Monday, December 23, 2024
Homeസ്പെഷ്യൽലോക ജല ദിനം ഓർമ്മിപ്പിക്കുന്നത് ... ✍അഫ്സൽ ബഷീർ തൃക്കോമല

ലോക ജല ദിനം ഓർമ്മിപ്പിക്കുന്നത് … ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (ഇൻസ്ഡ്) ലോക ജലദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത് തുടർന്ന് ഐക്യ രാഷ്ട്ര സഭ 1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.എന്നാൽ ഇന്ത്യയിൽ 0ഡോക്ടർ ബി.ആർ. അംബദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നു.

ലോകാരംഭം മുതൽ ഭൂമിയിലെ ജലം അതിന്റെ മൂന്ന് (മഞ്ഞ്, ജലം, നീരാവി) അവസ്ഥകളിലൂടെ തുടർച്ചയായി രൂപഭേദം ചെയ്തു കൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ്‌ ജലപരിവൃത്തി അല്ലെങ്കിൽ ജല ചക്രം എന്നു പറയുന്നത് . ആദിയും അന്തവുമില്ലാത്ത ഈ പ്രക്രിയയാണ് മനുഷ്യ ജീവന്റെ ഉൾപ്പടെ സകല ജീവജാലങ്ങളുടെയുംനിലനിൽപ്പിനു തന്നെ നിദാനം.

മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും മറ്റു ജീവജാലങ്ങളിൽ നിന്നും സൂര്യ താപത്താൽ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിൽ എത്തുമ്പോൾ മേഘമായി മാറുന്നു., ഈ മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിച്ചു അനുകൂല സാഹചര്യങ്ങളിൽ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു എത്തുന്നു ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയിൽ ആഴത്തിലിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരു ഭാഗം സസ്യ ജാലങ്ങൾ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളിൽ കൂടി ബാഷ്പീകരിക്കപ്പെട്ടു അന്തരീക്ഷത്തിൽ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരു ഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. ഈ ജലശുദ്ധീകരണ പ്രക്രിയയിലൂടെയാണ് നമുക്ക് ശുദ്ധ ജലം ലഭ്യമാകുന്നത് .

ഇനിയുമൊരു മഹായുദ്ധം ഉണ്ടായാൽ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് കണക്ക് .ജനസംഖ്യ വർദ്ധനവും മലിനീകരണവും ഭൂമിയിൽ ജല ദൗർലഭ്യതക്കു കാരണമായി മാറി എന്ന് സാമാന്യമായി പറയാമെങ്കിലും കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാല പരിതസ്ഥിതികളിൽ കിണറുകളും കുളങ്ങളും ഉൾപ്പടെ ജലാശയങ്ങളെല്ലാം പൂർണ്ണമായോ ഭാഗികമായോ ഉപയോഗ ശൂന്യമായി മാറി. കൊറോണ കാലത്ത് അടച്ചിരുന്നപ്പോൾ കേരളത്തിലെ ഉൾപ്പടെയുള്ള ജലാശയങ്ങൾ മലിനീകരണത്തെ അതി ജീവിച്ചത് എടുത്തുപറയേണ്ടിയിരിക്കുന്നു .

“കുത്തൊഴുക്കുള്ള വെള്ളമായാലും മിതമായേ ജലം ഉപയോഗിക്കാവൂ ” എന്ന നബി വചനവും .നദി ദേവതയാണ് ജലാശയങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തരുതെന്നും നഗ്നരായി കുളിക്കരുതെന്നുമുള്ള ആർഷ ഭാരത സംസ്കാരവും മാത്രം മതി ജലത്തിന്റെ പ്രാധാന്യത്തെ മനസിലാക്കാൻ .അഗ്നിയോളം വിശുദ്ധി ജലത്തിനുമുണ്ടെന്നുള്ള ആചാര്യ ദർശനവും കൂടി ആകുമ്പോൾ ജലം ഭക്തിയുടെ ഭാവത്തിലും മുൻപന്തിയിലാണ് .മാത്രമോ ഹൈന്ദവ വിശ്വാസത്തിൽ ഗംഗാ നദിയും ക്രൈസ്തവ വിശ്വാസത്തിൽ യോർദ്ദാൻ നദിയും ഇസ്ലാമിക വിശ്വാസത്തിൽ സംസം കിണറും ജല സ്രോദസ്സു മാത്രമല്ല ആത്മ നിർവൃതിയുടെ പ്രതീകം കൂടിയാണ് . മണ്ണും മനുഷ്യനും പക്ഷി മൃഗാദികളും സസ്യ ലതാതികളും അടങ്ങുന്ന ആവാസ വ്യവസ്ഥ നില നിൽക്കുന്നത് ജല ലഭ്യതയുടെ അടിസ്ഥാനത്തിലാണ് അത് കൊണ്ട് ജീവ വായുവിനോളം ജലത്തിന് പ്രാധാന്യമുണ്ട് .

“സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക”എന്നതാണ് 2024 ജല ദിനത്തിന്റെ പ്രമേയം .ലോകത്തിലെ തന്നെ മികച്ച ഭൂപ്രകൃതിയും അനുകൂല കാലാവസ്ഥയുമുള്ള കേരളമുൾപ്പടെ വരൾച്ചയിലൂടെ കടന്നു പോകുമ്പോൾ ആണ് ലോക ജലദിനം ആഘോഷിക്കുന്നത് .ജല സാക്ഷരത എല്ലാവരിലേക്കും എത്തിക്കാൻ കഴിയാത്തിടത്തോളം വലിയ ശുദ്ധ ജല ദൗർലഭ്യതയും കൊടും വരൾച്ചയും
നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളെയും അരുവികളെയും നീരുറവകളെയും നദികളെയും ഒപ്പം സമുദ്രത്തെയും സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് കൈമാറാനും ഓരോരുത്തർക്കും ബാധ്യതയുണ്ട്.

ഏന്റെ ആദ്യ പുസ്തകം “പമ്പാ നദിയിലൂടെ” (പഠനം) എന്നതിൽ ഏറെ അഭിമാനിക്കുന്നു.
ഏവർക്കും ലോക ജല ദിനാശംസകൾ ….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments