സമൂഹത്തിന്റെ കാവൽക്കാർ (യെഹ.3: 16 -21)
“മനുഷ്യ പുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാരൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽ നിന്നു വചനം കേട്ട്, എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം” (വാ.17).
ധ്യാന ഭാഗത്തു യെഹെസ് ക്കേൽ പ്രവാചകനു ലഭിക്കുന്ന ദൈവീക നിയോഗത്തെക്കുറിച്ചുള്ള സൂചനയാണു നമുക്കു ലഭിക്കുന്നത്. ദൈവം പ്രവാചകനെ യിസ്രായേൽ സമൂഹത്തിന്റെ കാവൽക്കാരനായി നിയോഗിച്ചിരിക്കുന്നുവെന്നും, ആ നിയോഗം അതിന്റെ എല്ലാ ഉത്തരവാദിത്തത്തോടും കൂടി നിർവ്വഹിക്കണമെന്നും, അല്ലാഞ്ഞാൽ പ്രവാചകനും ന്യായവിധിക്കു വിധേയനാകും എന്നുമാണ് നാം വായിക്കുന്നത്. ക്രിസ്തു വിശ്വാസികൾ എന്ന നിലയ്ക്കു, നമുക്കു മുളള നിയോഗം ആണിത്. ലോകത്തിൽ, ഒരു ക്രിസ്തു വിശ്വാസിയുടെ സ്ഥാനം, ഒരു കാവൽക്കാരൻ, ഒരു സ്ഥാനാപതി എന്നീ നിലകളിലാണ്. ദൈവം നമ്മെ ആക്കിയിരിക്കുന്ന സ്ഥാനങ്ങളിൽ, ദൈവത്തിന്റെ പ്രതിനിധികളായി നിന്നുകൊണ്ട്, നമ്മുടെ ‘കാവൽ
ധർമ്മം’, വിശ്വസ്തതയോടെ നിർവ്വഹിക്കണം എന്നാണ്, ദൈവം നമ്മേക്കുറിച്ച് ആഗ്രഹിക്കുന്നത്.
എല്ലാ ക്രിസ്തു വിശ്വാസികളും ലോകത്തിന്റെ കാവൽക്കാർ ആണ്. എന്നെ ആരും നിയമിച്ചിട്ടില്ല എന്ന ഒഴികഴിവു പറഞ്ഞ്, ഉത്തരവാദിത്തത്തിൽ നിന്നു മാറി നിൽക്കുവാൻ നമുക്കു സാദ്ധ്യമല്ല. ഒരു കാവൽക്കാരന്റെ ജോലി പൊതുജന ദൃഷ്ടിയിൽ അത്ര ഉയർന്നതോ വിലയുള്ളതോ, ആയിരിക്കണമെന്നില്ല. എന്നാൽ, അയാളെ നിയമിച്ചിരിക്കുന്ന അധികാരിയെ സംബന്ധിച്ച്, അതു വളരെ പ്രാധാന്യമുള്ളതാണ്. താൻ സേവിക്കുന്ന സ്ഥാപനത്തിന്റെയോ, രാജ്യത്തിന്റെയോ
ഒക്കെ, സുരക്ഷിതത്വവും, ഉൽകൃഷ്ടതയും, കാവൽക്കാരന്റെ ജാഗ്രതയോടും,
വിശ്വസ്തതയോടും ബന്ധപ്പെട്ടാണ്, ഇരിക്കുന്നത്.
വേദപുസ്തക ചിന്തയിൽ, കാവൽക്കാരൻ ഇടവിൽ നിൽക്കുവാനും മദ്ധ്യസ്ഥത
അണയ്ക്കുവാനും ബാദ്ധ്യസ്ഥനാണ്. ഇടവിൽ നിൽക്കുവാൻ ആളുണ്ടെങ്കിൽ,
ന്യായവിധി മാറിപ്പോയി എന്നു വരാം; നീട്ടിവയ്ക്കപ്പെട്ടു എന്നു വരാം? സംഭവിപ്പാനിടയുള്ള അപകടങ്ങളെക്കുറിച്ചുളള മുന്നറിയിപ്പു നൽകുക എന്നതും കാവൽക്കാരന്റെ ചുമതലയാണ്! നിതാന്ത ജാഗ്രത പുലർത്തുന്ന ഒരാൾക്കു മാത്രമേ, കാവൽക്കാരന്റെ ചുമതലകൾ വിശ്വസ്തതയോടെ നിർവ്വഹിക്കുവാൻ കഴിയൂ. ഒരു ക്രിസ്തു വിശ്വാസി എന്ന നിലയിൽ, ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറെ പ്രധാനമാണ്. അതു വിശ്വസ്തതയോടെ നിർവ്വഹിക്കുവാൻ നമുക്കു ശ്രമിക്കാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: സദാ ജാഗരൂക രായിരിക്കുന്നവർക്കു മാത്രമേ, കാവൽ ധർമ്മം അതിന്റെ പൂർണ്ണതയിൽ നിർവ്വഹിക്കാനാകൂ!