ഞിക്കൂട്ടുകൾ. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന കഞ്ഞിക്കൂട്ടിൽ ഇവയെല്ലാം ഉണ്ടാകാറില്ല.
അതിരാവിലെ ഒഴിഞ്ഞ വയറ്റിലോ രാത്രി അത്താഴമായോ കർക്കടകക്കഞ്ഞി കുടിക്കാം. സാധ്യമെങ്കിൽ രണ്ടുനേരവും കഴിക്കണം. ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും തുടർച്ചയായി സേവിക്കേണ്ടതാണ്. ആരോഗ്യം വീണ്ടെടുക്കാനും സംരക്ഷിക്കാനും കർക്കടകക്കഞ്ഞിക്ക് കഴിവുണ്ട്. ഏഴു ദിവസങ്ങളുടെ ക്രമത്തിൽ 28 ദിവസം വരെ ഇതു തുടരാവുന്നതാണെന്ന് പഴമക്കാർ ഉപദേശിക്കുന്നു.
ഇനി ശൈലികൾ പരിചയപ്പെടാം
ഊരുവിട്ട നായെപ്പോലെ
അനാഥത്വം, അലയേണ്ടി വരുന്ന അവസ്ഥ, രക്ഷയില്ലാതെ ഗതികെടുക എന്നാെക്കെയാണ് അർത്ഥം. നായ നാടുവിട്ടാൽ തെണ്ടിത്തിരിഞ്ഞു കഷ്ടപ്പെടേണ്ടിവരുമല്ലാേ
ഉദാ:ജയിംസിൻ്റെ അവസ്ഥ ഇപ്പോൾ ഊരുവിട്ട നായെപ്പോലെയാണെന്നാണ് ചങ്ങാതിമാരുടെ സംസാരം
ഓണത്തിനിടയിൽ പുട്ടുകച്ചവടം
വലിയ കാര്യങ്ങൾക്കിടയിൽ പ്രാധാന്യമില്ലാത്തവ അവതരിപ്പിക്കുക.
ഓണവും ഓണസ്സദ്യയും വിഭവസമൃദ്ധമാണ്. അത്തരം സന്ദർഭങ്ങളിൽ സാധാരണ പലഹാരമായ പുട്ടിന് ഒരു വിലയുമില്ലല്ലോ.
ഉദാ: കല്യാണത്തിന് ഒരുങ്ങുന്നതിനിടയിൽ വൈകിട്ട് സിനിമയ്ക്ക് പോകുന്ന കാര്യം സൂചിപ്പിച്ച കൂട്ടുകാരനോട് ഓണത്തിനിടയിലാണോ പുട്ടുകച്ചവടം എന്നാണ് ജോസ് ചോദിച്ചത്.
പതിവുപോലെ കൂട്ടുകാർക്കു വേണ്ടി മാഷ് ഒരു കുഞ്ഞുകവിത എഴുതിയിട്ടുണ്ട്.
കൂട്ടുകാരേ……! ഈ കവിത നമുക്കൊന്നിച്ചു പാടിയാലോ !
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
മയിലാട്ടം
***************
മഴവിൽപ്പന്തല് കാണുമ്പോൾ
മഴമേഘങ്ങൾ തുള്ളുമ്പോൾ
അഴകിൽപ്പീലി വിരിച്ചാടി
മഴവില്ലിനെ ഞാൻ കളിയാക്കും.
മികവില്ലേയെൻ കളികാണാൻ,
മയിലാട്ടത്തിനു രസമില്ലേ ?
മഴവില്ലാണോ മയിലാണോ
മിഴികൾക്കഴകായ്ത്തീരുന്നു.
മാഷിൻ്റെ കവിത ഇഷ്ടമായോ? അത് കൂട്ടുകാർക്കൊപ്പം ഒന്നിച്ച് ഉറക്കെപ്പാടിയോ? എങ്കിൽ ഇനി കഥ പറയാനെത്തുന്നത് ബിനാ ഭായ് ടീച്ചറാണ്.
ആയുർവ്വേദ വിഷവൈദ്യനായിരുന്ന ശ്രീ. ഇ.സി. സോമനാഥൻ വൈദ്യരുടേയും ശ്രീമതി. എം.എ.തങ്കമണിയുടേയും മകളായി തൃശൂർ ജില്ലയിലെ മറ്റത്തൂർ അവിട്ടപ്പിള്ളിയിലാണ് ടീച്ചർ ജനിച്ചത്. മറ്റത്തൂർ ഗവ എൽ.പി.സ്കൂൾ, കൃഷ്ണ ഹൈസ്കൂൾ, പി.സി.ജി.എച്ച്.എസ്.വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചരിത്രത്തിൽ ബിരുദവും T TC യും പാസ്സായി.
പാലക്കാട് ജില്ലയിൽ ജി. എൽ .പി. എസ് പുതുനഗരം (വെസ്റ്റ് ), ജി.യു.പി.എസിലും വെണ്ണക്കര ഗവ. മോയൻ എൽ. പി. എസിലും അധ്യാപികയായി. കാവിൽപ്പാട് ജി. എൽ. പി. എസിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.
ഇപ്പോൾ ഭർത്താവ് ശ്രീ.പി.എസ്.ഉണ്ണികൃഷ്ണനോടും മകൻ അദ്വൈത് കൃഷ്ണ യോടുമൊപ്പം പാലക്കാട് ജില്ലയിൽ കാവിൽപ്പാടുള്ള അദ്വൈതത്തിൽ വിശ്രമജീവിതം നയിക്കുന്നു..
ശ്രീമതി ബീനാഭായ് ഇ.എസ് * എഴുതിയ കഥ നമുക്ക് വായിക്കാം.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
☘️☘️☘️☘️☘️☘️☘️☘️🍀🍀🍀🍀🍀
തുമ്പിയുടെ മോഹം
———————–
മഞ്ഞണിമലയുടെ താഴെ ഒരു കുളമുണ്ട്. കുളത്തിനു ചുറ്റും വയലാണ്. പരന്നുകിടക്കുന്ന വയലിന്റെ കരയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കുന്ന കൊച്ചു കൊച്ചു വീടുകളുണ്ട്. അതിലൊരു വീട്ടിലാണ് തുമ്പിമോള്‍ താമസിക്കുന്നത്.
തുമ്പിമോളുടെ വീട്ടില്‍നിന്നു നോക്കിയാല്‍ കുളം കാണാം.പതിവായി കൂട്ടുകാരുമൊന്നിച്ച് തുമ്പി കുളത്തില്‍ കുളിക്കാന്‍ പോകാറുണ്ട്. കുളി കഴിഞ്ഞുവരുമ്പോള്‍ കുളത്തിന്‍കരയില്‍ നില്ക്കുന്ന കൈതച്ചെടിയില്‍ നിന്ന് കൈതപ്പൂ പറിക്കുന്ന ഒരു ശീലം കൂട്ടുകാര്‍ക്കുണ്ട്.
ഇങ്ങേക്കരയിലുള്ള തുമ്പിയുടെ വീട്ടില്‍നിന്ന് നോക്കുമ്പോള്‍ അക്കരെ കാണുന്നതാണ് മണിചേച്ചിയുടെ വീട്. ഇക്കരെനിന്ന് ഉറക്കെ വിളിച്ചാല്‍ മണിചേച്ചി ഉറക്കെ വിളികേള്‍ക്കും. ചേച്ചിയുടെ പറമ്പില്‍ നിറയെ തെങ്ങുകളാണ്. ആ തെങ്ങുകളിലാണെങ്കിലോ നിറയെ തൂക്കണാം കുരുവികള്‍ കൂടു കെട്ടിയിട്ടുണ്ട്. ഇക്കരെ നിന്നു നോക്കിയാല്‍ തെങ്ങോലത്തുമ്പില്‍ തുള്ളിക്കളിക്കുന്ന തൂക്കണാം കുരുവികളെ കാണാം.
ഒരു ദിവസം തുമ്പി തന്റെ കൂട്ടുകാരികളായ പൊന്നുവും ചിന്നുവുമൊത്ത് കുളത്തില്‍ കുളിക്കാന്‍പോയി. കുളത്തിന്റെ കരയിലുള്ള ഒരു ചെറിയ കുറ്റിച്ചെടിയില്‍ നിന്നും കുഞ്ഞിക്കിളികളുടെ സ്വരം അവള്‍ കേട്ടു. അവള്‍ ശബ്ദമുണ്ടാക്കാതെ അവിടേക്ക് ചെന്നു. അതാ..ഒരു പക്ഷിക്കൂട്.രണ്ടുമൂന്ന് ഇലകള്‍ തുന്നിക്കെട്ടി കൂടു കെട്ടിയിരിക്കുന്നു. ചെറിയ ചെറിയ പഞ്ഞിയിട്ട് മെത്തപോലെ കിടക്കുന്ന കൂട്ടില്‍ വായും പിളര്‍ത്തി കരയുന്ന പക്ഷിക്കുഞ്ഞുങ്ങള്‍. തുമ്പിയും കൂട്ടുകാരും ആദ്യമായാണ് അത്രയും ചെറിയ പക്ഷിക്കുഞ്ഞുങ്ങളെ കാണുന്നത്.
അമ്മക്കിളി തീറ്റതേടി പോയിരിക്കയാവാമെന്ന് തുമ്പി കരുതി. ഇതില്‍ ഒരു കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തിയാലോ ?അവള്‍ ഒരു പക്ഷിക്കുഞ്ഞിനെ കയ്യിലെടുത്തു. ഭദ്രമായി പിടിച്ച് വീട്ടില്‍ വന്നു.
”അമ്മേ ….” വിളികേട്ട് അമ്മ അടുക്കളയില്‍ നിന്നുവന്നു. മോളുടെ കയ്യിലിരിക്കുന്ന പക്ഷിക്കുഞ്ഞിനെ അമ്മ കണ്ടു.
”തുന്നല്‍ക്കാരന്‍ പക്ഷിയാണ്. ”
അമ്മ പറഞ്ഞു.
”നമുക്കിതിനെ വളര്‍ത്താം അമ്മേ ”
തുമ്പി പറഞ്ഞു.
അമ്മ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
” കണ്ടില്ലേ ,അതു കരയുന്നത് ? അമ്മക്കിളിയെ കാണാഞ്ഞിട്ടാണ് .”
അതിന് വെള്ളവും ചോറിന്‍വറ്റും കൊടുക്കാന്‍ അമ്മ അവളെ സഹായിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛനും എത്തി. അച്ഛന്‍ പറഞ്ഞു
” മോളേ , അമ്മക്കിളി ഇപ്പോള്‍ എന്തുമാത്രം വിഷമിക്കുന്നുണ്ടാകും. നമുക്കിതിനെ അതിന്റെ കൂട്ടില്‍ തന്നെ തിരിച്ചു കൊണ്ടു ചെന്നാക്കാം. ”
മനസ്സില്ലാമനസ്സോടെയാണെങ്കിലും തുമ്പിമോള്‍ അതു സമ്മതിച്ചു.
കുഞ്ഞിക്കിളിയെ തിരികെ കൂട്ടില്‍ വയ്ക്കുമ്പോള്‍ ചില്ലകള്‍ക്കിടയില്‍ പാറിപ്പറന്നിരുന്ന അമ്മക്കിളിയുടെ സന്തോഷം തുമ്പി തിരിച്ചറിഞ്ഞു.
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
തുമ്പിമോൾ കിളിക്കുഞ്ഞിനെ വളർത്താൻ ആഗ്രഹിച്ച സരസമായ കഥ. അനാവശ്യമായ ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വരുത്തുന്ന സങ്കടവും അമ്മക്കുരുവിക്ക് കുഞ്ഞിനെ കിട്ടിയപ്പോഴുള്ള സന്തോഷവും തുമ്പിമോൾ തിരിച്ചറിയുന്നു. കഥയിൽ ലയിച്ചിരിക്കയാണോ? എങ്കിലിതാ കവിതയുമായി ഒരു മാമൻ വരുന്നുണ്ട്.
ഇനി മാമൻ്റെ കുട്ടിക്കവിത പാടി ഊഞ്ഞാലാടിയാലോ? നല്ല രസമായിരിക്കും.
കുട്ടിക്കവിതയുമായി ഇടപ്പള്ളിക്കാരനൊരു കവി എത്തിപ്പോയി. ഇടപ്പള്ളി വളരെ പ്രസിദ്ധമായ സ്ഥലമാണല്ലോ ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയുമൊക്കെ നാട്. അതേ ഇടപ്പള്ളിയിലാണ് ഒരു ശ്രീ. ശ്രീലകം വിജയവർമ്മ എന്ന കവിയും ജനിച്ചത്.
ഔദ്യോഗിക ജീവിതം ദില്ലി, ബോംബെ, ഊട്ടി, എറണാകുളം എന്നിവിടങ്ങളിലായിരുന്നു..
കവിതകൾ, ഗാനങ്ങൾ എന്നിവ കൂടാതെ ഏതാനും ശ്ലോകങ്ങളും രചിച്ചിട്ടുണ്ട്.
“സ്വപ്നത്തിനൊരു യാത്രാമൊഴി” എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു വിവിധ പ്രസാധകരുടെ സമാഹാരങ്ങളിലും കവിതകൾ രചിച്ചിട്ടുണ്ട്. എഴുത്തുപുര സാഹിത്യസമിതി, എഴുത്തുപുര പബ്ളിക്കേഷൻസ് എന്നീ സംഘടനകളിൽ സജീവം. കൂടാതെ മറ്റുചില സമാന സാഹിത്യസംഘടനകളിലും ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ജേർണലിസത്തിൽ ഡിപ്ളോമ നേടിയിട്ടുണ്ട്.
ഭാര്യ: ശോഭവർമ്മ. മക്കൾ: ശ്രീജിത് വർമ്മ (സിംഗപ്പൂർ), വിഭ വർമ്മ (ധനലക്ഷ്മി ബാങ്ക്).
നമുക്കിപ്പോൾ ശ്രീ. ശ്രീലകം വിജയവർമ്മ എഴുതിയ കവിത പാടിയാടാം.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
മധുരമൊഴി.
അതിരാവിലെയുണരണമെന്നും
പുഞ്ചിരിയാവേണം..
മതിമോഹനമായൊരുപ്രകൃതിയെ
വരവേറ്റീടേണം..
പതിവായിട്ടെന്നും കീർത്തന-
മലരുകൾ കേൾക്കേണം..
അതിമോഹന ഭാവലയത്തി-
ലലിഞ്ഞു ലയിക്കേണം..
അഴകോലും മധുരസ്വരത്താൽ
തഴുകാനറിയേണം..
മിഴിവോടെ നിറഞ്ഞൊഴുകുന്നൊരു
പുഴയായ് മാറേണം..
നിറസുന്ദരമായൊരു രാവിൽ
കതിരൊളി തൂകേണം,
നിരുപമകാന്തി പകർന്നൊരു ശ്ലോകം
ചൊല്ലിപ്പകരേണം..
നിറകുമ്പിൾ വിരിഞ്ഞുമലർന്നൊരു
സൂനമതാവേണം..
നിറഭാവ സുഗന്ധം ചൊരിയാ
നെന്നും നിലവേണം..
ചിറകൊന്നു വിടർത്തി മനസ്സിൽ
ചിരിതൂകീടേണം..
ചിരകാലവുമമൃതം പകരാന-
നറിവുണ്ടാകേണം..
പരിപാവനമായൊരു ഗീതം
പലവുരു നുകരേണം..
ചേതോഹരപ്രമദ സുഗന്ധം
ചേലൊത്തണിയേണം..
ചമയങ്ങൾ കോർത്തുനിറഞ്ഞൊരു
മോഹനമാവേണം..
ചലനങ്ങളിലതിരമണീയം
തൊടുകുറിയാവേണം..
കരുണാരസമായൊരുകലയുടെ
വാസമതാവേണം..
കാവ്യാത്മകമേറും രാഗ-
വിഫുല്ലമതാവേണം..
കാണാനൊരു മാസ്മരഭാവം
പ്രകൃതിയെയറിയേണം..
കളകളനാദം തഴുകും തളകൾ
അണിയാനാവേണം..
ചൊല്ലാമൊരു വരദാനത്തിൻ
ചേരുവയറിയേണം..
എല്ലാരിലുമൊരുപോൽത്തോന്നാ –
മറിവായ് മാറേണം..
തെല്ലുംമടികൂടാതെന്നും
നാമമതറിയേണം..
നല്ലോളം ഭാവുകമരുളാൻ
‘മലയാളം’ വേണം.
🍀🍀🍀🍀🍀🍀🍀🍀🍀
കുഞ്ഞുങ്ങൾക്കാവശ്യമായ നന്മകളെക്കുറിച്ച് വർമ്മസാർ എത്ര മനോഹരമായിട്ടാണ് എഴുതിയിക്കുന്നത്. അവസാനം എല്ലാവരേയും ഒന്നായി തോന്നുന്ന അറിവായിമാറണം. ഓരോരുത്തരേയും ഭാവുകമരുളാൻ വേണ്ടത് മനസ്സിൽ നിറയെ മലയാളം വേണം, അമ്മഭാഷ വേണം.
നല്ല കവിത. തെളിമയുള്ള കവിതയ്ക്കു ശേഷം നമുക്ക് കേൾക്കാൻ ഇനിയൊരു കുഞ്ഞുകഥയുമായി സുധാ ചന്ദ്രൻ എന്ന ടീച്ചറുമെത്തിയിട്ടുണ്ട്.
കങ്ങഴ കൈതമല ഇന്ദിരാദേവിയുടെയും പഴൂർ രാമചന്ദ്രപണിക്കരുടെയും മകളായി 1964 ലാണ് ശ്രീമതി. സുധാ ചന്ദ്രൻ ജനിച്ചത്. നെടുമണ്ണി sr.അൽഫോൻസാസ്, നെടുംകുന്നം ടr. തെരേസാസ് ജി എച്ച് എസ് , അരുവിത്തുറ സെന്റ്.ജോർജ്ജ് കോളേജ്, ചങ്ങനാശ്ശേരി എൻ. എസ്.എസ്.ഹിന്ദു കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പെരുന്ന എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്നും ദീർഘകാലത്തെ അധ്യാപകവൃത്തിക്കു ശേഷം വിരമിച്ചു.
ആനുകാലികങ്ങളിൽ കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നു.
കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിലെ കഥകൾക്ക് 2020 ലെ ബാലസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സ്നേഹക്കുപ്പായം 2021 ലെ കാവ്യസാഹിതി കഥപുരസ്കാരം നേടിയ ഗ്രന്ഥമാണ്.
മോട്ടിവേഷൻ ട്രെയിനർ ആണ്, കുട്ടികൾക്കു വേണ്ടി LETUDE STORY TELLING എന്നൊരു കൂട്ടായ്മയുണ്ട്. രക്ഷിതാക്കൾക്കു വേണ്ടിയും മോട്ടിവേഷൻ ഗ്രൂപ്പ് ഉണ്ട്. LETUDE MOTIVATION YOU TUBE ചാനൽ ഉണ്ട്.
സുധ ടീച്ചർ ഇപ്പോൾ ചങ്ങനാശ്ശേരി മാടപ്പിള്ളി രാംനിവാസിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.
ശ്രീമതി.സുധാ ചന്ദ്രൻ എഴുതിയ ബോധിസത്വൻ്റെ ബുദ്ധി എന്ന കഥയാണ് താഴെ കൊടുക്കുന്നത്.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
“മുത്തശ്ശീ, പാറൂന് ഇന്നേതു കഥയാ പറഞ്ഞു തരുന്നത്? ”
പാർവണക്ക് കഥ കേൾക്കാതെ ഉറക്കം വരില്ലല്ലോ.
“ഇന്നു മുത്തശ്ശി…. ഒ… ബോധിസത്വൻ്റെ കഥപറയാം.”
“ആരാ മുത്തശ്ശീ ബോധിസത്വൻ? ”
“ബുദ്ധന്റെ മുൻജന്മങ്ങളിലെ പേരാണ് ബോധിസത്വൻ. ”
പാറു കഥകേൾക്കാൻ തയ്യാറായി മുത്തശ്ശിയുടെ മടിയിൽ ഇരുന്നു.
മുത്തശ്ശി കഥപറയുന്നതു കേൾക്കാൻ നല്ല രസമാണ്. കഥയിലെ കഥാപാത്രമായി മാറും മുത്തശ്ശി,ഒപ്പം കേൾക്കുന്നവരും.
“പാറുക്കുട്ടീ …”
കൊച്ചുമോളെ തലോടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു
“ഒരിക്കൽ തേരോടിച്ചുവന്ന ഒരാൾ കുളക്കരയിലെത്തി തേരു നിർത്തി. അയാൾ മുഖം കഴുകാൻ കുളത്തിലേക്കിറങ്ങി.”
“എന്നിട്ട്….. മുത്തശ്ശി?”
“അപ്പോൾ ശക്രൻ തേരാളിയുടെ അടുത്തുചെന്നിട്ട് ഇങ്ങനെ പറഞ്ഞു, ഞാൻ അങ്ങയെ സേവിക്കാൻ ആഗ്രഹിക്കുന്നു.
അങ്ങനെയാവട്ടെ.. തേരാളി പറഞ്ഞു. തേരാളി മുഖം കഴുകിക്കൊണ്ടിരിക്കെ ശക്രൻ തേരോടിച്ചു കണ്ണിൻ വെട്ടത്തു നിന്ന് മറഞ്ഞു. ”
“അയ്യോ.. ഇനി അയാളെങ്ങനെ വീട്ടിൽ പോകും. “പാറു ചാടിയെണീറ്റുകൊണ്ട് ചോദിച്ചു.
“അയാൾ തേരിനു പിന്നാലെ ഓടി. ഓടിയോടി അവസാനം തേരിനരികിലെത്തി. “
“ഹാവൂ… ആശ്വാസമായി മുത്തശ്ശീ, തേര് തിരിച്ചു കിട്ടിയല്ലോ? ”
“ആരു പറഞ്ഞു കിട്ടിയെന്ന്?”
“അപ്പോ.. കിട്ടീല്ലേ? ”
“ഇല്ല… രണ്ടാളും തമ്മിൽ തർക്കമായി. ”
“അത് തേരാളീടെ അല്ലേ.. പിന്നെന്തിനാ തർക്കം..? ”
“അതൊക്കെയുണ്ട്.. അതു പറഞ്ഞാൽ കഥയുടെ രസച്ചരട് മുറിയൂല്ലേ എന്റെ കുട്ടിപ്പാറൂ. “
മുത്തശ്ശി പാറുവിൻ്റെ മൂക്കിൽ പിടിച്ചു.
”അവസാനം രണ്ടാളും ബോധിസത്വൻ്റെ അടുത്തത്തി. അവരുടെ അവകാശവാദങ്ങൾ കേട്ട് ബോധിസത്വൻ ഇപ്രകാരം പറഞ്ഞു, തേരോടിക്കാൻ ഞാനൊരാളെ ഏർപ്പാടുചെയ്യാം. അയാൾ തേരോടിക്കുമ്പോൾ നിങ്ങൾ രണ്ടാളും തേരിന്റെ പുറകിൽ പിടിച്ചു കൊണ്ടോടണം.”
“രണ്ടുപേരും ഓടിയോ മുത്തശ്ശീ. ” “കൊള്ളാം.. ഓടാതെ പറ്റുമോ? ”
“എന്നിട്ട് എന്തുണ്ടായി?”
“കുറച്ചോടിയപ്പോ ഉടമസ്ഥൻ ക്ഷീണിച്ചു.. വിയർത്തുകുളിച്ചു തിരിച്ചുവന്നു. അയാൾ അണയ്ക്കുന്നുണ്ടായിരുന്നു. ”
“പാവം !”
“ശക്രൻ തേര് പോയ അത്രയും ദൂരം ഓടി.. തിരിച്ചുവന്നപ്പോൾ കിതച്ചില്ല, വിയർത്തില്ല, ക്ഷീണിച്ചില്ല.”
“ശക്രൻ മിടുക്കനാണല്ലേ മുത്തശ്ശീ ? ”
“അതിനു കാരണമുണ്ട്.. “
“എന്തു കാരണം? ”
“പറയാം.. ധൃതി വയ്ക്കാതെ.. ബോധിസത്വന് കാര്യം പിടികിട്ടി. “
“എന്തു കാര്യം മുത്തശ്ശീ?”
“തേരിൻ്റെ ഉടമസ്ഥൻ ഓടിക്കിതച്ച യുവാവാണ്. മറ്റേയാൾ ഏതോ ദേവനാണ്.”
“അങ്ങ് ആരാണ്?” ബോധിസത്വൻ ശക്രനോട് ചോദിച്ചു.
“ഞാൻ ശക്രൻ. ദേവന്മാരുടെ രാജാവ്.”
“എന്തിനാണിങ്ങനെ ചെയ്തത്? ”
‘താങ്കളുടെ കീർത്തി പരത്താൻ വേണ്ടി’എന്നു പറഞ്ഞു ശക്രൻ മറഞ്ഞു.
“അതെങ്ങനെ അറിഞ്ഞു ബോധിസത്വൻ?”
“ഓരോരുത്തരെയും നിരീക്ഷിച്ചാൽ സത്യം പറയുന്നവരെയും കള്ളം പറയുന്നവരെയും തിരിച്ചറിയാൻ കഴിയും.”
“ അതെങ്ങനെ?”
“അതിനു ശരീരഭാഷ പഠിക്കണം. ബോധിസത്വന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചത് അതുകൊണ്ടാണ്. ”
”എനിക്കും പഠിക്കാൻ പറ്റുമോ മുത്തശ്ശീ?”
“തീർച്ചയായും.. അങ്ങനെ ഒരു കഴിവുണ്ടാകാൻ ആദ്യം ചെയ്യേണ്ടത് കാണുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുക.”
“ഞാൻ ചെയ്യും..”പാറുവിന് ആവേശം തോന്നി.
“മുത്തശ്ശി പഠിപ്പിച്ചു തരാം കേട്ടോ.. നേരമൊന്നു വെളുത്തോട്ടെ..”
മുത്തശ്ശിക്കുമ്മ കൊടുത്തു കെട്ടിപ്പിടിച്ചു കിടന്നപ്പോൾ നേരം വെളുത്താൽ മതിയെന്ന ചിന്തയിലായിരുന്നു പാറുക്കുട്ടി.
——————————————————————-
കഥ രസകരവും ആകർഷകവുമല്ലേ?
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ഇനി മറ്റൊരു കുഞ്ഞു കവിതയാണ്. പാലക്കാട് കൊല്ലങ്കാേട്ടുകാരിയായ അഞ്ജലി ടീച്ചറാണ് ഈ കവിത രചിച്ചത്.
പുതുഗ്രാമം എ. എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന എസ്. നടരാജൻ മാസ്റ്ററുടെയും സി. എം. ഇന്ദിരയുടെയും മകളാണ് അഞ്ജലി. എസ്.എൻ കൊല്ലങ്കോട്. 1987 ലാണ് ജനനം.
കൊല്ലങ്കോട്ടുള്ള YMGHS, BSSHSS, പേരൂർ GSSTTI, നെന്മാറ – NSS കോളേജ് ,കോട്ടയം MG യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഇപ്പോൾ മേനോൻപാറ ഗവ: യു.പി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു..
ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
ഭർത്താവ് ആർ. മീനപ്പനും മകൾ എം.ശിവാനിയുമാെത്ത് പാലക്കാട് തരകർ ലൈനിലാണ് ടീച്ചർ താമസിക്കുന്നത്.
അഞ്ജലിടീച്ചർ കൊച്ചു കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കവിത താഴെ കൊടുക്കുന്നു.
🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
അമ്മക്കിളിയുടെ മുട്ട
അമ്മക്കിളിയുടെ മുട്ട കണ്ടോ
താമരപ്പൂവിന്റെ മൊട്ടുപോലെ.
ചേലെഴും വാർമുകിൽ മാലപോലെ
പൂമ്പട്ടു ചുറ്റിയ മുത്തുപോലെ.
അമ്മക്കിളിയുടെ സ്വത്താണത്
അച്ഛൻ കിളിയുടെ മുത്താണത്.
നാളൊട്ടു നീങ്ങുമ്പോളെത്തിനോക്കും
ചെഞ്ചുണ്ടിൽ പാട്ടുമായ്
കുഞ്ഞുപക്ഷി.
കുഞ്ഞു പക്ഷിയിരിക്കുന്ന കൂടാണ്
മുട്ട അത് വിരിഞ്ഞ് എന്നാണ്
ആ കൗതുകം പുറത്തുവരുന്നത്?
അമ്മക്കിളിയെപ്പോലെ നമുക്കും
കാത്തിരിക്കാം.
ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .
പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.
സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട