Friday, November 22, 2024
Homeഅമേരിക്കമലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ ‘ (1) ✍അവതരണം: മേരി ജോസി മലയിൽ,

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ ‘ (1) ✍അവതരണം: മേരി ജോസി മലയിൽ,

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ ‘  എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം🙏🙏

ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

 

“ഒരു എൻജിനീയറുടെ സർവീസ് ഉത്സവം” പ്രസിദ്ധീകരിച്ചുകൊണ്ടാണ് നമ്മുടെ ഓൺലൈൻ പത്രത്തിലേക്ക് ശ്രീ ജോണി തെക്കേത്തല കാലെടുത്തുവെച്ചത്.കൂടെ കുറേ ജീവിതാനുഭവങ്ങളും വായന കുറിപ്പുകളും ലേഖനങ്ങളും നർമ്മ കഥകളും.നമ്മുടെ ഓണം സ്പെഷ്യൽ മികച്ച യാത്രാവിവരണ മത്സരം ആയ ‘ഓണയാത്ര 2022’ ന് സമ്മാനാർഹനായി.

ഇന്നസെന്റിന്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗം തന്നെയായ അസാധാരണ കാര്യങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു സാധാരണക്കാരൻ.ഭാഷയും കണക്കും രണ്ടുംകൂടി ഒരിക്കലും ഒരാൾക്ക് വഴങ്ങില്ല എന്ന ശാസ്ത്രത്തെ വെല്ലുവിളിച്ച  പ്രതിഭാശാലിയായ എഴുത്തുകാരനാണ് ശ്രീ ജോണി തെക്കേത്തല. ബാല്യത്തിൽ തന്നെ സംസ്കൃതശ്ലോകങ്ങൾ ഈണത്തിൽ ചൊല്ലാനും നീതിസാരത്തിലെ പ്രധാന ശ്ലോകങ്ങളുടെ അർത്ഥം പറഞ്ഞു കൊടുത്തും വളർത്തിയ അമ്മയിൽനിന്ന് ആകാം ഈ നൈപുണ്യം   പ്രാപ്യമായത്. അച്ഛൻറെ ബിസിനസ് വൈദഗ്ധ്യം അദ്ദേഹം പ്രയോഗിച്ചത് എൻജിനീയറിങ് മേഖലയിൽ ആയിരുന്നു എന്ന് മാത്രം.

പല ചരിത്ര രചനകളും കേട്ടെഴുത്തും കെട്ടുകഥയും ആണെങ്കിൽ ഇത് ജീവനുള്ള ചരിത്ര സത്യങ്ങളെ വരുംതലമുറയ്ക്ക് വായിച്ചറിയാനുള്ള ഒരു  പുസ്തകം ആണെന്ന് നിസ്സംശയം പറയാം.എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും മറ്റു സാധാരണ വായനക്കാർക്കും എളുപ്പം മനസ്സിലാകുന്ന രീതിയിൽ അത്ര ലളിതമായാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ഈ ലേഖനം ഊർന്നുവീണത്.ഈ പഠനസാഹിത്യം മലയാളി മനസ്സിന്റെ സാഹ്യത്യ സപര്യയിൽ തങ്കലിപികളിൽ എഴുതി ചേർത്തിട്ടുണ്ട്.

[ശ്രീ ടി. ആർ.ജോണി കേരളത്തിൽ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ 1935 ൽ ജനിച്ചു. CET എന്ന പേരിൽ പ്രസിദ്ധമായ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ് ബി.എസ്.സി.ബിരുദംനേടി.1956ൽ ഒരു ഊർജസ്വലനായ യുവ എഞ്ചിനീയർ ആയി പൊതുമരാമത്ത് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.അങ്ങനെ 34 വർഷത്തെ,ശോഭനമായ, അതിരില്ലാത്ത സേവനത്തിന് നാന്ദികുറിച്ചു.അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് വൈദ്യുതി വകുപ്പിലേക്ക് സ്ഥലം മാറിയ അദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ(KSEB )ജോലിയിൽ തുടർന്നു. ഇടുക്കി പദ്ധതി   അടക്കം കേരളത്തിലെ  പ്രമുഖ ജലവൈദ്യുതി പദ്ധതികളിലും,

ജലസേചനപദ്ധതിയിലും ആശയങ്ങളുടെ ചുവടുപിടിച്ചുള്ള രൂപകല്‍പന, നിർമ്മാണം,പരിപാലനം എന്നിവയിൽ സ്തുത്യർഹമായ സേവനം നൽകി.ഹൈദരാബാദിലും ഡൽഹിയിലും മുംബൈയിലുമുള്ള സുവിഖ്യാത സ്ഥാപനങ്ങളുടെ അധ്യയനപദ്ധതികളിൽ പങ്കെടുത്തു. അദ്ദേഹം ഒരു ചാർട്ടേഡ് എഞ്ചിനീയർ ആണ്;.ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിലെ വിശിഷ്ടാംഗത്വവും ഉണ്ട്.

 അസിസ്റ്റന്റ് എഞ്ചിനീയർ ആയി ജോലിയിൽ  പ്രവേശിച്ച   അന്നുമുതൽ ഓരോ ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

 കാലഗണനാപരമായ കാഴ്ചപ്പാടോടെ വിവിധ അധ്യായങ്ങൾക്ക് അസിസ്റ്റൻറ് എൻജിനീയർ–അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ–എക്സിക്യൂട്ടീവ് എഞ്ചിനീയർ –സൂപ്രണ്ടിങ് എഞ്ചിനീയർ — ചീഫ് എൻജിനീയർ  എന്ന് ഉദ്യോഗനാമം നൽകിയിരിക്കുന്നു. ഓരോ അധ്യായത്തിലും അതാതു സമയത്തുണ്ടായ വിവിധ സംഭവങ്ങളെ രസകരമായി വർണിക്കുന്നു. ഇവയിൽ നിന്ന് പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഈ പാഠങ്ങൾക്ക് നമ്മുടെ ജീവിത ശൈലിയിലും സ്വാധീനം  കാണാം. ലളിതജീവിതവും കഠിനപ്രയത്നവും ഓരോ വ്യക്തിയുടെയും സ്വന്തം ജീവിതത്തിലും ഉദ്യോഗസ്ഥതലത്തും വിജയിക്കുന്നതിന് എത്ര സഹായകരം എന്നാണ് ഈ ഓർമ്മക്കുറിപ്പിലൂടെ സൂചിപ്പിക്കുന്നത്.വിവിധ എൻജിനീയറിങ് പദ്ധതികളുടെ വിജയത്തിന് നേതൃത്വഗുണവും കൂട്ടായ പ്രവർത്തനത്തിനും എത്ര പ്രാധാന്യം ഉണ്ടെന്ന് ഈ ഓർമ്മകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.  വിജയിച്ചാലും പരാജയപ്പെട്ടാലും ഓരോ പദ്ധതിയിലൂടെയും,   ഒരാൾ എങ്ങനെ നേതാവ്     ആകുന്നു എന്ന് മനസ്സിലാക്കാം.ഇത്തരം സ്വാഭാവികമായ സവിശേഷത കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ഏവരും വായിച്ചിരിക്കേണ്ട ഒന്നായി കരുതണം.

ശ്രീ ജോണി രസകരമായി എഴുതുന്നു.  അതിനു പുറമെ ധാരാളം വായിക്കുന്ന കൂട്ടത്തിലുമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളെ പറ്റിയും  ഹൈന്ദവ ആചാരങ്ങൾ, വിശ്വാസങ്ങൾ, ആഘോഷങ്ങൾ…..ഇവയെ കുറിച്ചും നല്ല വിവരം ഉണ്ട്.അതു കൊണ്ടാകണം

മർമ്മമറിഞ്ഞു
ധർമ്മം വിടാതെ
നർമ്മത്തോടൊത്ത്
കർമ്മം ചെയ്യുക

എന്ന് ആത്മകഥയുടെ അവസാനഭാഗത്ത് എഴുതിയിരിക്കുന്നത്. ഇതിൻറെ അർത്ഥം “ജീവിത രഹസ്യങ്ങളുടെ നടുവിൽ പെട്ട്,ധർമ്മത്തോടെ പ്രതിഫലം ഇച്ഛിക്കാതെ നർമ്മത്തോടെ,ചുമതലകൾ നിറവേറ്റണം. “എന്നാണ്. ഇതുതന്നെയാണ് ഭഗവത്ഗീതയുടെ മൗലിക സത്ത.

കടപ്പാട് :ഡോക്ടർ. രാമൻ ബാലു]

മലയാളി മനസ്സ് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ‘ഒരു എഞ്ചിനീയറുടെ സർവീസുൽസവം’ തുടക്കം മുതൽ ഒടുക്കം വരെ വായിച്ച ഡോക്ടർ ബാലുവിന്റെ അവലോകനം ആണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ലോകപ്രസിദ്‌ധിയാർജിച്ച ഇൻഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) എയ്റോനോട്ടിക്ഗ്രൂപ്പു ഡയരക്ടറും, കന്യാകുമാരി ജില്ലയിലെ ഡീംഡ് ടു ബി സർവ്വകലാശാലയുടെ ഡീനുമായിരുന്നു ഡോക്ടർ രാമൻ ബാലു.

തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങളെ വായനക്കാരുമായി  ജോണി തെക്കേത്തല നർമ്മത്തിലാണ് സംവദിക്കുന്നത്.2022 ൽ മലയാളിമനസ്സിന്റെ വാർഷികം കോട്ടയത്തു വെച്ച് ആഘോഷിച്ചിരുന്ന വേളയിൽ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മൊമെന്റോ കൊടുത്ത് ആദരിച്ചിരുന്നു.

വാർദ്ധക്യസഹജമായ അസ്ക്യതകൾ കാരണം ആ സനേഹാദരവ് സിനിമ താരമായ കൃഷ്ണപ്രസാദിൽ നിന്നും ഏറ്റുവാങ്ങിയത് അന്ന് മകളായിരുന്നു.

ഏകാന്തതയേയും പ്രതിസന്ധികളെയും തരണം ചെയ്യാൻ എഴുത്തിനെ കൂട്ടുപിടിച്ച ഇദ്ദേഹത്തിനു പത്രത്തിന്റെ പേരിൽ എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊണ്ട്. 🙏🙏

അവതരണം: മേരി ജോസി മലയിൽ,

(കോപ്പി എഡിറ്റർ, മലയാളി മനസ്സ്).

RELATED ARTICLES

Most Popular

Recent Comments