സ്വയം സമ്മാനങ്ങളാകാം
——————————————–
തൻ്റെ പുതിയ കാർ കഴുകിക്കൊണ്ടിരുന്നയാളോടു സുഹൃത്തു ചോദിച്ചു: ” എന്നാണു പുതിയ കാർ വാങ്ങിയത്” അയാൾ പറഞ്ഞു. ഇതു ഞാൻ വാങ്ങിയതല്ല. എൻ്റെ സഹോദരൻ വാങ്ങിത്തന്നതാണ്. എനിക്കുമിതുപോലൊരു കാറുണ്ടായിരുന്നെങ്കിൽ സുഹൃത്തിൻ്റെ ആത്മഗതമതു കേട്ടു മറ്റേയാൾ പറഞ്ഞു: അങ്ങനെയല്ല ആഗ്രഹിക്കേണ്ടതു എനിക്കും ഇങ്ങനെയൊരു സഹോദരൻ ഉണ്ടായിരുന്നുവെങ്കിലെന്നു വേണം ചിന്തിക്കാൻ, ഇതെല്ലാം കേട്ടു നിന്ന അയൽക്കാരൻ പറഞ്ഞു. “എനിക്കു് ഇങ്ങനെയൊരു സഹോദരനാകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്നാണ് എൻ്റെ ആഗ്രഹം”
ആഗ്രഹങ്ങളുടെ സഭാവം മാത്രമല്ല, അവയോടുള്ള സമീപനവും പ്രധാനമാണ്. സ്വന്തം സ്വപ്നങ്ങൾ ഉണ്ടാകണമെന്നതിനർത്ഥം, സ്വന്തം കാര്യങ്ങൾക്കായി മാത്രം സ്വപ്നം കാണണമെന്നല്ല. തനതായി ലോകം സൃഷ്ടിച്ചവരൊന്നും അവർക്കുവേണ്ടി
മാത്രമുള്ള ലോകം സൃഷ്ടിച്ചവരായിരുന്നില്ല. പുഴു ചിത്രശലഭമാകുന്നതും, മൊട്ടു പൂവാകുന്നതും, സ്വയപ്രേരിത പ്രവർത്തനമാണെങ്കിലും അവയൊന്നും സ്വാർത്ഥ നിർമ്മിതിയല്ല.
സ്വത്വനിർമ്മാണ പ്രക്രീയയുടെ മറുവശം സാമൂഹ്യ സമ്പർക്ക നിർമ്മാണമാണ്. തങ്ങളുടെ ആഗ്രഹങ്ങളുടെ പട്ടികയിൽ, സാധനസാമഗ്രികളും,സ്ഥാനമാനങ്ങളും മാത്രം ഉൾപ്പെടുത്തുന്നവർക്കു അരുടേയും ഹൃദയത്തിൽ സ്ഥാനമുണ്ടാകുക സാദ്ധ്യമല്ല.
സ്വന്തം ആഗ്രഹ സാക്ഷാത്ക്കാരത്തിനുതകുംവിധം ആശ്രിതരുടെ ആഗ്രഹങ്ങളെ പാകപ്പെടുത്തിയെടുക്കാനാണ്. മഹാഭൂരിപക്ഷത്തിനുമിഷ്ടം മാതാപിതാക്കൾ ആഗ്രഹിക്കുന്നത്, അവരുടെ ഇച്ഛാനുസരണം വളർന്നു വരുന്ന മകളേയാണ്. നേതാക്കന്മാരെ പ്രീതിപ്പെടുത്താനായി മാത്രം ജയ് വിളിക്കേണ്ടി വരുന്നയണികൾ, അന്യൻ്റെ ആഗ്രഹങ്ങളുടെ കാര്യവിചാരകർ മാത്രമാണ്. അപരൻ്റെ ആനുകൂല്യങ്ങളേക്കാൾ, അവനവൻ്റെ അധ്വാനമാണ് യഥാർത്ഥത്തിൽ അഭിമാനവും ആദരവും സൃഷ്ടിക്കുക.
നൽകുന്നവരാണു യഥാർത്ഥത്തിൽ നേടുന്നത് പുഞ്ചിരി നൽകുന്നവർ പുഞ്ചിരി തിരികെ നേടുന്നു. സങ്കടപ്പെടുത്തുന്നവരുടെ മുമ്പിൽ സങ്കടം വിരുന്നു വരുന്നു. സമ്മാനം വാങ്ങിക്കൊടുക്കണമെങ്കിൽ സമ്പത്തും സമൃദ്ധിയും സ്വന്തമായി വേണമെന്നാൽ സ്വയം സമ്മാനമായി തീരാൻ സന്മനസ്സു മാത്രം മതി. നമ്മുടെ പരിശ്രമങ്ങളതിനാകട്ടെ.
സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.