സുനിത എന്ന അഭിനേത്രിയെ ഓർമ്മയുണ്ടോ? മറക്കാൻ ഇടയില്ല,കാരണം അത്രയേറെ നല്ല നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടാണ് സുനിത സിനിമാലോകത്തുനിന്നും വിട പറഞ്ഞത്.
സുനിതയെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്നത് അവർ അഭിനയിച്ച പ്രണയഗാന രംഗങ്ങളാണ്. ഈ ലോകത്തിലെ മുഴുവൻ പ്രണയവും തന്റെ കണ്ണുകളിൽ ആവാഹിച്ചു കൊണ്ടാണ് സുനിത അഭിനയിക്കുന്നത് എന്ന് തോന്നിപ്പോകും.. ഒരു കൊച്ചു പെൺകുട്ടിയുടെ കുസൃതികളും പിണക്കവും നോട്ടവും ഭാവവും മാത്രമല്ല പകയും ദേഷ്യവും പ്രതികാരവും ദുഃഖവും തനിക്ക് വഴങ്ങുമെന്ന് സുനിത തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
ശ്രീ. വേണുഗോപാൽ ശിവരാമകൃഷ്ണന്റെയും ഭുവനേശ്വരി ശിവരാമകൃഷ്ണന്റെയും ഏക മകളായി പാലക്കാടാണ് സുനിത ജനിച്ചത്. അച്ഛന് ഫാർമസ്യൂട്ടിക്കൽ ബിസിനസ്സ് ആയതുകൊണ്ട് ചെന്നൈയിലും ഹൈദരാബാദിലും മധുരയിലും ഒക്കെയായിരുന്നു കുട്ടിക്കാലം.
മൂന്നാം വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സുനിത തന്റെ പതിനൊന്നാം വയസ്സിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. പത്മശ്രീ. വാഴവൂർ രാമ പിള്ള, അദ്ദേഹത്തിന്റെ മകൻ കലൈമാമണി വാഴവൂർ ആർ. സമാരാജ് എന്നിവരിൽ നിന്നും വാഴവൂർ ശൈലിയിലുള്ള ഭരതനാട്യത്തിലാണ് സുനിത പ്രാവീണ്യം നേടിയത്.
അമിതാബ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, വിനീത് തുടങ്ങിയവരുടെ കൂടെ ലോകമെമ്പാടുമുള്ള നിരവധി സ്റ്റേജ് ഷോകളിൽ സുനിത നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത തമിഴ് സിനിമയായ ‘കൊടൈ മഴയ്’ എന്ന സിനിമയിലൂടെയാണ് സുനിത അഭിനയ ലോകത്ത് എത്തുന്നത്. അതോടെ ‘കൊടൈ മഴയ് വിദ്യ’, വിദ്യാശ്രീ എന്നീ പേരുകളിൽ തമിഴ്നാട്ടിൽ അറിയപ്പെടാൻ തുടങ്ങി.
1987ൽ രാജസേനൻ സംവിധാനം ചെയ്ത ‘കണികാണും നേരം ‘ എന്ന ചിത്രത്തിലൂടെയാണ് സുനിത മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. സാജൻ സംവിധാനം ചെയ്ത ‘നിറഭേദങ്ങൾ’ ആയിരുന്നു രണ്ടാമത്തെ സിനിമ. രണ്ടു ചിത്രങ്ങളിലും ഇന്ദു എന്ന പേരായിരുന്നു അവരുടെ കഥാപാത്രങ്ങൾക്ക്.
തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചുവെങ്കിലും മലയാളം സിനിമകളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായത്. 80കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമയുടെ മുഖചിത്രം ആയിരുന്നു സുനിത. വ്യത്യസ്ത വേഷങ്ങളിൽ മികച്ച കഥാപാത്രങ്ങൾ! കൈ നിറയെ സിനിമകൾ!
1989ൽ പുറത്തിറങ്ങിയ ഐ. വി.ശശി ചിത്രമായ ‘മൃഗയ’ ആയിരുന്നു സുനിതയുടെ ഭാഗ്യ സിനിമ. പ്രണയവും കുസൃതിയും ക്രോധവും പകയും നിസ്സഹായതയും അനായാസമായി അഭിനയിച്ച് മൃഗയയിലെ ഭാഗ്യലക്ഷ്മിയായി സുനിത തകർത്തു.
മലയാളം വശമില്ലാതിരുന്ന സുനിതയെ ഐ. വി.ശശിയാണ് മലയാളത്തിൽ സ്വന്തം പേര് എഴുതാൻ പഠിപ്പിച്ചത്.
അപ്പുവിലും ഗജകേസരി യോഗത്തിലും മികച്ച അഭിനയം കാഴ്ചവച്ച സുനിതയ്ക്ക് തുടർന്നുള്ള വർഷങ്ങളിൽ ലഭിച്ചത് ഒരുപാട് നല്ല സിനിമകൾ ആയിരുന്നു. ഉർവശിയും ശോഭനയും ഗീതയും അരങ്ങ് തകർത്തു കൊണ്ടിരിക്കുന്ന സമയത്താണ് സുനിത ലീഡ് ചെയ്യുന്നത്.
എന്നാൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്കൊപ്പം സുനിതയ്ക്ക് അത്ര തിളങ്ങാനായില്ല. അങ്ങനെ രണ്ടാം നിര നായകന്മാരായ ജയറാം, മുകേഷ്, സിദ്ദീഖ്, ജഗദീഷ് എന്നിവരുടെ സ്ഥിരം നായികയായി മാറി.
ജോർജുകുട്ടി c/o ജോർജ് കുട്ടിയിലെ ആലീസ്, മുഖചിത്രത്തിലെ സുനന്ദ ടീച്ചർ, സമൂഹത്തിലെ അടിപൊളി പെണ്ണായ രാധിക, സൗഭാഗ്യത്തിലെ കുടുംബിനി ഇന്ദു, വാത്സല്യത്തിലെ അനിയത്തി പെണ്ണ്, സ്നേഹസാഗരത്തിലെ തമിഴത്തി പെണ്ണ് കാവേരി, നന്ദിനി ഓപ്പോളിലെ കുശുമ്പുകാരി മായ തുടങ്ങിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, സുനിത മലയാള സിനിമയിലും പ്രേക്ഷക മനസ്സുകളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. ‘മിമിക്സ് പരേഡ്’ എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗമായ ‘കാസർഗോഡ് കാദർഭായ്’ ലും സുനിതയുടെ സന്ധ്യാചാര്യ എന്ന കഥാപാത്രം ആരാധകർക്കിടയിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. സിനിമാരംഗത്ത് സുചിത്രയും മാതുവും ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്നു. ഇതിൽ മാതുവിനാണ് അസ്ഥിത്വമുള്ള വേഷങ്ങൾ കൂടുതലും ലഭിച്ചത്.
1996 ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘കളിവീട് ‘ ആയിരുന്നു സുനിതയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം. ലൊക്കേഷനുകളിൽ സദാ അച്ഛനമ്മമാരുടെ സംരക്ഷണവലയത്തിൽ കാണപ്പെട്ടിരുന്ന സുനിത ഗോസിപ്പ് കോളങ്ങളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാത്ത ഒരു നായികയായിരുന്നു.
യു.എസ്.ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘നൃത്യഞ്ജലി സ്കൂൾ ഓഫ് ഡാൻസ്’ ന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് സുനിത. കഴിഞ്ഞ 10 വർഷങ്ങളായി ആറു വയസ്സ് മുതൽ 68 വയസ്സുള്ളവരെ വരെ സുനിത നൃത്തം പരിശീലിപ്പിക്കുന്നുണ്ട്.
സുനിതയുടെ സംഗീത അധ്യാപികയ്ക്ക് സുനിതയെ സ്വന്തം മരുമകളാക്കാൻ താൽപ്പര്യം തോന്നി. അങ്ങനെ അവരുടെ മകനെ കൊണ്ട് സുനിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ രാജിന്റെ സഹധർമ്മിണിയായി അമേരിക്കയിലെ സൗത്ത് കരോലിനയിൽ മകൻ ശശാങ്കിനോടൊപ്പം സുനിത കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ.❤️