Tuesday, December 24, 2024
HomeUncategorizedപരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട —പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കണം. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം കൊണ്ട് വ്യവസായമേഖല ശക്തിപ്പെടുത്താനും പരിസ്ഥിതി സൗഹൃദമായി ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയര്‍ ഭൂവസ്ത്ര വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും ജില്ലയിലും സജീവമാണ്. മേഖലയിലുണ്ടായ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇന്ന് ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ്. കയര്‍ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകയാവാനും കയര്‍ ഭൂവസ്ത്ര നിര്‍മാണം സഹായകമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യവസായാടിസ്ഥാനത്തില്‍ കയര്‍ നിര്‍മാണം വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയര്‍-ഭൂവസ്ത്ര ഉത്പന്നങ്ങള്‍ക്ക് അനന്ത വിപണി സാധ്യതകളാണുള്ളതെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. രാജ്യത്തും വിദേശത്തും കയറിനും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വലിയ വിപണനസാദ്ധ്യതയാണുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കയര്‍ വ്യവസായം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിപ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് പുരസ്‌കാരം നല്‍കി. പറക്കോട് ബ്ലോക്കിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത്, കടമ്പനാട് ഗ്രാമപഞ്ചായത്ത്, കോന്നി ബ്ലോക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുളിക്കീഴ് ബ്ലോക്കില്‍ പെരിങ്ങരയും പന്തളം ബ്ലോക്കില്‍ പന്തളം തെക്കേക്കരയും മല്ലപ്പള്ളി ബ്ലോക്കില്‍ കുന്നന്താനവും ഇലന്തൂര്‍ ബ്ലോക്കില്‍ ചെന്നീര്‍ക്കരയും കോയിപ്രം ബ്ലോക്കില്‍ പുറമാറ്റവും റാന്നി ബ്ലോക്കില്‍ റാന്നി ഗ്രാമപഞ്ചായത്തും ഒന്നാമതായി.

ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി ബാബു സെമിനാര്‍ അവതരിപ്പിച്ചു. കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍, കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കയര്‍ പ്രോജക്ട് ഓഫീസര്‍ കൊല്ലം ജി. ഷാജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments